KeralaLatest News

ജീ സേട്ടന്മാര്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ ചൊരുക്ക് തീര്‍ക്കുകയാണ്- കെഎം ഷാജി

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കും വി.മുരളീധരന്‍ എംപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം.ഷാജി എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയായിരുന്നു കെ.എം.ഷാജിയുടെ വിമര്‍ശനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാര്‍ട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരന്‍ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖം. കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവര്‍ കൊണ്ടു പോകുന്നതിന്റെ പ്രശനമാണത്.നേരത്തെ ഒരു നടന്‍ ഫീല്‍ഡില്‍ നിന്ന് നേരിട്ട് വന്ന് എം പി സ്ഥാനം അടിച്ചോണ്ട് പോയതും, കണ്ണന്താനം നേരെ ഫ്‌ളൈറ്റെടുത്ത് ഐ എസ്സ് സെന്റില്‍ വന്ന് മന്ത്രി സ്ഥാനം തള്ളി കൊണ്ടു പോയതും അവസാനത്തെ എച്ചില്‍ വാരാന്‍ തുഷാര്‍ വെള്ളാപ്പള്ളി മുമ്ബില്‍ നില്‍ക്കുന്നതിന്റെയുമൊക്കെ ചൊരുക്ക് ജീ സേട്ടന്മാര്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ തീര്‍ക്കുകയാണ്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശക്കൂറിന് വിലയിടാന്‍ വരുന്നവരുടെ ജാതകം പരിശോധിക്കുമ്ബോഴാണ് സത്യത്തില്‍ ചിരി വരുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ ദേശീയ സമരങ്ങളെയും ദേശീയ നേതാക്കളെയും പലതവണ ഒറ്റിയ പാരമ്ബര്യമാണ് നിങ്ങള്‍ക്കുള്ളത്. ആറു തവണയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിന് നേരെ 1934 മുതല്‍ വധ ശ്രമം നടന്നത്. എല്ലാം നിങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ. അഹിംസയുടെ മന്ത്രമുയര്‍ത്തിയ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെയെന്ന ഭീകരന്‍ വെടിയുതിര്‍ത്ത വാര്‍ത്തയറിഞ്ഞപ്പോള്‍ കേരളത്തില്‍ പോലും മധുര വിതരണം നടത്തിയാണ് നിങ്ങളുടെ കൂട്ടര്‍ അതാഘോഷിച്ചത് എന്ന് മലയാളത്തിന്റെ മഹാ കവി ഒ. എന്‍. വി പോലും എഴുതിയത് മറക്കേണ്ട.

സ്വാതന്ത്ര്യം നേടിയ ശേഷം ഈ മഹത്തായ രാജ്യത്തിന് ഒരു ഭരണ ഘടന വേണമായിരുന്നു. ആ ചരിത്ര ദൗത്യത്തില്‍ പങ്കു വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് . ഡോക്റ്റര്‍ അംബേദ്കറെ ഭരണഘടനയുടെ നിര്‍മ്മാണ സഭയിലേക്ക് എത്തിച്ചത് മുസ്ലിം ലീഗിന്റെ പരിശ്രമം ഒന്ന് മാത്രമാണ്. പോരാ, ജനാധിപത്യ, മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ ഘടനയുടെ കരട് തയ്യാറാക്കിയപ്പോള്‍ അതിന്റെ താഴെ ഒപ്പ് വെച്ച രണ്ടു പേര്‍ മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു. നിങ്ങളുടെ നേതാക്കളും പ്രസിദ്ധീകരണങ്ങളും ഈ സമയമത്രയും ഇന്ത്യയുടെ ഭരണഘടനയെ പരിഹസിക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാകയെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഈ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നു. പാര്‌ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും പ്രാതിനിധ്യം വഹിച്ചു കൊണ്ട് ജനാധിപത്യത്തെ പരിപോഷിപ്പിച്ചു വരുന്നു. ഈ രാജ്യത്തെ വിവിധ സമുദായങ്ങള്‍ക്കിടയിലെ മത മൈത്രിക്ക് ഭംഗം വരുത്തുന്ന ഒരൊറ്റ പ്രസ്താവന പോലും ലീഗിനെതിരെ നിങ്ങള്‍ക്ക് ചൂണ്ടി കാണിക്കാന്‍ കഴിയില്ല.

മറുവശത്ത് നിങ്ങള്‍ ചെയ്ത് പോരുന്നതോ. ഈ ജനങ്ങളുടെ മത മൈത്രിയെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രസ്താവന പോലും നിങ്ങളുടേതായി ചരിത്രത്തില്‍ എവിടെയും ഇല്ലെന്ന് മാത്രമല്ല, സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന എമ്ബാടും പ്രസ്താവനകള്‍ ദിനേന പുറപ്പെടുവിക്കുന്നു. ഇന്ത്യയില്‍ നടന്ന നൂറു കണക്കിന് കലാപങ്ങളുടെയെല്ലാം ഒരു വശത്ത് നിങ്ങളായിരുന്നു. ആഹാരത്തില്‍ പോലും കയ്യിട്ട് വാരി മനുഷ്യനെ കൊല്ലുന്നു. ഇന്ത്യയുടെ ഭരണഘടന എന്താണോ പറയുന്നത്, അതിന്റെയൊക്കെ മറുവശത്ത് നിങ്ങളെ കാണാം.

എന്നിട്ട്, ഈ ചോരച്ചാലുകളുടെ മുഴുവന്‍ പാപക്കറയില്‍ ചവിട്ടി നിന്ന് കൊണ്ട് ഈ രാജ്യത്തിന്റെ അന്തസത്ത കാത്ത് സൂക്ഷിച്ച്‌ പോരുന്ന മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിക്കെതിരെ വര്‍ഗ്ഗീയത ആരോപിക്കുമ്ബോള്‍ മുഴുവന്‍ വിരലുകളും നിങ്ങളുടെ നേരെയാണ് എന്നോര്‍ക്കുക. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ഇത് ചോദിക്കുവാനുള്ള എന്ത് ധാര്‍മ്മികതയാണുള്ളത്. നൂറു കോടി ഇന്ത്യക്കാരെ പ്രതിനിധികരിച്ചു കൊണ്ട് ഐക്യ രാഷ്ട്ര സഭയിലും വിദേശ രാജ്യങ്ങളിലും ഈ രാജ്യത്തിന്റെ ശബ്ദം മുഴക്കാന്‍ നിയുക്തനായ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് സാഹിബ് നിങ്ങളുടെ കാലത്ത് പോലും ആ ദൗത്യം നിറവേറ്റി പോന്നിട്ടുണ്ട്. ആ ചരിത്രമൊക്കെ ഓര്‍മ്മപ്പെടുത്തി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യവും മുസ്ലിം ലീഗിനില്ല. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ കക്ഷിയുടെ വിമര്‍ശനമേറ്റു വാങ്ങുകയെന്നാല്‍ അതില്‍ പരം ബഹുമതി ലീഗെന്ന പാര്‍ട്ടിക്ക് വേറെയെന്ത് ലഭിക്കാനാണ്.

കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തില്‍ മൃദുവായി പറഞ്ഞിരുന്ന വര്‍ഗ്ഗീയത രൂക്ഷമാക്കിയത് കൊടും വിഷം ചീറ്റുന്ന ഉത്തരേന്ത്യന്‍ നേതാക്കളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ്. അങ്ങനെങ്കിലും ഭാവിയില്‍ എന്നെങ്കിലും വല്ലതും തടയുമെന്ന ചിന്തയാണ്. ഇക്കാലമത്രയും വെയില്‍ കൊണ്ടിട്ട്, ബൈപ്പാസ് ചെയ്ത് കേറുന്നവരെ പോലെ സീറ്റ് കിട്ടുന്നില്ല എന്നത് ചില്ലറ കാര്യമല്ലല്ലോ. വാളയാര്‍ ചെക്ക് പോസ്റ്റിന് അപ്പുറത്ത് ലീഗിന്റെ സഖ്യത്തില്‍ വോട്ട് ചോദിക്കുന്ന ബൃന്ദ കാരാട്ടിനോടും എസ് ആര്‍ പി പിള്ള തിരുമേനിയോടും കൂടിയാണ് ഈ പറയുന്നത്.

https://www.facebook.com/kms.shaji/posts/1671798706298723

shortlink

Related Articles

Post Your Comments

Related Articles


Back to top button