തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന് മരുന്ന് മാറി നല്‍കി. ഇതേ തുടര്‍ന്ന് രോഗിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനിരുന്ന ചാലക്കുടി പേട്ട പേരാട് വീട്ടില്‍ മണി അയ്യപ്പന്റെ മകന്‍ അമല്‍ ( 25) ആണ് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
അമല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.ആശുപത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായത്. ഡോക്ടര്‍ എഴുതി നല്‍കിയ മരുന്നിന് പകരം യാതൊരു ബന്ധവുമില്ലാത്ത മരുന്ന് ഫാര്‍മസിക്കാർ നല്‍കുകയായിരുന്നു. 110 രൂപയാണ് മരുന്നിന് ഈടാക്കിയത്. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീര് വയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.
തുടര്‍ന്ന്, ഫിറ്റ്സിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ അമലിനെ വെന്റിലേറ്ററുള്ള ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. മരുന്ന് മാറി നല്‍കിയതാണെന്ന് വ്യക്തമായതോടെ ഡോക്ടറുടെ കുറിപ്പടി മനസിലായില്ലെന്ന കാരണം കാട്ടി രക്ഷപ്പെടാനുള്ള ശ്രമം മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ നടത്തി എന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ മരുന്നു കട ജീവനക്കാരനെ വാര്‍ഡില്‍ വിളിച്ചുവരുത്തി ശാസിച്ചു. മറ്റ് നടപടികൾ ഉണ്ടാവുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.
Post Your Comments