KeralaLatest News

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ നിര്‍ദ്ദേശം വളഞ്ഞവഴിയിലൂടെ പത്മനാഭസ്വാമി ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കമെന്ന് കുമ്മനം

തിരുവനന്തപുരം•പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതിയെ നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ നിര്‍ദ്ദേശം വളഞ്ഞവഴിയിലൂടെ ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഞ്ച് അംഗങ്ങളും എക്‌സിക്യുട്ടീവ് ഓഫീസറും ഉള്‍പ്പെടെ ആറ് പേരെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മന്ത്രിസഭയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

രാജകുടുംബാംഗം, തന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങള്‍. എട്ട് അംഗങ്ങളില്‍ ആറ് പേര്‍ സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും താത്പര്യം സംരക്ഷിക്കുന്നവര്‍ ആയിരിക്കുമെന്നത് ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യമെന്ന് മറയില്ലാതെ വ്യക്തമാക്കുന്നതാണ്. സമീപകാലത്ത് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലുണ്ടായ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിന്റെയും വിശ്വാസവിരുദ്ധ നടപടികളുടെയും പശ്ചാത്തലത്തില്‍ ആശങ്കടുത്തുന്നതാണ് ഈ നീക്കം. ക്ഷേത്രഭരണം സര്‍ക്കാരില്‍നിന്നും രാഷ്ട്രീയ താത്പര്യങ്ങളില്‍നിന്നും സ്വതന്ത്രമാക്കാന്‍ വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുമ്പോഴാണ് പത്മനാഭ സ്വാമി ക്ഷേത്രത്തെയും തകര്‍ക്കാന്‍ നീക്കം നടക്കുന്നത്.

ഭക്തജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള നീക്കം ഒരുവശത്ത് നടത്തിവരികയുമാണ്. ക്ഷേത്രം ഭരിക്കേണ്ടത് സര്‍ക്കാരുകളല്ലെന്നും വിശ്വാസികളാണെന്നും രണ്ട് ദിവസം മുന്‍പ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വിശ്വാസികള്‍ക്കെതിരായ വെല്ലുവിളി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button