ബംഗളൂരു•ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറക്കുന്നതിന് ഏപ്രില്‍ 16 ചൊവ്വാഴ്ച മുതല്‍ ചെലവേറും. യൂസര്‍ ഡെവലപ്മെന്റ് ഫീ 120 ശതമാനത്തിലേറെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നാല് മാസത്തേക്കാണ് വര്‍ധന.
ന്യൂഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബംഗളൂരു വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന് വേണ്ടിയാണ് യൂസര്‍ ഫീ വര്‍ധിപ്പിച്ചിരിക്കുന്നത്.
ആഭ്യന്തര യാത്രകള്‍ക്കുള്ള യൂസര്‍ ഫീ 139 രൂപയില്‍ നിന്നും 306 രൂപയായും, അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള യൂസര്‍ ഫീ 558 രൂപയില്‍ നിന്ന് 1,226 രൂപയായുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ആഗസ്റ്റ് 16 വരെയുള്ള ടിക്കറ്റുകള്‍ക്കാകും പുതിയ യൂസര്‍ ഫീ ബാധകമാകുക. അതിന് ശേഷം പഴയ യൂസര്‍ ഫീയിലെക്ക് തിരിച്ചുവരും.
ആഭ്യന്തര യാത്രകള്‍ക്ക് യൂസര്‍ ഫീയില്‍ 120 ശതമാനത്തിന്റെയും അന്താരാഷ്ട്ര യാത്രാ യൂസര്‍ ഫീയില്‍ 119 ശതമാനത്തിന്റെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പുതിയ ടെര്‍മിനല്‍, രണ്ടാം റണ്‍വേ, അക്സസ് റോഡുകള്‍, മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ് എന്നിങ്ങനെ 13,000 കോടിയുടെ പദ്ധതികളാണ് രണ്ടാംഘട്ട വികസന പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു. 2021 മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
2008 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കെമ്പെഗൌഡെ അന്താരാഷ്ട്ര വിമാനത്താവളം 90 കളില്‍ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ശേഷം രാജ്യത്ത് നിര്‍മ്മിക്കുന്ന രണ്ടമത്തെ പി.പി.പി മോഡല്‍ വിമാനത്താവളമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26.91 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്ത കെമ്പെഗൌഡെ വിമാനത്താവളം ലോകത്തില്‍ അതിവേഗം വളരുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ്.
വിമാനത്താവളത്തിന്റെ ഓഹരിയുടെ 54% കനേഡിയന്‍ എന്‍.ആര്.ഐയായ പ്രേം വാസ്തയുടെ ഫയര്‍ഫാക്സ് എന്ന കമ്പനിയും 20% ശതമാനം സീമന്‍സ് പ്രോജക്റ്റ് വെഞ്ച്വേഴ്സും കൈവശം വച്ചിരിക്കുന്നു. ശേഷിക്കുന്ന 26% ഓഹരിയില്‍ 13% കര്‍ണാകട സര്‍ക്കാരിന്റെ പക്കലും 13% എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശവുമാണ്.
Post Your Comments