ചാലക്കുടിയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം ഇന്നസെന്റ് തന്നെയായിരുന്നു. മലയാളിക്കു പുഞ്ചിരിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഈ മുഖം മനസ്സിലിട്ടാണു വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. 2014ല്‍ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഇന്നസെന്റ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ താരത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സാഹചര്യത്തിലാണ് ഇക്കുറിയും ഒരു പരീക്ഷണത്തിന് ഇടതു മുന്നണി തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ കരുത്തനായ പി.സി ചാക്കോയെ പരാജയപ്പെടുത്തിയ ഇന്നസെന്റിനെപ്പോലെ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ വീണ്ടും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് ഈ തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നത്.
ലോക്സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ സിനിമാതാരമായിരുന്നു ഇന്നസെന്റ്. അന്തരിച്ച പ്രമുഖ നടന്‍ മുരളിയെ 1999 തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം ഇറക്കിയെങ്കിലും വി എം സുധീരനോട് തോറ്റിരുന്നു.അതിന് ശേഷം കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി ഇറക്കിയ ഇന്നസെന്റ് വന്‍ വിജയമാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റ് എന്ന നിലയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി സീറ്റ് പിടിച്ചുവാങ്ങിയ പി സി ചാക്കോയെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇന്നസെന്റ് മറികടന്നത്. കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലെത്തി ഇരിങ്ങാലക്കുട നഗരസഭാംഗമായ ശേഷം സിനിമയിലേക്കു പോയ ഇന്നസന്റ് ഇത്തവണ മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ്.
Post Your Comments