നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് നെടുമങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ സി. ദിവാകരനെ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് രംഗത്തിറക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിയെ 3,621 വോട്ടിനു തോല്‍പിച്ചാണ് സി. ദിവാകരന്‍ മണ്ഡലം പിടിച്ചത്. മണക്കാട് തോട്ടത്തുള്ള വസതിയായ ‘ദീപം’ പ്രവര്‍ത്തകരെ കൊണ്ട് സജീവം. വിദേശത്തുള്ള മകന്‍ ഡ്യു ദിവാകരന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലെത്തിയിട്ടുണ്ട്. സുഹൃത്തുക്കളോടും പരിചയക്കാരോടും വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് നേതാവ്.
ഇത്തവണ തലസ്ഥാന നഗരത്തിലെ വോട്ടര്‍മാര്‍ മാറിച്ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് ദിവാകരന്‍. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ ഓരോന്നായി സ്ഥാനാര്‍ഥി ചൂണ്ടിക്കാണിക്കുന്നു. ‘പത്തു വര്‍ഷം പദവിയിലുണ്ടായിട്ടും റെയില്‍വേ വികസനത്തിനോ വിമാനത്താവള വികസനത്തിനോ നടപടികള്‍ സ്വീകരിക്കാന്‍ ഇവിടുത്തെ ജനപ്രതിനിധിക്കു സാധിച്ചിട്ടില്ല. ജയിച്ചാല്‍ റെയില്‍വേ വികസനം അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്നു തന്നെയാണ് ഇദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു
കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി മൂന്നാം സ്ഥാനമെന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടിവന്നതില്‍ നിന്നൊരു പരിഹാരവും കുതിപ്പുമാണ് അരയും തലയും മുറുക്കി സി. ദിവാകരനിറങ്ങുമ്പോള്‍ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ദിനങ്ങളില്‍ തന്നെ വിമാനത്താവള സ്വകാര്യവല്‍കരണത്തിനെതിരെയുള്ള ബാനറില്‍ തലസ്ഥാനത്തെ എല്ലാ ലോക്കല്‍ കമ്മിറ്റികളെയും നിരത്തിലിറക്കി ഒരുങ്ങിക്കഴിഞ്ഞുവെന്ന സന്ദേശം സിപിഎം നല്‍കി. കാനം രാജേന്ദ്രനല്ലങ്കില്‍ ദിവാകരന്‍ എന്ന സിപിഎം നിര്‍ദേശമനുസരിച്ചായിരുന്നു നെടുമങ്ങാട് എംഎല്‍എ ആയ അദ്ദേഹത്തിന്റെ വരവും.
തലസ്ഥാനത്തിന്റെ സ്പന്ദനം നന്നായി അറിയാവുന്ന ഇടതു നേതാക്കളിലൊരാളാണു ദിവാകരനെന്നു സിപിഐ നേതൃത്വം വ്യക്തമാക്കുന്നു. ഏറ്റെടുക്കുന്ന ഏതു കാര്യവും നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുന്നയാളാണ് സി.ദിവാകരന്‍. മുഖം നോക്കാതെ സംസാരിക്കുന്ന രീതി കാണുമ്പോള്‍ ആളു പരുക്കനാണെന്നു തോന്നും, എന്നാല്‍ അടുത്താല്‍ സ്നേഹനിധിയായ സുഹൃത്തും സഖാവുമാണ് അദ്ദേഹമെന്ന് അണികളും ഒരേസ്വരത്തില്‍ പറയുന്നു.തരൂരിന്റെയും കുമ്മനത്തിന്റെയും വോട്ടുകള്‍ ചിതറുമ്പോള്‍ ഇടതിന്റെ വോട്ടുകള്‍ ദിവാകരനില്‍ ഭദ്രമായിരിക്കുമെന്ന വിശ്വാസമാണ് എല്‍ഡിഎഫിനെ നയിക്കുന്നത്.
Post Your Comments