ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നതിന് തടസം നിന്നുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജിപരമേശ്വര എന്നിവരുള്‍പ്പെടെ ഒരു കൂട്ടം കാബിനറ്റ് അംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആദായ നികുതി വകുപ്പ് കത്തയച്ചു.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണാടക മന്ത്രിമാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ആദായ നികുതി വകുപ്പ്,സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടക്കമുള്ള വിഭാഗങ്ങളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാരോപിച്ചായിരുന്നു ധര്‍ണ. ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡുകളില് പ്രതിഷേധിച്ചായിരുന്നു ധര്‍ണ.
എച്ച്ഡി കുമാരസ്വാമി, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ജി.പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ ഡി.കെ ശിവകുമാര്‍, എസ്.ആര് മഹേഷ്, മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി, ദിനേശ് ഗുണ്ടു റാവു തുടങ്ങിയ പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് ഇവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് എത്തിയിരിക്കുന്നത്.
Post Your Comments