KeralaNews

വയനാട്ടില്‍ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഒരുങ്ങുന്നു

 

കല്‍പ്പറ്റ: വയനാടന്‍ കായിക മേഖലക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പരിഗണനയുടെ മറ്റൊരു സാക്ഷ്യപത്രമാവാന്‍ ഒരുങ്ങുകയാണ് സി കെ ഓംകാരനാഥന്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം. ജില്ലാ സ്‌റ്റേഡിയം, പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയുടെ നവീകരണം എന്നിവയെല്ലാം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നതിന് പിന്നാലെയാണ് കല്‍പ്പറ്റ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ അമ്പിലേരിയില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിനും തുടക്കമായത്.

കഴിഞ്ഞ മാസം കായിക മന്ത്രി ഇ പി ജയരാജന്‍ പ്രവൃത്തി ഉദ്ഘാടനം നടത്തിയതിന് പിന്നാലെ നിര്‍മാണ പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുകയാണ്. താല്‍ക്കാലികമായുള്ള ലേബര്‍ ഷെഡ് നിര്‍മാണം, കെട്ടിട നിര്‍മാണത്തിനുള്ള പൈലിങ്, മണ്ണ് നികത്തല്‍, നീന്തല്‍കുളങ്ങള്‍ക്കായുള്ള മണ്ണെടുക്കല്‍ എന്നിവയെല്ലാം ആരംഭിച്ചു കഴിഞ്ഞു. നാല്‍പ്പതോളം തൊഴിലാളികളാണ് ദിവസവും പണിയെടുക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 2016–17 ലെ ബജറ്റിലാണ് അമ്പിലേരിയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചത്. കിഫ് ബി ഫണ്ടിലാണ് തുക അനുവദിച്ചത്. കല്‍പ്പറ്റ നഗരസഭയുടെ പിന്തുണയോടെ നഗരസഭയുടെ കൈവശമുള്ള അഞ്ച് ഏക്കര്‍ ഭൂമിയിലാണ് നിര്‍മാണം. കായിക യുവജനകാര്യ വകുപ്പ് മുഖേന നിര്‍മിക്കുന്ന സ്‌റ്റേഡിയത്തിന് 36.37 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇന്‍കെല്‍ ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ രണ്ട് നീന്തല്‍കുളത്തിന്റെ നിര്‍മാണത്തിന്റെ പ്രഥമിക പ്രവൃത്തികള്‍, വിവിധകെട്ടിടങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള പൈലിങ് എന്നിവയുടെ പ്രവൃത്തിയാണ് ആദ്യഘട്ടമായി മുന്നോട്ട് പോവുന്നത്. കെട്ടിട നിര്‍മാണത്തിനും നീന്തല്‍ക്കുളം സജ്ജമാക്കുന്നതിനുമുള്ള നിര്‍മാണസാമഗ്രികളും എത്തിച്ചുകഴിഞ്ഞു.

shortlink

Post Your Comments


Back to top button