KeralaLatest News

ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നാള്‍വഴികള്‍; നഷ്ടമാകുന്നത് പാലയുടെ മാണിക്യത്തെ

രാഷ്ട്രീയ ജീവിതത്തിന് തിരശീലയിട്ട് പാലാക്കാരുടെ മാണിക്യം യാത്രയായി. മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ.എം മാണി. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച മാണി കാരുണ്യ ഉള്‍പ്പെടെ നിരവധി ജനകീയ പദ്ധതികളുടെ തുടക്കക്കാരനാണ്. പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു കെ.എം മാണി.

പാലാ നിയമസഭാ മണ്ഡലത്തെ 54 വര്‍ഷം പ്രതിനിധീകരിച്ച എം.എല്‍.എ എന്ന നിലയില്‍ രാഷ്ട്രീയ ചരിത്രത്തില്‍ റെക്കോര്‍ഡിട്ട നേതാവാണ് കെ.എം മാണി. കോണ്‍ഗ്രസിലൂടെയാണ് കരിങ്ങോഴക്കല്‍ മാണി മാണി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതല്‍ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975-ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി. സംസ്ഥാനത്ത് ഏഴുതവണയായി 24 വര്‍ഷം മന്ത്രിയായതുള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് പാലായുടെ സ്വന്തം മാണിസാര്‍.

13 ബജറ്റുകള്‍ എന്ന അടുത്തിടെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡുമിട്ടാണ് കെ.എം മാണി മടങ്ങിയത്. ഓരോ ബജറ്റുകളിലും മാണിയുടേതായ അടയാളം ഉണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി കാര്‍ഷിക പെന്‍ഷന്‍ മാണി പ്രഖ്യാപിച്ചത് ബജറ്റിലൂടെയാണ്. വിധവാ പെന്‍ഷനുള്‍പ്പെടെ ക്ഷേമ പെന്‍ഷനുകളുടെ തുടക്കക്കാരനും മാണി തന്നെ. 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ച കാരുണ്യ ചിക്തിസാ സഹായ പദ്ധതിയാണ് ജനങ്ങളുടെ മനസില്‍ ഏറെ ഇടംപിടിച്ച പദ്ധതി.

ലോട്ടറിയുടെ വരുമാനം മാരക രോഗങ്ങളാല്‍ വലയുന്ന പാവപ്പെട്ടവരുടെ ചിക്തിസക്കായി വഴി മാറ്റിയ പദ്ധതിയിലൂടെ 1,42,000 പേര്‍ക്ക് 1200 കോടി രൂപവിതരണം ചെയ്തു. റബര്‍കൃഷിയെ സ്പര്‍ശിക്കാതെ ഒരു ബജറ്റും മാണി അവതരിപ്പിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടിവരും. ബജറ്റവതരണത്തില്‍ കവിതയും സംസ്‌കൃത ശ്ലോകങ്ങളും ഉള്‍പ്പെടുത്തി ബജറ്റവതരണത്തിന്റെ വിരസത മാറ്റുന്നതിനുള്ള പൊടിക്കൈക്ക് തുടക്കമിട്ടതും മാണി തന്നെ. പ്രഗത്ഭനായ സാമാജികനായിരുന്നു അദ്ദേഹം.

കുടിയേറ്റ കര്‍ഷകരുടെ പട്ടയം മുതല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ചികില്‍സാ പദ്ധതി വരെ അരനൂറ്റാണ്ടിലെ ഭരണ നേട്ടങ്ങളില്‍ ചേര്‍ത്തുവയ്ക്കാന്‍ കെ.എം. മാണിയുടെ പേരില്‍ ഒട്ടേറെ കാര്യങ്ങള്‍ ഇനിയുമുണ്ട്. റബറിന്റെ താങ്ങുവിലയുടെ കാര്യത്തിലായാലും മലയോര കര്‍ഷകരുടെ പട്ടയത്തിന്റെ കാര്യത്തിലായാലും മാണിയുടെ ബജറ്റുകളെല്ലാം കര്‍ഷക ക്ഷേമത്തില്‍ ഊന്നിയുള്ളവയായിരുന്നു. 1980 ല്‍ മികച്ച ബജറ്റ് അവതരിപ്പിച്ചും മാണി ചരിത്രം സൃഷ്ടിച്ചു.

കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം കെ.എം. മാണിയുടെ ദീര്‍ഘകാല ശ്രമത്തിന്റെ പരിസമാപ്തിയാണ്. 1992 മാര്‍ച്ചില്‍ അത് യാഥാര്‍ഥ്യമാക്കി. ഏപ്രില്‍ രണ്ടിനു കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുണ്ടെങ്കില്‍ അന്നു മലയോര കര്‍ഷകര്‍ക്കു പട്ടം നല്‍കിയിരിക്കും എന്ന മാണിയുടെ മാര്‍ച്ചിലെ നിയമസഭയിലെ പ്രഖ്യാപനം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒടുവില്‍, പറഞ്ഞതിനു 12 ദിവസം മുന്‍പ് മാര്‍ച്ച് 20 നു കാല്‍ലക്ഷം ഹെക്ടര്‍ ഭൂമിയിലെയും അര്‍ഹരായ കര്‍ഷകര്‍ക്കു മാണി പട്ടയം വിതരണം നടത്തി എല്ലാവരെയും ഞെട്ടിച്ചു. 1991 ലെ കരുണാകരന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയും റവന്യു മന്ത്രി മാണിയും ഒരു ഡസന്‍ തവണയെങ്കിലം പട്ടയത്തിനു വേണ്ടി ഡല്‍ഹിക്കു പറന്നിരുന്നു.1980 ലെ ബജറ്റിലാണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് ആദ്യമായി ക്ഷേമപെന്‍ഷന്‍ അനുവദിച്ചത്. റബറിന് വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയതും അദ്ദേഹമാണ്. റവന്യു മന്ത്രിയായിരിക്കെ റവന്യു അദാലത്തിന് തുടക്കം കുറിച്ചു. ഒടുവില്‍ പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിരോധവും തകര്‍ത്ത് പുഞ്ചിരിച്ചുകൊണ്ട് മാണി നിയമസഭയ്ക്കുള്ളില്‍ കയറി അവസാന ബജറ്റ് അവതരിപ്പിച്ച രംഗം ഒരിക്കലും മറക്കാനാവില്ല.

ബജറ്റോ നിയമനിര്‍മാണമോ നന്ദിപ്രമേയമോ എന്തുമാകട്ടെ നിയസഭയില്‍ നല്ല ഗൃഹപാഠത്തോടെ വിഷയങ്ങളവതരിപ്പിക്കുന്നതില്‍ മാണി മാതൃകയായിരുന്നു. 117 പേരുടെ പിന്തുണയുമായി ഇം.എം.എസ് സപ്തകക്ഷി മന്ത്രിസഭ രൂപീകരിച്ച 1977 ല്‍ ഭരണപക്ഷത്തെ വിറപ്പിച്ച 14 പേരില്‍ പ്രമുഖന്‍ മാണിയായിരുന്നു. ഭരണഘടനയും നിയമസഭാ ചട്ടങ്ങളും ഇല്ലാതെ മാണി നിയമസഭയില്‍ എത്തിയതായി അറിയില്ലെന്നാണ് നിയമസഭയിലെ ഉദ്യോഗസ്ഥര്‍ ഓര്‍മിക്കുന്നത്. ആധികാരികത ഉറപ്പു വരുത്താതെ ഒരു രേഖയും മാണി സഭയില്‍ അവതരിപ്പിക്കില്ല. നിയമസഭാ ലൈബ്രറി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിരുന്നയാളാണ് മാണിയെന്ന് ലൈബ്രറി ജീവനക്കാരും ഓര്‍ക്കുന്നു. പുതുതലമുറക്ക് മാതൃകയായ നിയമസഭാ സാമാജികനെയാണ് മാണിയുടെ വിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടമായത്. മാണിയെപ്പോലെ കേരള കോണ്‍ഗ്രസിനെ രൂപപ്പെടുത്തിയ, തേച്ചുമിനുക്കിയ, നയിച്ച മറ്റൊരു നേതാവില്ല.

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് 4.57-ന് ആയിരുന്നു അന്ത്യം.എറണാകുളത്ത് മകളുടെ വസതിയില്‍ താമസിച്ചായിരുന്നു ചികിത്സ. ചികിത്സയുടെ ഭാഗമായി ഇടയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. ഞായറാഴ്ചയാണ് ഒടുവില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളായി.

മൃതദേഹം ഇന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് സ്വദേശമായ പാലായിലെത്തിക്കും. വ്യാഴാഴ്ച മൂന്നുമണിക്ക് പാലാ കത്തീഡ്രലില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
ചോര നീരാക്കി മണ്ണില്‍ കനകം വിളയിച്ചവരാണ് പാലാക്കാര്‍. അവിടെ കിളിര്‍ത്ത് കേരള രാഷ്ട്രീയത്തിലേക്ക് വളര്‍ന്ന വന്‍മരമാണ് ഇന്ന് നമ്മോട് വിട പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ മഹാമേരുവിന് കേരളം നിറകണ്ണുകളോടെ ആദരമര്‍പ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button