Latest NewsKerala

മൂന്ന് വര്‍ഷം മുന്‍പ് തന്റെ ചേംബറില്‍ നിന്നും ശ്രീധന്യയെ ഇറക്കിവിട്ടു എന്ന വാര്‍ത്ത : മന്ത്രി എം.കെ.ബാലന്റെ പ്രതികരണം പുറത്ത്

തിരുവനന്തപുരം: മൂന്ന് വര്‍ഷം മുന്‍പ് തന്റെ ചേംബറില്‍ നിന്നും ശ്രീധന്യയെ ഇറക്കിവിട്ടു എന്ന വാര്‍ത്തയുടെ ആധികാരികതയെ കുറിച്ച് മന്ത്രി എം.കെ.ബാലന്റെ പ്രതികരണം പുറത്ത് . സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായ ശ്രീധന്യ സുരേഷിനെ മൂന്ന് വര്‍ഷം മുമ്പ് തന്റെ ക്യാബിനില്‍ നിന്നും ഇറക്കിവിട്ടതാണെന്ന ആരോപണം നിഷേധിച്ച് മന്ത്രി എകെ ബാലന്‍. ശ്രീധന്യയെ അഭിനന്ദിച്ച വേളയില്‍ ഉയര്‍ന്നുവന്ന ഈ വ്യാജ പ്രചാരണം മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും മന്ത്രി പറയുന്നു. പട്ടികവര്‍ഗ്ഗ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നില്‍. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണെന്നും മന്ത്രി പറയുന്നു.

മാധ്യമപ്രവര്‍ത്തകയായ കെഎസ് ശരണ്യമോളാണ് ശ്രീധന്യ ഉള്‍പ്പടെയുള്ളവരെ മന്ത്രി എകെ ബാലന്‍ മൂന്നുവര്‍ഷം മുന്‍പ് ഇറക്കിവിട്ടെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഐഎഎസ് നേടിയ ശ്രീധന്യയെ ഞാന്‍ അഭിനന്ദിച്ചതിന്റെ പേരില്‍ നവമാധ്യമങ്ങളില്‍ അടക്കം ചിലര്‍ നടത്തുന്ന പ്രചരണം അത്യന്തം നിരുത്തരവാദപരമാണ്. പട്ടികവര്‍ഗ്ഗ മേഖലയില്‍ ഈ സര്‍ക്കാര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നില്‍. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ്. അത് ഒരു രോഗത്തിന്റെ ലക്ഷണം കൂടിയാണ്. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളില്‍ സത്യത്തിന്റെ ഒരു കണിക പോലും ഇല്ല. അതുകൊണ്ട് തന്നെ വിമര്‍ശനത്തിന് മറുപടി പോലും അര്‍ഹിക്കുന്നില്ല. മൂന്ന് വര്‍ഷം മുന്‍പ് എന്റെ ചേംബറില്‍ നിന്നും ഇറക്കിവിട്ടു എന്ന് പറയുന്ന സംഭവം എന്തേ അന്ന് വാര്‍ത്തയായില്ല.? മൂന്ന് വര്‍ഷം കഴിഞ്ഞാണോ പ്രതികരിക്കുന്നത് – അതും ഒരു സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൂടെ നേട്ടം കൈവരിച്ച കുട്ടിയെ അഭിനന്ദിച്ചതിന്റെ പേരില്‍. ഐഎഎസ് പരിശീലന കേന്ദ്രം അടച്ചുപൂട്ടി എന്ന് പറയുന്നത് പോലും വാസ്തവ വിരുദ്ധമാണ്. ഈ സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ മുന്നൂറ് കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നുമുണ്ട്. ഈ സ്ഥാപനം തുടങ്ങി 28 വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്ക് പോലും ഐഎഎസ് നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെ ലക്ഷ്യം നേടാം എന്ന ആലോചനയില്‍ നിന്നും സ്ഥാപനത്തെ നിലനിര്‍ത്തിക്കൊണ്ട് തന്നെ ചില മാറ്റങ്ങള്‍ വരുത്തുകയാണ് വകുപ്പ് ചെയ്തത്. മുഖ്യധാരാ പരിശീലന കേന്ദ്രങ്ങളില്‍ സൗജന്യമായി പരിശീലനവും അനുബന്ധ സഹായങ്ങളും നല്‍കി കൂടുതല്‍ പേര്‍ക്ക് ഐഎഎസ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. ശ്രീധന്യ 2016-17 വര്‍ഷം നമ്മുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. അടുത്ത വര്‍ഷം മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കി.

ഈ സര്‍ക്കാര്‍ വന്ന ശേഷം വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും നിരവധി നവീന പദ്ധതികള്‍ ഈ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. സ്പെഷ്യല്‍ റിക്രൂട്മെന്റ്, നൈപുണ്യ വികസന പരിശീലനത്തിലൂടെ വിദേശത്തടക്കം തൊഴില്‍ നേടാന്‍ അവസരം, സാമൂഹ്യ പഠനമുറി, ഗോത്രബന്ധു തുടങ്ങിയ പദ്ധതികളിലൂടെ ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. പൊതുവില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയിലെ ഉത്തരവാദപ്പെട്ട സംഘടനകളുമായെല്ലാം സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ അവര്‍ നല്‍കുന്നുമുണ്ട്.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വിമര്‍ശിക്കുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത ഉള്ളവരാണ്. തികഞ്ഞ അവജ്ഞയോടെ ഇത് തള്ളിക്കളയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button