ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷം എന്ന ആശയം പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെല്ല. ആർഎസ്എസിന്റെ സർക്കാര്യവാഹ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ ആശയത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്നും ന്യൂനപക്ഷം എന്ന് പറയുമ്പോൾ വേർതിരിവ് തോന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ഏതു മതം പിന്തുടരുന്നവർ ആയാലും ആരെയും ‘ഭൂരിപക്ഷം’ അല്ലെങ്കിൽ ‘ന്യൂനപക്ഷം’ എന്ന കണ്ണാടിയിലൂടെ കാണരുതെന്നായിരുന്നു 1925ൽ ആർഎസ്എസ് ആരംഭിച്ചത് മുതലുള്ള നിലപാട്. ഇന്ത്യയിൽ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പൊതുവെ ന്യൂനപക്ഷമായി കണക്കാക്കുന്നു. ഗുരു ഗോൾവാൾക്കറുടെ കാലം മുതൽ എല്ലാ സർസംഘചാലക്മാരും അവരുമായി സംവാദം നടത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ സമുദായങ്ങളിൽ നിന്നുള്ള പ്രവർത്തകർ ആർഎസ്എസിലുമുണ്ട്. പക്ഷേ അവരെ ഷോ പീസുകളായി പ്രദർശിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മേവത്ത് മേഖലയിൽ ഒരുവിഭാഗം മുസ്ലിങ്ങൾ വിഎച്ച്പി യാത്രയെ ക്രൂരമായി ആക്രമിച്ചു. ഇത് സംഘർഷം വ്യാപിക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും കാരണമായി. ഇത് മാസങ്ങളോളം നീണ്ടു, ഇപ്പോഴും ആ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. മണിപ്പൂരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇത് സമൂഹത്തിൽ മുറിപ്പാടുണ്ടാക്കി. മണിപ്പൂരിലെ ജനസമൂഹത്തിനിടയിൽ ഉണ്ടായിരിക്കുന്ന മാനസികമായ വിഭജനം അപകടകരമാണെന്ന് ദത്താത്രേയ കൂട്ടിച്ചേർത്തു.
Post Your Comments