
ജമ്മു: ആര്‍.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ കശ്മീരിലെ കിഷ്ത്വാറില്‍വച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഗുരുതരമായ പരിക്കേറ്റ ശര്‍മയെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കിഷ്ത്വാറിലെ ഹെല്‍ത്ത് സെന്ററില്‍ വച്ചാണ് ശര്‍മയ്ക്കും സുരക്ഷാ ഗാര്‍ഡിനും നേരെ ഭീകരരര്‍ വെടിവെപ്പ് നടത്തിയത്.
ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ താഴ്‌വരയില്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലസ്ഥലത്തും ക്രമസമാധാനപാലന ചുമതല സൈന്യത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് നേതാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്ന ഭീകരര്‍ അദ്ദേഹം ഹെല്‍ത്ത് സെന്ററില്‍ എത്തിയ സമയത്ത് വെടിവെപ്പ് നടത്തിയെന്നാണ് കരുതുന്നതെന്ന് കിഷ്ത്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജമ്മുവിലും കിഷ്ത്വാറിലുമാണ് ക്രമസമാധാന പാലനത്തിനായി സൈന്യത്തെ നിയോഗിച്ചിട്ടുള്ളത്. കിഷ്ത്വാറിലും ബദര്‍വയിലും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യവും വിച്ഛേദിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് നേതാവിനുനേരെ വെടിവച്ചശേഷം സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ഭീകരര്‍ സ്ഥലത്തുനിന്ന് കടന്നു. ശര്‍മ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
Post Your Comments