Latest NewsKeralaCandidates

ആത്മവിശ്വാസത്തോടെ ബാബു ആലത്തൂരിലെത്തുമ്പോള്‍

തികഞ്ഞ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി. ബാബുവിനെ വരവേല്‍ക്കുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കര്‍ഷകനായി ജീവിതം നയിക്കുന്ന ടി.വി. ബാബു സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിവുള്ളവനാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിശ്വസിക്കുന്നു.

മണ്ഡലം രൂപീകരിച്ചതു മുതല്‍ പത്ത് വര്‍ഷമായി അനുഭവിക്കുന്ന വികസന മുരടിപ്പും കാര്‍ഷിക മേഖലയുടെ തളര്‍ച്ചയും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ തങ്ങളുടെ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ പ്രതിനിധിയുണ്ടായാല്‍ അത് മണ്ഡലത്തിന്റെ വികസനത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്.

കേരള പുലയമഹാസഭയുടെ അമരക്കാരനായിരുന്ന അദ്ദേഹം എണ്ണമറ്റ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1990 കാലഘട്ടത്തില്‍ കടങ്ങോട് പട്ടികജാതി പട്ടയഭൂമിക്ക് വേണ്ടി നടത്തിയ സമരം ഐതിഹാസികമാണ്. തൃശൂര്‍ താലൂക്കിലെ ഇഞ്ചമുടി വില്ലേജില്‍ മാട്ടുമ്മലില്‍ കര്‍ഷക തൊഴിലാളികളായ തെക്കുംപാടന്‍ വേലായുധന്റേയും തങ്കമണിയുടേയും മൂത്തമകനായ ടി.വി. ബാബു കെപിഎംഎസ് കുറുമ്പിലാവ് ശാഖ സെക്രട്ടറിയായി പൊതുജീവിതം ആരംഭിച്ചു.

പിന്നീട് കെപിഎംഎസ് തൃശൂര്‍ യൂണിയന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി, ഏഴ് വര്‍ഷം സംസ്ഥാന പ്രസിഡന്റ്, മൂന്ന് വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍, സിപിഐ മാട്ടുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി, എഐടിയുസി ചേര്‍പ്പ് മണ്ഡലം സെക്രട്ടറി, സിപിഐ ചേര്‍പ്പ് മണ്ഡലം മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1995-2005 കാലയളവില്‍ രണ്ട് തവണയായി ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതല്‍ 2008 ഫെബ്രുവരി ആറ് വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. 2011 ല്‍ നാട്ടിക മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 11,144 വോട്ട് ലഭിച്ചപ്പോള്‍ 2016 ല്‍ അത് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 33,650 വോട്ടുകള്‍ നേടാന്‍ ടി.വി. ബാബുവിന് കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button