പാരീസ്: ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വന്‍തീപിടിത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി പാരീസ് പൊലീസ് അറിയിച്ചു.
അമൂല്യമായ കലാശേഖരങ്ങള്‍ ഉള്ള നോത്രദാം പള്ളിയില്‍ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ചു. കത്തിയ മേല്‍ക്കൂര തകര്‍ന്നുവീണു.
കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ഫ്രഞ്ച്ഗോഥിക് നിര്‍മ്മാണശൈലിയുിലുള്ള ഈ കത്തീഡ്രല്‍ പാരീസിന്റെ അടയാളമായി കരുതുന്നു. വര്ഷംത്തോറും ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ഇവിടെ എത്തിച്ചേരാറുണ്ട്.
ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളും അമൂല്യമായ പെയിന്റിങ്ങുകളും ഇവിടെയുണ്ട്. 1831ല്‍ വിക്ടര്‍ ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന കൃതി പുറത്തു വന്നതോടെ പള്ളി ലോകമെങ്ങും പ്രശസ്തമായി.
Post Your Comments