
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലില്‍. ഗുജറാത്തിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സിലെ 2 റണ്‍സ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കേരളത്തിന്റെ എതിരാളികള്‍. 72 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തുന്നത്.
ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി. സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്‌സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയും (177നോട്ടൗട്ട് ) ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് കേരളത്തിന് കരുത്തായത്.
സ്‌കോറിങ് വേഗംകൂട്ടി കേരളത്തിന്റെ ഒപ്പമെത്താന്‍ പരമാവധി ശ്രമിച്ച ഗുജറാത്തിനെ, ഒടുക്കം രണ്ട് റണ്‍സ് അകലത്തില്‍ കേരളം എറിഞ്ഞിട്ടു. അഞ്ചാംദിനം മൂന്ന് വിക്കറ്റ് കൈയിലിരിക്കേ 29 റണ്‍സ് മതിയായിരുന്നു ഗുജറാത്തിന് ലീഡ് നേടാന്‍. തലേന്നാള്‍ ക്രീസില്‍ നിലയുറപ്പിച്ച ജയ്മീത് പട്ടേലിനെയും സിദ്ദാര്‍ഥ് ദേശായിയെയും പുറത്താക്കി സാര്‍വതെയാണ് അപകടമൊഴിവാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാന്‍ ഇരുടീമുകളും തീരുമാനിക്കുകയായിരുന്നു.
Post Your Comments