ദുബായ്: ദുബായില്‍ ഇനിമുതല്‍ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിക്കുന്നത് റോബോട്ടുകള്‍. റോബോട്ടുകള്‍ ഉപയോഗിച്ച് വണ്ടികളുടെ നമ്പര്‍പ്ലേറ്റ് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം ദുബായില്‍ തുടങ്ങി. ഒരു ദിവസം 33,000 നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിക്കുന്ന ഫാക്ടറി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് മാതര്‍ അല്‍ തായര്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിച്ച് മനുഷ്യ ഇടപെടലുകള്‍ ഇല്ലാതെയാണ് ഇവിടെ നമ്പര്‍പ്ലേറ്റുകള്‍ പ്രിന്റ് ചെയ്തെടുക്കുന്നത്.
ദേരയിലെ സേവനകേന്ദ്രത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പഴയരീതിയില്‍ ഒരു ദിവസം നിര്‍മിച്ചിരുന്നത് 3000 പ്ലേറ്റുകളാണ്. ഇത് പത്തിരട്ടി കൂടിയെന്നത് മാത്രമല്ല ഒരു ചെറിയ പിശക് പോലുമുണ്ടാകാത്തത്ര സാങ്കേതികമികവോടെയാണ് പ്ലേറ്റുകള്‍ ഇവിടെ നിര്‍മിക്കുന്നതും. ഓരോ 15 സെക്കന്‍ഡിലും ഒരു പ്ലേറ്റ് വീതം ഇവിടെ നിര്‍മിക്കും. മാത്രമല്ല ഒരേസമയം ആറ് തരം പ്ലേറ്റുകള്‍ പ്രിന്റ് ചെയ്യാനുള്ള സംവിധാനവും ഇതോടൊപ്പമുണ്ട്. ജര്‍മന്‍ കമ്പനി ടോണ്ജെസ് മിഡില്‍ ഈസ്റ്റ് ആണ് ഇതിനുവേണ്ട ഡിസൈനും സാങ്കേതികതയും ഒരുക്കിയത്. പുതിയ ഫാക്ടറിയില്‍ ഇ-ലൈസന്‍സിങ് സംവിധാനം വഴി റോബോട്ടുകള്‍ പ്രിന്റിങ് ഓര്‍ഡര്‍ സ്വീകരിക്കും, അതിന് ശേഷം മനുഷ്യസഹായമില്ലാതെ ത്തന്നെ പ്ലേറ്റ് പ്രിന്റ് ചെയ്യുകയും ചെയ്യും. പ്ലേറ്റിലുള്ള ക്യു.ആര്. കോഡില്‍നിന്ന് പ്ലേറ്റിന്റെ കാലാവധി ട്രാക്ക് ചെയ്യാനും സാധിക്കും.
Post Your Comments