എടുത്തു പറയത്തക്ക തെരഞ്ഞെടുപ്പ് ചരിത്രമൊന്നുമില്ല ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്. 2009 ലും 2014 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇടത്തുപക്ഷത്തിനു തന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. പി കെ ബിജുവിലൂടെയാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയം നേടിയത്. 2009 -ല്‍ നടന്ന ഇലക്ഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ 201960 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ ബിജു പരാജയപ്പെടുത്തിയത്. എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന പി കെ ബിജുവിന് മണ്ഡലത്തിലുള്ള സ്വാധീനം ചെറുതല്ല. അതുകൊണ്ടുതന്നെ ജനപ്രതിനിധിയായി പത്തു വര്‍ഷം പിന്നിടുമ്പോഴും ആലത്തൂരില്‍ മറിച്ചൊരു പേര് സിപിഎമ്മിന് ചിന്തിക്കേണ്ടിവന്നില്ല. സിറ്റിങ്ങ് എംപി പി.കെ ബിജു തന്നെ സ്ഥാനാര്‍ത്ഥി ആകണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
നേരിട്ട രണ്ടു തിരഞ്ഞെടുപ്പിലും എതിരാളികളെ മികച്ച ഭൂരിപക്ഷത്തിനു തറപറ്റിക്കാനായി എന്നതിന്റെ ചരിത്രമാണ് ബിജുവിന്റെയും പാര്‍ട്ടിയുടെയും ആത്മവിശ്വാസത്തിന് പിന്നില്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ തുടങ്ങി നിളാ നദിയുടെ കരയോട് ചേര്‍ന്ന് കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളില്‍ കാര്യക്ഷമായി ഇടപെടാന്‍ ആയെന്ന വിലയിരുത്തല്‍ തന്നെയായിരുന്നു പാര്‍ട്ടി ബിജുവിനെ മുന്നാം അങ്കത്തിന് നിയോഗിച്ചതും. കുടിവെള്ള പ്രശ്നം, മണ്ഡലത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ പുരോഗതിയായിരിക്കും ബിജു ഇത്തവണ മണ്ഡലത്തില്‍ ഉയര്‍ത്തിക്കാട്ടുക.
അതിനിടെ, ജനകീയ പ്രശ്നങ്ങളില്‍ പി കെ ബിജുവിന്റെ പ്രവര്‍ത്തനം അത്ര മികച്ചതല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മണ്ഡലത്തിലുള്ളവര്‍ക്ക് ജനപ്രതിനിധിയെ കിട്ടുന്നില്ലെന്നായിരുന്നു ഇതിലെ പ്രധാന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ സാഹചര്യം മുന്‍നിര്‍ത്തി ഇത്തവണ ചേലക്കര മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്റെ പേരും ഒരുഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേട്ടിരുന്നു. ഈ നിര്‍ദേശം മറികടന്നാണ് പാര്‍ട്ടി ഇത്തവണയും മണ്ഡലം ഡോ. പി കെ ബിജുവിനെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്.
അനായാസമായാണ് കന്നിയങ്കത്തിലും രണ്ടാം തവണയും പി കെ ബിജു ജയിച്ചുകയറിയത്. 2014ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇത്തവണ യുഡിഎഫിലെ കെ എ ഷീബയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 37,312 വോട്ടുകള്‍ക്കായിരുന്നു ബിജുവിന്റെ ജയം. എന്നാല്‍ ആലത്തുര്‍ മറ്റൊരു രീതിയില്‍ കൂടി 2014ല്‍ ശ്രദ്ധ നേടി. സംസ്ഥാനത്ത് ഏറ്റവും അധികം നോട്ട പോള്‍ ചെയ്ത മണ്ഡലമായിരുന്നു അത്തവണ ആലത്തൂര്‍. പി കെ ബിജു 4,11,808, കെ എ ഷീബ- 3,74,496, ബിജെപി സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാട് 87,803 വോട്ടുകളും നേടിയപ്പോള്‍ നോട്ട 21,417 വോട്ടുകള്‍ നേടി നാലാമതെത്തിയതും പി.കെ ബിജുവിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തി.
ഇതിനിടെ, പട്ടികജാതി സംവരണ സീറ്റായ ആലത്തൂരില്‍ മല്‍സരിക്കാന്‍ പി കെ ബിജു അര്‍ഹനല്ലെന്ന ആരോപണവും കാലങ്ങളായി ഉയര്‍ന്നു വന്നിരുന്നു. 2009 മുതല്‍ ഇത്തവണയും കോണ്‍ഗ്രസ് ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. പട്ടികജാതി വിഭാഗത്തിനുള്ള ആനൂകൂല്യങ്ങള്‍ക്ക് ബിജു അര്‍ഹനല്ലെന്ന് ആരോപിച്ച് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി വിജയന്‍ കോട്ടയം ആര്‍ഡിഓയ്ക്കും വൈക്കം തഹസീല്‍ദാര്‍ക്കും പരാതി നല്‍കിയതാണ് ഇതിലെ പുതിയ സംഭവം. ബിജു ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തയാളാണെന്നും മതപരിവര്‍ത്തനം നടത്താന്‍ സാധിക്കുമെങ്കിലും പട്ടികജാതി വിഭാഗത്തിനുള്ള ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്നാണ് ആരോപണം. ബിജു ക്രിസ്തുമതത്തിലെ ചേരമന്‍ വിഭാഗത്തില്‍ പെട്ട ആളായിരുന്നു. എന്നാല്‍ അദ്ദേഹം തിരുവനന്തപുരത്ത് ആര്യസമാജത്തില്‍ പോയി ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. മതം മാറാം, പക്ഷേ ജാതി മാറാന്‍ ആകില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ തെരഞ്ഞെടുപ്പ് പരാതിയായി കണക്കാക്കാനാകില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ ഹൈക്കോടതി ഈ പരാതി തള്ളുകയും ചെയ്തിരുന്നു.
AICTE അധികാരികള്‍ നടത്തുന്ന അഴിമതികള്‍, കോളേജുകളുടെ യു ജി സി അംഗീകാരം തുടങ്ങിയ വിദ്യാഭ്യാസ മേഖല, കാര്‍ഷിക മേഖല, ആരോഗ്യ മേഖല, ഗ്രാമ വികസനം, പ്രവാസികളുടെ വോട്ടവകാശം തുടങ്ങി 436 ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇതിന് പുറമെ മാനവ വികസനശേഷി സമിതി സ്ഥിരാംഗം, ഇന്‍ഫര്‍മേഷഷന്‍ & ടെക്‌നോളജി ഉപദേശകസമിതി അംഗം, പാര്‍മെന്ററി യുവജന ഫോറം അഡീഷണല്‍ പ്രതിനിധി, വാട്ടര്‍ കണ്‍സര്‍വേഷന്‍ & മാനേജ്‌മെന്റ് പാര്‍ലമെന്റ് ഫോറം അംഗം, പെട്രോളിയം പ്രകൃതിവാതകം സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ പാര്‍ലമെന്റ് സമിതികളിലും അദ്ദേഹം അംഗമായിരുന്നു.
കോട്ടയത്തെ സാധാരണ കാര്‍ഷിക കുടുംബാഗമാണ് പികെ ബിജു. മാഞ്ഞൂര്‍ സൗത്ത് പറയന്‍ പറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1974 ഏപ്രില്‍ 3-നായിരുന്നു പി.കെ ബിജുവിന്റെ ജനനം. മാഞ്ഞൂര്‍ ശ്രീ നാരായണവിലാസം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പി.കെ.വി.എം.എന്‍.എസ്.എസ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, മാന്നാനം കെ.ഇ.കോളേജില്‍ നിന്നും പ്രീഡിഗ്രിയും രസതന്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. പിന്നീട്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.
രസതന്ത്രത്തില്‍ ഗവേഷണ ബിരുദവും പി കെ ബിജുവിനുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2000-ലാണ് അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. ഇതിന് ശേഷം ഡോ. എം.ആര്‍ ഗോപിനാഥന്‍ നായരുടെ കീഴില്‍ പോളിമര്‍ കെമിസ്ട്രിയില്‍ സ്വാഭാവിക റബ്ബറിന്റെയും പോളിവിനൈല്‍ ക്ലോറൈഡിന്റെയും സംയുക്തങ്ങള്‍ രൂപീകൃതമാകുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം. ഇതിനിടെ സംഘടനാ പ്രവര്‍ത്തനവും ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകളും ഗവേഷണം നീളാന്‍ ഇടയാക്കി. 17 വര്‍ഷത്തോളമാണ് ഗവേഷണം നീണ്ടത്. 2015-ലാണ് തിസീസ് സമര്‍പ്പിച്ചത്. ഇക്കാലത്തിനിടെ, അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളില്‍ നാല് പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments