പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി.
ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുകയോ പ്രൈവറ്റ് ആക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലര്‍ അപ്രത്യക്ഷമായത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ നിര്‍മ്മാതാക്കളിലൊരാളായ സന്ദീപ് സിങ് അറിയിച്ചിരുന്നത്.
വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. മോദിയെക്കുറിച്ചുള്ള ചിത്രം 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. സിനിമ നാല് ബി.ജെ.പി അനുഭാവികളാണ് നിര്‍മിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവായ അമന്‍ പന്‍വാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.
പിഎം നരേന്ദ്രമോദി എന്ന ചിത്രം ഒമുങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments