റായ്പൂര്‍•ഛത്തീസ്ഗഡില്‍ ഈ മാസമാദ്യം കൊല്ലപ്പെട്ട ബി.ജെ.പി എം.എല്‍.എ ഭിമ മണ്ഡവിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് നക്സലുകളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാദ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.
പുലര്‍ച്ചെ ദൌലികര്ക ഗ്രാമത്തിലെ വനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡ് നക്സല്‍ വിരുദ്ധ ഓപ്പറേഷന് നടത്തുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് ഡി.ഐ.ജി (ആന്റി നക്സല്‍ ഓപ്പറേഷന്‍സ്) സുന്ദര്‍ രാജ് പി പറഞ്ഞു.
ദൌലികര്കയുടെ സംഘം പട്രോളിംഗ് നടത്തുമ്പോള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവെപ്പുണ്ടാകുകയായിരുന്നു. വെടിവെപ്പിന് ശേഷം നടത്തിയ പരിശോധനയില്‍ രണ്ട് നക്സലുകളുടെ മൃതദേഹവും ഒരു 315 ബോര് ഗണ്ണും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഒരു മാവോയിസ്റ്റ് അംഗത്തെ പിന്നീട് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീസ്, ലിംഗ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എസ്.പി അഭിഷേക് പല്ലവ പറഞ്ഞു. ഏപ്രില്‍ 9 ന് ബി.ജെ.പി എം.എല്‍.എയും നാല് സുരക്ഷാ സൈനികരും കൊല്ലപ്പെട്ട സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments