പാരീസ്: തീപിടിത്തത്തില്‍ തകര്‍ന്ന നോ ത്രദാം പള്ളിയുടെ ഗോപുരം പുനര്‍നിര്‍മിക്കാനുള്ള രൂപരേഖ തയ്യാറാക്കാന്‍ ആഗോളതലത്തില്‍ ആര്‍ക്കിടെക്ടുമാരെ ക്ഷണിക്കാനൊരുങ്ങി ഫ്രാന്‍സ്. ആധുനിക സാങ്കേതികവിദ്യയില്‍ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാനാകുന്ന രൂപരേഖയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു. പള്ളി കൂടുതല്‍ സുന്ദരമായി പുതുക്കിപ്പണിയുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഫ്രാന്‍സിന്റെ പ്രതീകംകൂടിയായ പൂവന്‍കോഴിയുടെ ചെമ്പ് പ്രതിമ ചാരത്തിനിടയില്‍നിന്ന് കണ്ടെത്തി.
850 വര്‍ഷം പഴക്കമുള്ള കത്തീഡ്രലിന്റെ ഗോപുരം തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. 19–ാം നൂറ്റാണ്ടില്‍ പള്ളി പുതുക്കിപ്പണിതപ്പോള്‍ ഫ്രഞ്ച് ആര്‍ക്കിടെക്ട് യൂജീന്‍ യോലെലെ ഡൂക്കാണ് പ്രശസ്തമായ ഗോപുരം സ്ഥാപിച്ചത്.
നോത്രദാമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച ഫ്രാന്‍സിലങ്ങോളമിങ്ങോളമുള്ള പള്ളിമണികള്‍ മുഴങ്ങി. കത്തീഡ്രലിലെ പെയിന്റിങ്ങുകള്‍ വെള്ളിയാഴ്ച നീക്കും.
Post Your Comments