റാസല്‍ഖൈമ: പ്രളയസമാനമായ മഴ പെയ്ത റാസല്‍ഖൈമയില്‍ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടുന്നു. 15 മണിക്കൂറോളം ജബല്‍ ജയ്‌സില്‍ കുടുങ്ങിക്കിടന്ന 570 പേരെ പോലീസ് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി. ഏകദേശം 300 കാറുകളിലായി സ്ഥലം കാണാന്‍ എത്തിയവരാണ് ശനിയാഴ്ച പെയ്ത മഴയില്‍ വെള്ളം കയറിയപ്പോള്‍ ജബല്‍ ജയസിന് മുകളില്‍ കുടുങ്ങിയത്. ശനിയാഴ്ച മധ്യാഹ്നത്തോടെയാണ് റാസല്‍ഖൈമയുടെ വിവിധ പ്രദേശങ്ങളില്‍ കനത്തമഴ പെയ്യാന്‍ തുടങ്ങിയത്. അവധി ദിവസമായതിനാല്‍ ജബല്‍ ജയ്‌സ് മലനിരകളിലടക്കം എമിറേറ്റില്‍ ഒട്ടേറെ സന്ദര്‍ശകര്‍ എത്തിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായ മഴ അന്തരീക്ഷത്തിന്റെ ഭാവം മാറ്റിക്കളഞ്ഞു.
റോഡുകളില്‍ ആള്‍ പൊക്കത്തില്‍ മഴവെള്ളം നിറഞ്ഞു. വാദികള്‍ നിറഞ്ഞൊഴുകി. മലനിരകളില്‍നിന്ന് മഴവെള്ളം കുത്തിയൊഴുകി. എമിറേറ്റിലെ താഴ്ന്നപ്രദേശങ്ങളിലെയും തീരദേശ മേഖലകളിലെയും വീടുകളും കടകളും തുറന്നു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ വെള്ളം വന്നുനിറഞ്ഞു. എങ്കിലും സദാ ജാഗരൂകരായ റാസല്‍ഖൈമ പോലീസ് വിഭാഗവും ദുരന്തനിവാരണ സേനയും അത്യാഹിത രക്ഷാവിഭാഗവും സമയോചിതമായ ഇടപെടല്‍ നടത്തിയതുമൂലം ആളുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു
മലഞ്ചെരിവുകളില്‍ കുടുങ്ങിയ ആളുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എമിറേറ്റിലെ വിവിധ താഴ്വരകളില്‍ താമസിക്കുന്നവര്‍ക്കും ആവശ്യമായ ഭക്ഷണവും ജലവും വൈദ്യപരിചരണവും നല്‍കിയതായി റാസല്‍ഖൈമ പോലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുവൈമി പറഞ്ഞു. വിവിധ താഴ്വരകളിലേക്ക് നയിക്കുന്ന എല്ലാ റോഡുകളും ജബല്‍ ജയ്‌സ്, വാദിഷാം, വാദി ഘലീല, വാദി അല്‍ ബീഹ് എന്നീ റോഡുകളിലും ഗതാഗതം നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എമിറേറ്റിലെ എല്ലാ റോഡുകളിലും ഹൈവേകളിലും 77 ട്രാഫിക് സുരക്ഷാ പട്രോള്‍ വിന്യസിച്ചിട്ടുണ്ട്. റോഡുകളില്‍ വേഗപരിധി കുറയ്ക്കാനും ഉയര്‍ന്ന പ്രദേശങ്ങളും താഴ്വരകളും യാത്രകളില്‍നിന്ന് ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി 999, 901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
റാസല്‍ഖൈമയിലെ പ്രാദേശിക എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് മാനേജമെന്റ് ടീമിന് കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള വലിയ തിരമാലകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില താഴ്വരകളിലെ റോഡുകള്‍ അപകടകരമാണെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കി. നാശനഷ്ടങ്ങള്‍ നേരിടാന്‍ നാഷണല്‍ എമര്‍ജന്‍സിസ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്് അതോറിറ്റി (എന്‍.സി.ഇ.എ.) ജാഗ്രത പാലിക്കുന്നുണ്ട്.
Post Your Comments