ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ കടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രമുഖ നേതാക്കള്‍ രംഗത്ത്. ഈ നടപടി ജനങ്ങള്‍ അംഗീകരിക്കരുതെന്നും ഗതാഗതം നിരോധിച്ച ഉത്തരവ് ലംഘിക്കണമെന്നും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഹ്വാനം ചെയ്തു.
നിങ്ങള്‍ യാത്രപോകാന്‍ ആഗ്രഹിക്കുന്ന ഇടത്തേക്ക് യാത്ര ചെയ്യണം. യാത്രാ നിരോധനത്തെ കോടതിയില്‍ എതിര്‍ക്കും. ഇത് കാശ്മീരാണ്, പലസ്തീനല്ല. ഞങ്ങളുടെ പ്രിയ നാടിനെ തുറന്ന ജയിലാക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പിഡിപി നേതാവിന്റെ പ്രതികരണം. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സത്യപാല്‍ നായിക്കിനെതിരെ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോയും മെഹബൂബ ട്വീറ്റില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചു. സജാദ് ലോണും യാത്രാ നിരോധനത്തെ എതിര്‍ത്തു. സര്‍ക്കാര്‍ അടിയന്തരമായി നിരോധനം എടുത്തുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കാശ്മീരിലെ പ്രധാന ദേശീയ പാതയില്‍ പൊതുഗതാഗതം ആഴ്ചയില്‍ രണ്ട് ദിവസം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഞായറാഴ്ചയാണ് നിലവില്‍ വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് പൗരന്മാരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് യാത്രാവിലക്ക്. ബാരാമുല്ലയില്‍ നിന്ന് ഉദ്ധംപൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. മെയ് 31 വരെ യാത്രാവിലക്ക് തുടരും.
Post Your Comments