KeralaLatest NewsConstituency

ഇടുക്കിയില്‍ ചരിത്രം കുറിക്കാനൊരുങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം

ഇടുക്കി: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പോരാട്ടംതന്നെയാണ് ഇടുക്കിയില്‍ ഇക്കുറി വീണ്ടും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇക്കുറി ഇടുക്കി ലോക്സഭ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വോട്ടെണ്ണലിനുശേഷം മാത്രമേ അറിയാന്‍ സാധിക്കൂ. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള ഇടുക്കി മണ്ഡലത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ നിലകൊള്ളുന്നത്. അഞ്ചുവര്‍ഷത്തിനിപ്പുറം ഇടുക്കിയില്‍ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളും മാറിക്കഴിഞ്ഞു.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്സഭാമണ്ഡലം. പുതുക്കിയ വോട്ടര്‍ പട്ടിക അനുസരിച്ച് മണ്ഡലത്തില്‍ 11,76,099 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,84,925 പുരുഷ വോട്ടര്‍മാരും 5,91,171 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്റര്‍മാരുമാണുള്ളത്. 2014ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 18680 വോട്ടര്‍മാരുടെ വര്‍ധനയാണുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു. തൊടുപുഴയിലും ഇടുക്കിയിലും മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. എന്നിരുന്നാലും മത്സരം കടുപ്പമാകും എന്നത് ഉറപ്പാണ്.

ലോക്‌സഭയിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസി(എം)ന്റെ തട്ടകമായ ഇടുക്കിയില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ഏറ്റവും ഒടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡീന്‍ കുര്യാക്കോസിന് ഒരവസരം കൂടി നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ഡീന്‍ കുര്യാക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഡീന്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. 2009-2010 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡീന്‍ 2010 മുതല്‍ 13 വരെ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക് സഭാമണ്ഡലം പ്രസിഡന്റ് ആയിരുന്നു. 2013 ജൂണ്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ യുവകേരള യാത്ര നടത്തിയിരുന്നു.

അതിനിടെ കഴിഞ്ഞതവണ തകര്‍പ്പന്‍ വിജയം നേടിയ ഇടതു സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിനെത്തന്നെ വീണ്ടും കളത്തിലിറക്കി എല്‍ഡിഎഫ് പ്രചാരണം തുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോയ്‌സ് ജോര്‍ജിന്റെ പേരു മാത്രമാണ് എല്‍ഡിഎഫില്‍ ഉയര്‍ന്നതും. 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് കസ്തൂരിരംഗന്‍ വിഷയം ആളിക്കത്തിയിരുന്നു. ആ സമയത്ത് കാത്തോലിക്ക സഭ മുന്നോട്ട് വെച്ച സ്ഥാനാര്‍ത്ഥിയാണ് ജോയ്‌സ് ജോര്‍ജ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കളം അറിഞ്ഞ് കളിച്ച് ഇടതുമുന്നണി ഹൈറേഞ്ച് ജോയ്സ് ജോര്‍ജ്ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചു. 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയ്‌സ് ജോര്‍ജ് വിജയിച്ചത്.

കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കന്നി അംങ്കത്തില്‍ തന്നെ ലോക്‌സഭയിലെത്തിയ ജോയ്‌സ് ജോര്‍ജ് എംപി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 278 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ് ഇത്. 508 ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാനായത് നേട്ടം തന്നെയാണ്. ഇതെല്ലാം തന്നെ മികച്ച പ്രകടനത്തിന്റെ അളവുകോലായി കണക്കാക്കാവുന്നവയാണ്. 87 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്. ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലുണ്ട് ജോയ്‌സ് ജോര്‍ജ് എംപി. 19.2 കോടി രൂപയാണ് ജോയ്‌സ് ജോര്‍ജിന്റെ എംപി ഫണ്ടിലേക്ക് ഇതുവരെ അനുവദിച്ചത്. 16.66 കോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുകയും ചെയ്തു. അതായത് അനുവദിച്ച തുകയുടെ 95 ശതമാനവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അതേസമയം കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദമാണ് ജോയ്ജ് ജോര്‍ജിന് തിരിച്ചടിയായേക്കാവുന്ന മറ്റൊരു ഘടകം. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കൊട്ടക്കാമ്പൂരില്‍ 28 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയതായി ആരോപണം ജോയ്‌സ് ജോര്‍ജിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലുകളുണ്ട്.

എസ്എഫ്ഐ സംസ്ഥാനസമിതി മുന്‍ അംഗം ഇടുക്കിയിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ ഇരുമുന്നണികളും കരുതലോടെയാണ് കരുനീക്കം നടത്തുന്നത്. ബിഡിജെഎസിനാണ് ഇടുക്കി സീറ്റെന്ന് ഉറപ്പായെങ്കിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഒടുവില്‍ അത് എസ്എന്‍ഡിപിയുടെ കറയറ്റ നേതാവും തൊടുപുഴയിലെ സാമുദായിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ബിജു കൃഷ്ണനാണെന്ന് ഉറപ്പായതോടെ ഇടുക്കിയില്‍ അങ്കം മുറുകുമെന്നുറപ്പാണ്.

സിപിഎമ്മില്‍ നിന്ന് കെആര്‍ ഗൗരിയമ്മ ഇറങ്ങിയപ്പോള്‍ കൂടെപ്പോന്നതാണ് ബിജു കൃഷ്ണന്‍. ജെഎസ്എസ് രൂപീകരിക്കപ്പെട്ടപ്പോള്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് കരിമണ്ണൂര്‍ ഡിവിഷനില്‍ ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായി ബിജു കൃഷ്ണന്‍ മത്സരിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി കാലിടറി വീണു. സിറ്റിംഗ് സീറ്റില്‍ മത്സരിച്ച സിപിഎമ്മിലെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ വലിയ ഭൂരിപക്ഷത്തിനാണ് ബിജു തോല്‍പ്പിച്ചത്. 95 ല്‍ മുതിര്‍ന്ന സിപിഎം നേതാവ് പിഎം മനുവലിനെയാണ് ബിജു പരാജയപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗമായത്. 2004 മുതല്‍ 2009 വരെ തൊടുപുഴ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു.

ജെഎസ്എസ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായപ്പോഴാണ് ബിജു കൃഷ്ണന്‍ ബിഡിജെഎസിലൈത്തിച്ചത്. തുഷാര്‍ വെള്ളപ്പള്ളിയുമായുള്ള സൗഹൃദവും നേതൃത്വക്ഷമതയും പാര്‍ട്ടിയില്‍ അനിഷേധ്യനാക്കി. അങ്ങനെയാണ് ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരം ബിജു കൃഷ്ണനെ തേടിയെത്തിയത്. അഞ്ച് നിയോജകമണ്ഡലങ്ങളിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തരുറ്റ സാന്നിധ്യമറിയിച്ചത്. എല്‍ഡിഎഫ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പരാജയത്തിന് കാരണമായതും എന്‍ഡിഎ നേടിയ വോട്ടുകള്‍ തന്നെയായിരുന്നു. എന്തായാലും ഇക്കുറി ലോക്സഭാമണ്ഡലത്തിലേക്ക് പ്രബലനായ സ്ഥാനാര്‍ത്ഥിയെ അയച്ച് എന്‍ഡിഎ വോട്ട് ബാങ്ക് ശക്തമാക്കാനൊരുങ്ങുമ്പോള്‍ ഇടുക്കിയില്‍ ജയം ഇടതിനോ വലതിനോ എന്നത് പ്രവചനാതീതം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button