തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസുകാരനെ മറക്കാൻ കേരളത്തിനാകില്ല. കുട്ടിയുടെ സ്വന്തം അമ്മയും കണ്ടുനിൽക്കുമ്പോഴാണ് ഈ ക്രൂരകൃത്യം നടന്നതെന്നത് ഞെട്ടിക്കുന്നതായിരുന്നു.ഇതിനിടെ തന്റെ ജീവിതാനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്‌മിത എന്ന യുവതി. തന്റെ കൈയിൽ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് താഴെ വീണതിനെക്കുറിച്ചുള്ള ആ സമയങ്ങളിൽ താൻ അനുഭവിച്ച വേദനയെക്കുറിച്ചും യുവതി പങ്കുവെയ്ക്കുന്നു. തൊടുപുഴയിലെ കുഞ്ഞിനെ ഓർത്ത് നെഞ്ച് പിടയുന്നുവെന്നും ഒരു കുഞ്ഞിക്കാല് കാണാന്‍ വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചും ചികില്‍സിച്ചും കുഞ്ഞിനെ ഓമനിക്കാന്‍ കൊതിക്കുന്ന ഏതെങ്കിലും ദമ്പതികള്‍ക്ക് ഇളയ കുഞ്ഞിനെ കൈമാറണമെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
എന്റെ മോനു അന്ന് ഒന്നര വയസ്സ് ആയി കാണും. രാവിലെ ഓഫീസിലോട്ടു പോകും മുൻപ് പതിവുപോലെ അവനെ കുളിപ്പിച്ചൊരുക്കി ഭക്ഷണവും കൊടുത്തു ഉറക്കി ഇറങ്ങാനായിരുന്നു പ്ലാൻ. ചിരിയും കളിയുമൊക്കെയായി കുളിപ്പിച്ചു ഒരു തോർത്തുമുണ്ടും ചുറ്റിച്ചു അവനെ എടുത്തു ഇറങ്ങിയതും കാൽ വഴുതി ഞാൻ വീണു.. ഒന്ന് താങ്ങിപിടിക്കാനോ തടഞ്ഞു നിർത്താനോ ഒന്നുമില്ലാത്ത വീഴ്ച. കയ്യിലിരുന്ന എന്റെ പൊന്നുമോൻ എന്റെ ഉയരത്തിൽ നിന്ന് തല നിലത്തടിച്ചു മാർബിൾ തറയിൽ വീണു… വലിയ ശബ്ദത്തിൽ.. തോർത്തുമുണ്ട് ചുറ്റിയതുകാരണം കുഞ്ഞിന് കാൽ നിവർത്താൻ പോലുമായില്ല… സാധാരണ കുഞ്ഞുങ്ങൾ വീണാൽ കരയേണ്ടിടത്തു അവൻ ഒരു കുഞ്ഞു ശബ്ദം പോലും ഉണ്ടാക്കാതെ മയങ്ങി വീണു… വിളിച്ചിട്ട് കണ്ണ് പോലും തുറക്കാതെ.. ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലമുറയിട്ടു.. എന്റെ കുഞ്ഞിനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് ഓർത്തു നടുങ്ങി വിറങ്ങലിച്ചു.. കുഞ്ഞിനെ വാരിയെടുത്ത് മാറോടു ചേർത്ത് കുലുക്കി നോക്കി.. അവൻ അനങ്ങുന്നില്ല.. രാവിലെ സൈറ്റ് വിസിറ്റ് കഴിഞ്ഞു കാറുമായി പോർച്ചിലെത്തിയ എന്റെ ഭർത്താവ് നിലവിളികേട്ട് പരിഭ്രാന്തനായി ഓടി വന്നു.. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പരുങ്ങി… ഒരു ജീവനെടുത്തപോലെ ഞാൻ വിങ്ങിപ്പൊട്ടി.. കരയല്ലേ മോളെ അവനൊന്നും പറ്റില്ലെന്നും പറഞ്ഞു അവനെ വാരിയെടുത്ത് അവന്റെ അച്ഛൻ പുറത്തേക്കോടി.. കയ്യിൽ കിട്ടിയ ബാഗുമായി ഞാനും… ഇടയ്ക് കുഞ്ഞു എന്റെ മടിയിൽ കിടന്നു കുഴഞ്ഞു വീണുകൊണ്ടിരുന്നു.. പ്രാണൻ പിടയുന്ന വേദനയിൽ അവന്റെ ശ്വാസോഛ്വാസം ഇടയ്ക്ക് നോക്കി.. എന്റെ പൊന്നുമോനെ അമ്മയെ വിട്ടുപോകല്ലേ എന്ന് കരഞ്ഞു കൊണ്ടേയിരുന്നു.. കാർ ആംബുലൻസ് വേഗത്തിൽ സ്ഥിരമായി കാണിക്കാറുള്ള ചൈൽഡ് സ്പെഷലിസ്റ്റിന്റെ ക്ലിനിക്കിലെത്തി… കരുണ എന്തെന്നറിയാത്ത ആ ഡോക്ടർ മറ്റെവിടെയെങ്കിലും കൊണ്ടുപോ എന്ന് ആംഗ്യം കാണിച്ചു ഞങ്ങളെ തുരത്തി.. ഒന്ന് കുഞ്ഞിനെ തൊട്ടുനോക്കാൻ പോലും ശ്രമിക്കാതെ അയാൾ കൊണ്ടു പോകു എന്ന് ആക്രോശിച്ചു… അപ്പോഴും കുഞ്ഞു എന്റെ കയ്യിൽ വാടിയ പൂപോലെ കുഴഞ്ഞിരുന്നു.. പിന്നെ അടുത്തുള്ള ആശുപത്രിയിലേക്ക്.. അപ്പോഴേക്കും ഭർത്താവും കരഞ്ഞു തുടങ്ങിയിരുന്നു.. ഇല്ല മോളെ നമ്മുടെ മോനു ഒന്നും സംഭവിക്കില്ല നമ്മളാരെയും ദ്രോഹിച്ചിട്ടില്ലല്ലോ.. നന്മകൾ മാത്രമല്ലേ ചെയ്തിട്ടുള്ളു ദൈവം കൈ വിടില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു.. ഞാൻ കാറിൽ വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു.. കുഞ്ഞേ കണ്ണ് തുറക്ക്.. നിനക്കെന്തെങ്കിലും സംഭവിച്ചാൽ അമ്മയും നിനക്കൊപ്പം വരും.. ഞാൻ കാരണം നീ ഇല്ലാതെ ആയാൽ പിന്നെ ഞാനീ ലോകത്തിൽ ജീവിക്കാൻ അർഹയല്ലല്ലോ ഇത്തിരി പൊന്നേ എന്ന് അവനെ നെഞ്ചിൻ ചൂടിൽ ചേർത്ത് നിർത്തി വിതുമ്പി.. ഒടുവിൽ ആശുപത്രിയിൽ എത്തി. എമർജൻസി വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടർ അവനെ കിടത്തി കണ്ണുകൾ വിടർത്തിനോക്കി, ചെവിയിൽ മുറിപ്പാടു നോക്കി തലയിൽ തടവി നോക്കി… എന്നിട്ട് എന്റെ കയ്യിൽ പിടിച്ച് കുലുക്കി പറഞ്ഞു പ്രഥമ ദൃഷ്ട്യാ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല.. സാധാരണ ഗതിയിൽ തലയ്ക്കു പ്രഹരമേൽക്കുമ്പോൾ അതിന്റെ ഷോക്കിൽ ബ്രെയിൻ ഉറങ്ങും.. അതാണ് സംഭവിച്ചത്.. കുഞ്ഞു വേദനയറിഞ്ഞു പ്രതികരിക്കും മുൻപ് അവന്റെ ബ്രെയിൻ ഒന്ന് മയങ്ങി.. നമുക്ക് കുറച്ചു നേരം ഒബ്സർവ് ചെയ്യാം.. ഇങ്ങനെ തളരല്ലേ.. കരഞ്ഞു കണ്ണുകലങ്ങി നിന്ന ഭർത്താവിനെ നോക്കി നിങ്ങളല്ലേ വൈഫിനു ധൈര്യം നൽകേണ്ടത് ഇങ്ങനെ ഫ്രജൈൽ ആയാലെങ്ങനെയാ എന്ന് കടുപ്പിച്ചു പറഞ്ഞു… ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ മോൻ, എന്റെ ജീവൻ, എന്റെ എല്ലാമെല്ലാമായ കുഞ്ഞു കണ്ണ് തുറന്നു… ചിരിച്ചു…
ഞാൻ പുനർജനിച്ചു !!
മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിലൂടെ നമ്മളെല്ലാം കടന്നുപോയിക്കാണും ജീവിതത്തിൽ പക്ഷെ ഒരു ജീവൻ ഇല്ലാതാക്കിയ പോലെ നിങ്ങള്കെന്നെങ്കിലും തോന്നിയിട്ടുണ്ടോ.. ഞാൻ അത് അനുഭവിച്ചവളാണ്…ഇന്ന് ഇതെഴുതുമ്പോളും ഞാൻ കണ്ണീരിൽ കുതിരുകയാണ്..പൈശാചികമായി നിലത്തെറിഞ്ഞു മസ്തിഷ്‌കം നെടുനീളെ തകർന്നു പൊലിഞ്ഞ ആ കുഞ്ഞു ജീവനെയോർത്ത് തകർന്നുപോകുകയാണ്.
ഒരു കുഞ്ഞു പ്രാണനെ ലൈംഗികമായി ചൂഷണം ചെയ്തും എറിഞ്ഞു കൊന്നും വെറിതീർത്ത മഹാപാപികൾ ഒരു തരത്തിലും കാരുണ്യം അർഹിക്കുന്നില്ല… അവർ ജീവിച്ചിരിക്കാൻ യോഗ്യരുമല്ല. ഒരു കുഞ്ഞിക്കാല് കാണാൻ വർഷങ്ങളായി പ്രാർത്ഥിച്ചും ചികിൽസിച്ചും കുഞ്ഞിനെ ഓമനിക്കാൻ കൊതിക്കുന്ന ഏതെങ്കിലും ദമ്പതികൾക്ക് ഇളയ കുഞ്ഞിനെ കൈമാറണം… അവനെങ്കിലും സ്നേഹം അനുഭവിക്കട്ടെ…
Post Your Comments