തൊടുപുഴ: ഏഴു വയസ്സുകാരനെ തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരിക്കുന്ന അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി. തടവുകാരില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്.നാലുവയസുകാരനായ ഇളയകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി.
ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ. യുവതിയുടെ രഹസ്യമൊഴി ഇതുവരെ കോടതി രേഖപ്പെടുത്തിയിട്ടില്ല. പലപ്പോഴും നഗരത്തിന്റെ പലയിടത്തും വച്ചും ആളുകളുടെ മുൻപില്‍ വച്ചും അരുണ്‍ ആനന്ദ് യുവതിയെയും കുട്ടികളെയും മര്‍ദിച്ചിരുന്നതായി നാട്ടുകാരില്‍നിന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദിച്ചിരുന്ന അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗണ്‍സലിങ്ങില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവദിവസം കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. മുഖത്തും ദേഹമാസകലവും മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് യുവതിയുടെ അമ്മയും പോലീസിനോട് പറഞ്ഞിരുന്നു. യുവതിയെ കൂടുതല്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാനും ആലോചനയുണ്ട്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്റെയും തൊഴിയേറ്റതിന്റെയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
യുവതിയെ വൈദ്യപരിശോധനക്ക വിധേയമാക്കിയപ്പോഴാണ് ക്രൂര മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയത്. വടികൊണ്ട് അടിയേറ്റതിന്റെയും തൊഴി ഏറ്റത്തിന്റെയും പാടുകള്‍ ശരീരത്തിലുണ്ട്. ദീര്‍ഘകാല മര്‍ദനത്തിന്റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. പ്രതിയുടെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ചും അനേ്വഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളില്‍ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതില്‍ ദുരൂഹത ഉള്ളതായി അനേ്വഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും.
Post Your Comments