Latest NewsElection NewsIndiaElection 2019

നരേന്ദ്ര മോദിയുടെ പേരിലുള്ള വെബ് സിരീസ് നിര്‍ത്തി വെയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള വെബ് സിരീസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന വെബ് സീരിസ് നിര്‍ത്തി വയ്ക്കാണ് കമ്മീഷന്റെ ഉത്തരവ്.ഇറോസ് നൗവില്‍ ആണ് വെബ് സീരിസ് സംപ്രേക്ഷണം ചെയ്തിരുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ സ്വാധീനിക്കുന്ന രീതിയില്‍ ഇലക്ട്രിക്ക് മീഡിയ വഴി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെബ് സീരിസ് സംപ്രേക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.

സംപ്രേഷണം ചെയ്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉമേഷ് ശുക്ലയാണ് പത്തു ഭാഗങ്ങളുള്ള വെബ്ബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനോടകം അഞ്ച് ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.

നരേന്ദ്രമോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള ജീവിതം ചിത്രീകരിക്കുന്നതാണ് പരമ്പര. ഫൈസല്‍ ഖാന്‍, ആഷിഷ് ശര്‍മ, മഹേഷ് ഠാക്കൂര്‍ എന്നിവരാണ് സിനിമയില്‍ പല കാലങ്ങളിലുള്ള മോദിയുടെ വേഷമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button