Latest NewsKerala

കോഴ: ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം•മെഡിക്കല്‍ കോഴ വിവാദത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരുന്ന സമയത്താണ് ബി.ജെ.പിയെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കേസ് വീണ്ടും പൊടിതട്ടിയെടുത്തത് ബി.ജെ.പി മുന്നേറ്റം തടയുക ലക്ഷ്യമിട്ടാണെന്ന് വിലയിരുത്തപ്പെടുന്നു.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ചെന്നിത്തലയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇത് സംബന്ധിച്ച്‌ തെളിവുകള്‍ ചെന്നിത്തല കൈമാറി. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ഡിവൈ.എസ്.പി രാജേഷിനാണ് അന്വേഷണച്ചുമതല.

ആരോപണ വിധേയരായ ആര്‍.എസ്. വിനോദ്, ഡല്‍ഹിയിലെ സതീഷ് നായര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു. അതേസമയം ബി.ജെ.പി നേതാവ് കെ.പി. ശ്രീശന്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായിട്ടില്ല. ശ്രീശന്‍ അദ്ധ്യക്ഷനായ സമിതിയെയാണ് സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ബി.ജെ.പി നിയോഗിച്ചിരുന്നത്.

ആരോപണം സ്ഥിരീകരിക്കുന്ന ബി.ജെ.പിയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയമായതിനാല്‍ അന്വേഷിക്കാനാകില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ്‌ ചെന്നിത്തല രംഗത്തെത്തി. ഒടുവില്‍ വിജിലന്‍സ് മടക്കിയ കേസ് ക്രൈംബ്രാഞ്ചിന് നല്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രമേശ്‌ ചെന്നിത്തലയുടെ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി.

വര്‍ക്കല എസ്.ആര്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കാന്‍ കോളേജ് ഉടമയില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.

പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button