KeralaLatest NewsCandidates

ആത്മവിശ്വാസം തകര്‍ക്കാതെ ചിറ്റയം ഗോപകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മാവേലിക്കരയില്‍

ആലപ്പുഴ: രാഷ്ട്രീയ സാഹചര്യങ്ങളുടെ കണക്കില്‍ യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ പക്ഷപാതപരമായി പെരുമാറിയിട്ടില്ലാത്ത മണ്ഡലമായിരുന്നു 1991 വരെ അടൂര്‍. 2011 ല്‍ അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് ചേക്കേറി. തിരുവഞ്ചൂരിന്റെ പകരക്കാരനായി കോണ്‍ഗ്രസ് അടൂരിലേക്ക് അയച്ചത് മുന്‍ മന്ത്രി കൂടിയായ പന്തളം സുധാകരനെയായിരുന്നു. അടൂരില്‍ നിന്നാണെങ്കില്‍ പന്തളവും നിയമസഭയില്‍ എത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തുടര്‍ച്ചയായി തോല്‍വികള്‍ നേരിടേണ്ടി വന്നെങ്കിലും ഇത്തവണ മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കണമെന്ന വാശിയിലായിരുന്നു മറുവശത്ത് സിപിഐയും. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചയില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വത്തിലുള്ള ആരെയെങ്കിലും കൊണ്ടുവരണമെന്ന തീരുമാനം എത്തിച്ചേര്‍ന്നത് ചിറ്റയം ഗോപകുമാറിലായിരുന്നു. പാര്‍ട്ടി അന്നു തന്നില്‍ അര്‍പ്പിച്ച വിശ്വാസം ചിറ്റയം തകര്‍ത്തില്ല. അതേ ആത്മവിശ്വാസത്തോടെയാണ് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനും ചിറ്റയം ഗോപകുമാര്‍ എത്തുന്നത്. അടൂരെന്ന പോലെ, മവേലിക്കരയും യുഡിഎഫിന്റെ മണ്ഡലമായി നിലനില്‍ക്കുമ്പോഴാണ് ചിറ്റയം മറ്റൊരു പോരാട്ടത്തിന് എത്തുന്നതെന്നതാണ് കൗതുകകരം.

കൊട്ടാരക്കാര സെന്റ്. ഗ്രിഗോറിയസ് കേളേജ് വിദ്യാഭ്യാസ കാലത്ത് എ ഐ എസ് എഫിലൂടെയാണ് ചിറ്റയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. പിന്നീട് എ ഐ എസ് എഫ് സംസ്ഥാന കമ്മറ്റിയംഗം, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നു. കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നിന്നും വരുന്ന ചിറ്റയത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖലയും തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. നിലവില്‍ കശുവണ്ടി തൊഴിലാളി കേന്ദ്ര കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുമാണ്. സംഘടന-തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ചിറ്റയം പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത് 1995 ല്‍ ആണ്. കൊട്ടാരക്കര പഞ്ചായത്ത് ഭരണം ആര്‍ ബാലകൃഷ്ണ പിള്ള എന്ന അതികായന്റെ കൈപ്പിടിയിലായിരുന്നുവെങ്കിലും 95 ല്‍ കഥ മാറി. പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. ചിറ്റയം ഗോപകുമാര്‍ പഞ്ചായത്ത് പ്രസിഡന്റുമായി. ജനങ്ങള്‍ക്കിടിയല്‍ വന്‍ സ്വീകാര്യതയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ഇതിനൊരു തെളിവാണ് സാക്ഷാല്‍ ബാലകൃഷ്ണ പിള്ളയുടെ 2006 ലെ തോല്‍വി. ഇപ്പോഴും ചിറ്റയം എന്ന നേതാവിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ആദ്യം പറയുന്നത് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം എന്നാണ്.

മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല അടൂര്‍. എന്നിട്ടും മാവേലിക്കര പിടിക്കാന്‍ ചിറ്റയത്തെ ഇറക്കുമ്പോള്‍, ചരിത്രത്തില്‍ തന്നെയാണ് സിപിഐയും ഇടതുപക്ഷവും കണ്ണുവച്ചിരിക്കുന്നത്. കൊട്ടാരക്കരയില്‍ നിന്നും വന്ന് അടൂര്‍ എന്ന യുഡിഫ് കോട്ട പിടിക്കാന്‍ കഴിഞ്ഞൊരാള്‍ക്ക് അടൂരില്‍ നിന്നും വന്നു മാവേലിക്കരയും പിടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. സിറ്റിംഗ് എംപിയായ കൊടിക്കുന്നേല്‍ സുരേഷ് തന്നെ വീണ്ടും മത്സരിക്കുമെന്നു കരുതുന്ന മാവേലിക്കരയില്‍ യുഡിഎഫിന് വിജയ പ്രതീക്ഷ തന്നെയാണുള്ളതെങ്കിലും ചിറ്റയത്തിലൂടെ ആ പ്രതീക്ഷ തകര്‍ക്കുമെന്നാണ് ഇടതുപക്ഷവും സിപിഐയും ഉറപ്പിച്ച് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button