മുസാഫര്‍നഗര്‍•കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷം ബിരിയാണിയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസിമുദ്ദീന് സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു സംഭവം. അനുവാദമില്ലാതെ, അധികൃതരെ അറിയിക്കാതെ യോഗം നടത്തിയതിന് പോലീസ് 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എം.എ.എ മൗലാനാ ജമീലിന്റെ കക്രോളി പോലീസ് സ്റ്റേഷന് പരിധിയിലെ തധേദാ ഗ്രാമത്തിലെ വസതിയിലായിരുന്നു ശനിയാഴ്ച പരിപാടി സംഘടിപ്പിച്ചിരുന്നത്.
റാലിയ്ക്ക് ശേഷം ഉച്ചഭക്ഷണമായാണ് ബിരിയാണി വിളമ്പിയത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ആദ്യം ബിരിയാണി ലഭിക്കാന്‍ വേണ്ടി വെപ്രാളം കാണിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു രംഗം ശാന്തമാക്കിയത്.
സംഭവത്തില്‍ മൗലാന ജമീലും മകന് നസീം അഹമ്മദും ഉള്‍പ്പടെ 34 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ റാം മോഹന്‍ ശര്‍മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമത്തിലെ സുരക്ഷ ശക്തമാക്കിയതായും തുടര്‍ അക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
ജമീല്‍ ബി.എസ്.പിയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2012 ല്‍ ഇദ്ദേഹം മീരപൂര് നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏപ്രില്‍ 11 ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് മുസാഫര്‍നഗറില്‍ വോട്ടെടുപ്പ് നടക്കുക.
Post Your Comments