തിരുവനന്തപുരം:സ്ഥാനാര്‍ത്ഥി പട്ടികയുടെ വ്യക്തമായ പ്രഖ്യാപനം വന്നതോടെ തലസ്ഥാന നഗരം വെട്ടിപ്പിടിക്കാന്‍ പൂര്‍ണ്ണ സജ്ജരായിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രിയ സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍, ശശി തരൂര്‍, സി. ദിവാകരന്‍, എന്നിവര്‍.1980 തൊട്ടുള്ള 11 തിരഞ്ഞെടുപ്പില്‍ എട്ടിലും തിരുവനന്തപുരം കോണ്‍ഗ്രസിനൊപ്പം നിന്നു. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ തവണ ജയിച്ചിട്ടുള്ളത് കെ. കരുണാകരന്‍ രംഗത്തിറക്കിയ എ. ചാള്‍സ് ആണ്. 1984 മുതല്‍ 1991 വരെ മൂന്നു വട്ടം തുടര്‍ച്ചയായി അദ്ദേഹം തിരുവനന്തപുരത്തിന്റെ എംപിയായി.ഒരിക്കലാണ് സ്വതന്ത്രന് സീറ്റു നേടാനായത്. തിരുവനന്തപുരം മണ്ഡലത്തില്‍ ഏറ്റവും വലിയ മാര്‍ജിനില്‍ ജയിച്ചത് 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എ. നീലലോഹിത ദാസാണ്. അദ്ദേഹത്തിനു ലഭിച്ച ഭൂരിപക്ഷം 1,07,057 വോട്ടുകള്‍. ജില്ലയില്‍ ഇതു റിക്കോര്‍ഡായി. അന്ന്, 1980ല്‍ തോല്‍ക്കേണ്ടി വന്നത് സിപിഐയുടെ എം.എന്‍. ഗോവിന്ദന്‍ നായരും.
3 തവണ ഇടതുപക്ഷത്തെ ജയിപ്പിക്കാനുള്ള മനസ്സു തിരുവനന്തപുരം കാട്ടി. ബിജെപിയെ സംബന്ധിച്ച്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15,470 വോട്ടിനു മാത്രം രണ്ടാം സ്ഥാനത്തായിപ്പോയ മണ്ഡലമായി. നിയമസഭാ മണ്ഡലങ്ങളില്‍ 3 വീതം പങ്കുവച്ച് ഒപ്പത്തിനൊപ്പം ഇടതു, വലതു മുന്നണികള്‍. അവശേഷിക്കുന്ന നേമം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന ഏകയിടവുമായി. ഒടുവില്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് എന്തും സംഭവിക്കാമെന്നേ ഇപ്പോള്‍ വോട്ടര്‍മാര്‍ പറയുന്നുള്ളൂ. കാരണം മൂന്നുകൂട്ടര്‍ക്കും സാധ്യതയും നിരാശയും സമ്മാനിക്കുന്ന ഘടകങ്ങള്‍ തലസ്ഥാനത്തുണ്ട്.
മിസോറം രാജ്ഭവനില്‍ നിന്ന് ഒന്നും സംഭവിക്കാത്ത പതിവു നിസംഗഭാവത്തോടെയാണു വരവെങ്കിലും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തിറങ്ങിയപ്പോള്‍ തന്നെ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിച്ചു. 1987 ല്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും 2016 ല്‍ ബിജെപിയുടെ പടക്കുതിരയായി വട്ടിയൂര്‍ക്കാവിലും മത്സരിച്ചപ്പോള്‍ രണ്ടാമതെത്തിയ കുമ്മനത്തിന് ഇക്കുറി ഒന്നാംസ്ഥാനം തന്നെയാണു പ്രതീക്ഷ. ശബരിമലയ്ക്കു ശേഷമുള്ള സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള രോഷം പ്രകടിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് കുമ്മനത്തെപ്പോലെ അതു സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി വേറെയില്ലെന്നു പാര്‍ട്ടി വിശ്വസിക്കുന്നു. എകെജിയെപ്പോലെ പാര്‍ട്ടികള്‍ക്കപ്പുറമുള്ള സ്വീകാര്യത കൈവരിച്ച നേതാവാണു കുമ്മനമെന്നു ബിജെപി നേതൃത്വം പറയുന്നു.
ഏത് ആള്‍ക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ, ജാതി, മത രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവ്. തിരുവനന്തപുരവുമായി ’87 മുതലുളളതാണ് അദ്ദേഹത്തിന്റെ ബന്ധം ബിജെപിയുടെ സംസ്ഥാനപ്രസിഡന്റ് സ്ഥാനത്ത് നിന്ന് കുമ്മനം മിസോറാം ഗവര്‍ണറായി പോയപ്പോള്‍ തന്നെ തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരിയ നിരാശ ഉണ്ടായി. തുടര്‍ന്ന് തെരഞ്ഞെടുപ്പടുത്തതോടെയാണ് തലസ്ഥാനത്ത് ബിജെപിക്കായി തലയെടുപ്പുള്ള നേതാവിനെ തന്നെവേണമെന്ന ആവശ്യമുയര്‍ന്നത്. ജനസമ്മതിയുള്ള നേതാവ് എന്ന നിലയില്‍ അത് കുമ്മനം തന്നെ ആവണമെന്ന ആവശ്യം അണികളില്‍ നിന്ന് ഓരേ സ്വരത്തില്‍ ഉയര്‍ന്നതോടെ ഗവര്‍ണര്‍സ്ഥാനം രാജിവെച്ച് പരിപൂര്‍ണ്ണ ശക്തനായി കുമ്മനം തലസ്ഥാനത്തെത്തുകയായിരുന്നു.
ശക്തനായ സ്ഥാനാര്‍ത്ഥി ശശി തരൂരിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. യുവാക്കളും സ്ത്രീകളുമടക്കമുള്ള എല്ലാ വിഭാഗങ്ങളെയും ഇതുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കള്‍ ചുരുക്കമെന്ന് വിശ്വാസികളായ വോട്ടര്‍മാര്‍ പറയുന്നു.
നയതന്ത്രജ്ഞനും എഴുത്തുകാരനുമായ തരൂരിനെപ്പോലെയുള്ളവര്‍ സാധാരണ ദൈനംദിന രാഷ്ട്രീയത്തില്‍ വിജയിക്കാറില്ല. എന്നാല്‍ ഇവിടെയാണ് അദ്ദേഹം നേടിയെടുത്ത സ്വീകാര്യത വേറിട്ടുനില്‍ക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയ്ക്കെതിരെ, മതേതര ചിന്തയുടെ ഉജ്വല പ്രതീകമാണ് ഇന്ന് തരൂര്‍.
തിരുവനന്തപുരത്തിനു വേണ്ടി ഈ പത്താണ്ടു ചെയ്ത നല്ല കാര്യങ്ങളും സാമുദായിക, സാമൂഹിക വിഭാഗങ്ങള്‍ക്കു സ്വീകാര്യനെന്ന പ്രതിച്ഛായയുമാണു തരൂരിന്റെയും യുഡിഎഫിന്റെയും കരുത്ത്. 2014 ല്‍ ഏഴില്‍ 4 മണ്ഡലങ്ങളിലും പിന്നിലായിട്ടും തന്നെ കാത്തുരക്ഷിച്ച തീരമേഖലയെ ന്നായി ഓര്‍മിക്കുന്നതു കൊണ്ടു കൂടിയാണു പ്രളയവേളയില്‍ കേരളത്തിനു തുണയായ മത്സ്യത്തൊഴിലാളികള്‍ക്കു നൊബേല്‍ സമ്മാനമെന്ന ആവശ്യം ഈ യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഉയര്‍ത്തിയത്.
2004ല്‍ 99,998 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച തരൂരിന് 2014 ലെ കടുത്ത ത്രികോണ മത്സരത്തില്‍ അതേ മികവ് ആവര്‍ത്തിക്കാനായില്ല. പക്ഷേ, തുടര്‍ച്ചയായ 10 വര്‍ഷത്തെ പ്രവര്‍ത്തനവും സാന്നിധ്യവും വഴി ഹാട്രിക് തടയാന്‍ ആരുണ്ട് എന്ന ചോദ്യം എതിരാളികള്‍ക്കെതിരെ ആത്മവിശ്വാസത്തോടെ ഉയര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പുരോഗമനവാദികളെ പാടെ നിരാശരാക്കാതെ തന്നെ ശബരിമലവാദികളെ കൂടെ നിര്‍ത്താന്‍ തരൂര്‍ കാട്ടിയ രാഷ്ട്രീയ മെയ്‌വഴക്കവും ശ്രദ്ധ പിടിച്ചുപറ്റി.
കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാമിനെ കെട്ടിയിറക്കി മൂന്നാം സ്ഥാനമെന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടിവന്നതില്‍ നിന്നൊരു പരിഹാരവും കുതിപ്പുമാണ് അരയും തലയും മുറുക്കി സി. ദിവാകരനിറങ്ങുമ്പോള്‍ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ദിനങ്ങളില്‍ തന്നെ വിമാനത്താവള സ്വകാര്യവല്‍കരണത്തിനെതിരെയുള്ള ബാനറില്‍ തലസ്ഥാനത്തെ എല്ലാ ലോക്കല്‍ കമ്മിറ്റികളെയും നിരത്തിലിറക്കി ഒരുങ്ങിക്കഴിഞ്ഞുവെന്ന സന്ദേശം സിപിഎം നല്‍കി. കാനം രാജേന്ദ്രനല്ലങ്കില്‍ ദിവാകരന്‍ എന്ന സിപിഎം നിര്‍ദേശമനുസരിച്ചായിരുന്നു നെടുമങ്ങാട് എംഎല്‍എ ആയ അദ്ദേഹത്തിന്റെ വരവും. തലസ്ഥാനത്തിന്റെ സ്പന്ദനം നന്നായി അറിയാവുന്ന ഇടതു നേതാക്കളിലൊരാളാണു ദിവാകരനെന്നു സിപിഐ നേതൃത്വം വ്യക്തമാക്കുന്നു.’ഏറ്റെടുക്കുന്ന ഏതു കാര്യവും നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുന്നയാളാണ് ‘സിദിവാകരന്‍’. മുഖം നോക്കാതെ സംസാരിക്കുന്ന രീതി കാണുമ്പോള്‍ ആളു പരുക്കനാണെന്നു തോന്നും, എന്നാല്‍ അടുത്താല്‍ സ്നേഹനിധിയായ സുഹൃത്തും സഖാവുമാണ് അദ്ദേഹമെന്ന് അണികളും ഒരേസ്വരത്തില്‍ പറയുന്നു.
തരൂരിന്റെയും കുമ്മനത്തിന്റെയും വോട്ടുകള്‍ ചിതറുമ്പോള്‍ ഇടതിന്റെ വോട്ടുകള്‍ ദിവാകരനില്‍ ഭദ്രമായിരിക്കുമെന്ന വിശ്വാസം എല്‍ഡിഎഫിനെ നയിക്കുന്നു. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തെത്തിയ 600 ബൂത്തുകളിലെ വോട്ട് വര്‍ധിപ്പിച്ചും ഏറെ പിന്നിലായ 200 ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ കൊടുത്തും രാജഗോപാലിനു കൈവിട്ട ജയം കുമ്മനം എത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. 3 സ്ഥാനാര്‍ഥികളും അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തിലാണ്.മുന്നണികള്‍ക്കു മുന്നില്‍ ഒന്നാം സ്ഥാനത്തെപ്പോലെ തന്നെ തിരുവനന്തപുരത്തു നിര്‍ണായകമാണു രണ്ടാംസ്ഥാനവും. മൂന്നാമതായിപ്പോകാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ശക്തമായൊരു ത്രികോണ മത്സരമാകും തിരുവനന്തപുരത്ത് കാഴ്ച വെക്കുക എന്നുതന്നെ നിസംശയം പറയാം.
Post Your Comments