Election NewsKeralaLatest NewsElection 2019

പരാതി ഒത്തുതീര്‍പ്പാക്കി; ടിക്കാറാം മീണയ്‌ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര

തൃശൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ തുടര്‍നടപടികളെടുക്കാതെ താക്കീതു നല്‍കി ഒത്തുതീര്‍പ്പാക്കിയതിന് മുഖ്യ തിരഞ്ഞെടുപ്പു ഓഫിസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര എംഎല്‍എ ഡിജിപിക്കു പരാതി നല്‍കി. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച കേസില്‍ താക്കീത് മതിയെന്ന തിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാടിനെതിരെയാണു പരാതി.

കൂടാതെ രമ്യ ഹരിദാസിനെ കേരള വര്‍മ കോളജ് അധ്യാപിക ദീപാ നിശാന്ത് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അനില്‍ അക്കര വെസ്റ്റ് പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തു. ജാതീയമായി അധിക്ഷേപിച്ചതിനുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. 2012 നവംബര്‍ 26 സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചിറക്കിയ ഉത്തരവില്‍ ഹരിജന്‍, ദലിത് എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയതിന്റെ പകര്‍പ്പ് എംഎല്‍എ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു ഓഫിസര്‍ക്കു നാളെ കൂടുതല്‍ തെളിവുകളോടെ വേറെ പരാതി നല്‍കുന്നുമുണ്ട്. തിരഞ്ഞെടുപ്പു ഓഫിസര്‍ക്കു അനില്‍ നല്‍കിയ പരാതി തെളിവില്ല എന്നു പറഞ്ഞു നേരത്തെ തിരിച്ചു കൊടുത്തിരുന്നു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കെ പരാതി മടക്കിയ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കണോ എന്നതില്‍ യുഡിഎഫ് നിയമോപദേശം തേടും.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ പരാതി മജിസ്‌ട്രേട്ടിനോ പൊലീസിനോ കൈമാറണമെന്ന നിയമവും സുപ്രീം കോടതി വിധിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പാലിച്ചില്ലെന്ന് അനില്‍ അക്കര ആരോപിച്ചു. പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു ടിക്കാറാം മീണ വിജയരാഘവനെ താക്കീതു ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നു ബോധ്യപ്പെട്ടാല്‍ താക്കീതു നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ടിക്കാറാം മീണയ്ക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ പരാതി പൊലീസിനു കൈമാറാത്ത നടപടി സുപ്രീംകോടതി വിധിക്ക് എതിരാണ്. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലാണെന്നും അനില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button