KeralaLatest News

സച്ചുമോന്റെ കണ്ണുകള്‍ എന്നേയ്ക്കുമായി അടഞ്ഞു: മരണത്തിന് കീഴടങ്ങിയത് അഞ്ചരവര്‍ഷത്തെ വെന്റിലേറ്റര്‍ ജീവിതത്തിന് ശേഷം

2013 ഡിസംബറിലാണ് ശരീരം മുഴുവന്‍ നീലനിറമായി മാറി തണുത്തുവിളറി വെളുത്ത സച്ചുവിനെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്

തൃശ്ശൂര്‍: അഞ്ചര വര്‍ഷത്തോളം വെന്റിലേറ്ററില്‍ ജീവനു വേണ്ടി പോരാടിയ സച്ചുമോന്‍ എന്നേയ്ക്കുമായി വിടവാങ്ങി. ഇടയ്ക്കിടയ്ക്ക് മാത്രം അനങ്ങാറുള്ള അവന്റെ കുഞ്ഞിക്കണ്ണുകള്‍ ഇനി ചലിക്കില്ല. രണ്ട് വയസ്സുള്ളപ്പോള്‍ മസ്തിഷ്‌കജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖംമൂലം വെന്റിലേറ്റില്‍ പ്രവേശിപ്പിച്ച് അദ്രിദാസ് എന്ന സച്ചു ഏഴാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.

വടക്കാഞ്ചേരി, മുള്ളൂര്‍ക്കര മന്ദലാംകുന്ന് കൊല്ലമാക്കല്‍ ശിവദാസിന്റെയും സവിതയുടെയും മകനായ് അദ്രിദാസ്  ചെവ്വാഴ്ച രാവിലെ പത്തിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ ഇടയ്ക്കിടക്ക് ആ കുഞ്ഞി കണ്ണുകള്‍ ചെറുതായി അനക്കാനും വല്ലപ്പോഴും മൂളാനും മാത്രമേ സച്ചുവിന് കഴിഞ്ഞിരുന്നുള്ളൂ.

2013 ഡിസംബറിലാണ് ശരീരം മുഴുവന്‍ നീലനിറമായി മാറി തണുത്തുവിളറി വെളുത്ത സച്ചുവിനെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോയി. പരിശോധനകള്‍ക്കൊടുവില്‍ തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗകാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായി സച്ചുവിന്റെ ശിഷ്ട ജീവിതം.

പ്രതീക്ഷയുടെ ഒരു നെരിപോട് പോലും ബാക്കിയില്ലാതിരുന്നിട്ടും മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമനും വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരും ഏറ്റവും പരിഗണന നല്‍കിയാണ് അവനെ ശുശ്രൂഷിച്ചിരുന്നത്. ഇതിന് വേണ്ടി അവര്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നപ്പോഴും ഒരദ്ഭുതം പ്രതീക്ഷിച്ച് ഒരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. എന്നാല്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തി അവന്‍ മറ്റൊരു ലോകത്തേയ്ക്ക് പോയി.

അഞ്ചരവര്‍ഷവും തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഐ.സി.യു. പട്ടികയിലെ ആദ്യപേര് അദ്രിദാസ് എന്ന സച്ചുമോന്റേതായിരുന്നു. അവന് കിടക്കുന്നതിനടുത്ത് അവനെ നോക്കി കൊണ്ട് ഇമ ചിമ്മാതെ ഇത്ര വര്‍ഷവും അമ്മ സവിതയും ഉണ്ടായിരുന്നു. അച്ഛന്‍ ശിവദാസന്‍ ഐ.സി.യു.വിന് പുറത്തും.

എന്നും ചന്ദനക്കുറിയും തൊട്ട് തുടുത്തമുഖവുമായി കിടക്കുന്ന അവന്റെ ഉടുപ്പുകള്‍ ഒരിക്കല്‍പോലും മുഷിഞ്ഞുകണ്ടിട്ടില്ലെന്ന് അദ്രിദാസിനെ ചികിത്സിച്ചിരുന്ന ഡോ. അജയ് വര്‍ക്കി പറയുന്നു.

അദ്രിദാസിന്റെ ചേട്ടന്‍ അശ്വിന്‍ദാസ് ഒരിക്കല്‍ ഒരു ചിത്രം വരച്ച് ഐ.സി.യു.വിന് മുന്നില്‍ തൂക്കിയിട്ടു. ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമായിരുന്നു അത്. അനിയനെ നോക്കാന്‍ അമ്മ ആശുപത്രിയില്‍ കഴിയുമ്പോള്‍ അശ്വിനെ നോക്കിയിരുന്നത് അച്ഛനായിരുന്നു.

അദ്രിദാസിന്റെ വിയോഗം അവന്റെ മാതാപിതാക്കള്‍ക്കും ചേട്ടനും വിശ്വിക്കാന്‍ കഴിയാത്തതു പോലെ തന്നെയാണ് മെഡിക്കല്‍ കോളേജിലെ അവനെ അറിയുന്ന ഓരോരുത്തരുടേയും അവസ്ഥ.ഡോക്ടര്‍മാരടക്കം കണ്ണീരോടെയാണ് അദ്രിദാസിന്റെ മൃതദേഹം വിട്ടുനല്‍കുമ്പോളും അവന്റെ നെറ്റിയിലെ ചന്ദനക്കുറി ഒരു തരിപോലും മാഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button