ദമാം : സൗദിയിൽ നിന്നും നാട്ടിലേക്ക് പോകാൻ തീരുമാനിച്ച പ്രവാസിയെ ദമാമിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആറു വർഷമായി ദമാം അനൂദിലെ ഖമർ ഗോൾഡ് ഫാക്ടറിയിൽ സ്വർണപ്പണിക്കാരനായിരുന്ന തൃശൂർ വടക്കേക്കാട് സ്വദേശി കല്ലൂർ റെജു മാധവൻ(43) ആണ് മരിച്ചത്. നാട്ടിൽ പോകാൻ തീരുമാനിച്ച ദിവസമായിരുന്നു സംഭവം.
ഒരാഴ്ചയായി റെജു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാൽ സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനായി കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലെന്ന് അറിയിച്ചതോടെ സുഹൃത്തുക്കൾ റെജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി തിരിച്ചെത്തിച്ചു. എന്നാൽ ജോലി കഴിഞ്ഞു രാത്രി എട്ടിന് സുഹൃത്തുക്കൾ തിരിച്ചു മുറിയിലെത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്‌നമോ കുടുംബ പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ഭാര്യ: രമ്യ, മക്കൾ: അരവിന്ദ്, അശ്വന്ത്
Post Your Comments