കാസര്‍കോടിന്റെ രാഷ്ട്രീയ മനസ്സിന് പല നിറങ്ങളാണ്. കല്ല്യാശ്ശേരിയും തൃക്കരിപ്പൂരും പയ്യന്നൂരും ചുവപ്പണിയുമ്പോള്‍, ത്രിവര്‍ണ്ണത്തിനും അടിത്തറയുള്ള ഇടങ്ങളാണ് കാഞ്ഞങ്ങാടും ഉദുമയും. എന്നാല്‍ കാവിയും കടുംപച്ചയും ഇടകലര്‍ന്നാണ് കാസര്‍കോടും വടക്കേ അറ്റത്തെ മഞ്ചാശ്വരവും നിലകൊള്ളുന്നത്. 30 വര്‍ഷമായി ഇടതിന്റെ കോട്ടയാണ് കാസര്‍കോട്. എന്നാല്‍, പെരിയ ഇരട്ടക്കൊലപാതകം ചര്‍ച്ചയാകുന്ന ഇക്കുറി ആ കുത്തക തകര്‍ക്കാമെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കളത്തിലിറക്കുന്നത്. മുന്‍ എംഎല്‍എ കെ.പി. സതീഷ് ചന്ദ്രന്റെ മികച്ച പ്രതിച്ഛായയാണു എല്‍ഡിഎഫ് പ്രതീക്ഷകളുടെ ആണിക്കല്ല്. വൈകാതെ നടക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനു മുന്‍പുള്ള ബലപരീക്ഷണമാണ് എന്‍ഡിഎയ്ക്ക് കാസര്‍കോട്. എങ്കിലും രവീശ തന്ത്രിയെ മുന്‍നിര്‍ത്തി എന്‍ഡിഎ ചോര്‍ത്തുന്ന വോട്ടുകളില്‍ ഇരു മുന്നണികള്‍ക്കും ആശങ്കയുണ്ട്.
രൂപംകൊണ്ട 1957 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ എകെജി ജയിച്ച മണ്ഡലമാണു കാസര്‍കോട്. എന്നാല്‍ 1971ല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇ.കെ. നായനാരെ തോല്‍പ്പിച്ചു. 1977ലും കടന്നപ്പള്ളി. 1980ല്‍ സിപിഎം എം.രാമണ്ണറൈയിലൂടെ സീറ്റ് തിരിച്ചുപിടിച്ചു. ജനസംഘം കൂടി ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുടെ ഒ.രാജഗോപാലിനെയാണു പരാജയപ്പെടുത്തിയത്. 1984ലെ ഇന്ദിര സഹതാപ തരംഗത്തില്‍ സിപിഎമ്മിന്റെ ഇ.ബാലാനന്ദനെ കോണ്‍ഗ്രസിന്റെ ഐ. രാമറൈ അട്ടിമറിച്ചു.തുടര്‍ന്ന് ഇന്നുവരെ സിപിഎമ്മിനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രാമണ്ണറൈ (1989, 91), ടി.ഗോവിന്ദന്‍ (1996, 98, 99), എ.കെ.ജി.യുടെ മരുമകന്‍ കൂടിയായ പി.കരുണാകരന്‍ (2004, 2009, 2014) എന്നിവര്‍ എംപിമാരായി.
സാധാരണക്കാരുടെ കൂടെ നില്‍ക്കുന്ന സ്ഥാനാര്‍ഥിയെന്ന പ്രതിച്ഛായയാണു സിപിഎം സ്ഥാനാര്‍ഥി കെ.പി. സതീഷ് ചന്ദ്രന് ജന സമ്മിതി നേടികൊടുക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകം സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നു കരകയറാനുള്ള പിടിവള്ളി. മൂന്നു തവണ സിപിഎം ജില്ലാ സെക്രട്ടറി, രണ്ടു തവണ തൃക്കരിപ്പൂര്‍ എംഎല്‍എ (1996- 2006), നിലവില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍- സതീഷ്ചന്ദ്രനെ പരിചയപ്പെടുത്തേണ്ടതില്ല.
വടകരയില്‍ പി ജയരാജനെ നേരിടാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തുമെന്ന് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയ ശേഷം പല അവസരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഐ സുബ്ബറേയുടെ പേരിന് ഏറ്റവും പ്രാധാന്യം ലഭിച്ചപ്പോള്‍ പല ഘട്ടത്തിലും ഷാനിമോള്‍ ഉസ്മാന്റെയും ടി സിദ്ധിഖിന്റെയും പേരുകള്‍ കാസര്‍കോട് പരിഗണിക്കപ്പെട്ടു.പെരിയ സംഭവത്തെത്തുടര്‍ന്നു രാഷ്ട്രീയ അന്തീക്ഷത്തിലുണ്ടായ മാറ്റം യുഡിഎഫിന് അനുകൂലമാക്കാന്‍ ഉണ്ണിത്താന് കഴിയുമെന്നു കോണ്‍ഗ്രസ് വിശ്വസിക്കുന്നു. സിപിഎമ്മിനോടു ‘മല്ലിട്ടു’നില്‍ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയായി പ്രവര്‍ത്തകരും കാണുന്നു.
സുബ്ബയ്യ റൈയ്ക്കു പകരം ഉണ്ണിത്താന്‍ എത്തിയതോടെയാണു ബിജെപി രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയത്. തീവ്ര ഹിന്ദുത്വത്തെ മുറുകെപ്പിടിച്ചുള്ള പ്രസംഗങ്ങളിലൂടെ സാന്നിധ്യമറിയിക്കുന്ന അദ്ദേഹം കാസര്‍കോട്ടെയും കര്‍ണാടകയിലെയും ഒട്ടേറെ ക്ഷേത്രങ്ങളില്‍ തന്ത്രിയാണ്. ബിജെപി സംസ്ഥാന സമിതി അംഗവും മഞ്ചേശ്വരം നിയമസഭാ മണ്ഡലം പ്രഭാരിയുമാണ്. 2016ല്‍ കാസര്‍കോട്ടു രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പെരിയ ഇരട്ടക്കൊലപാതകം തന്നെ മുഖ്യവിഷയം. ഒന്നും അറിഞ്ഞിരുന്നില്ലെന്ന സിപിഎം വാദം അടിയുറച്ച പ്രവര്‍ത്തകര്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസം. മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളിലെ കന്നഡ വോട്ടുകളും കണ്ണൂര്‍ ജില്ലയിലെ സിപിഎം വോട്ടുകളുമാണു ഫലം നിര്‍ണയിക്കുന്ന മറ്റു ഘടകങ്ങള്‍. കന്നഡ വോട്ട്ബാങ്കിലെ ബിജെപി സ്വാധീനം കുറയ്ക്കാന്‍ കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കും.
മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളാണ് കാസര്‍കോടും മഞ്ചേശ്വരവും. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി, കാസര്‍കോടിന്റെ തെക്കേയറ്റമായ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളാണ് എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടകള്‍. കാഞ്ഞങ്ങാടും ഉദുമയും ഇടതിനൊപ്പമാണെങ്കിലും യുഡിഎഫും ഇവിടെ വോട്ട് പ്രതീക്ഷിക്കുന്നു.15 വര്‍ഷം എംപിയായിരുന്ന പി.കരുണാകരന്‍ എന്‍ഡോസള്‍ഫാന്‍, റെയില്‍വേ, ആരോഗ്യമേഖല തുടങ്ങിയവയില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ലെന്നു യുഡിഎഫ് ആരോപിക്കുന്നു. മൂന്നു തിരഞ്ഞെടുപ്പിനിടെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് മാറ്റത്തിന്റെ സൂചനയായും കാണുന്നു. 2004ല്‍ ഒരു ലക്ഷത്തിലേറെയായിരുന്നു ഭൂരിപക്ഷമെങ്കില്‍ 2014ല്‍ 6,921 മാത്രം. എന്നാല്‍, 2016ലെ കണക്കെടുത്താല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 72,539.
Post Your Comments