ചാലക്കുടി: ആഡംബരകാറുകളോട് ഭ്രമം മൂത്തയാള്‍ക്ക് ജോലിയും പോയി, ജയിലിലുമായി. ചാലക്കുടി യൂണിയന് ബാങ്ക് ശാഖയില്‍ നിന്ന് പ്രളയക്കെടുതിയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കിലോ കണക്കിന് സ്വര്‍ണ്ണം അടിച്ചുമാറ്റുവാന്‍ ശ്യാമിനെ പ്രേരിപ്പിച്ചത് കാറുകളോട് തോന്നിയ അമിതഭ്രമമായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട കാറായ ഹോണ്ട സിവിക് ആണ് മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ച് കിട്ടിയ പണം കൊണ്ട് ഇയാള്‍ വാങ്ങിയത്. അതും രണ്ടെണ്ണം. അതിന് പിന്നാലെ ഒരു പോളോ കാറും ഒരു ഇന്നോവ കാറും വാങ്ങി. വാങ്ങിയ വിലയേറിയ വാഹനങ്ങളിലെല്ലാം ലക്ഷങ്ങള്‍ ചിലവഴിച്ച് ആഡംബര സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തും എക്സ്ട്രാ ഫിറ്റിങ്ങുകളും നടത്തിയും വീണ്ടും അത്യാഡംബരമാക്കി. കൂടാതെ വിലയേറിയ വളര്‍ത്തുമൃഗങ്ങളെയും വാങ്ങി.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതു തലമുറ വാഹനപ്രേമികളുടെ സംഘടനയിലും അര ഡസനോളം ആഡംബര വാഹന പ്രേമികളുടെ സംഘടനയിലും സജീവ പ്രവര്‍ത്തകനായിരുന്നു ശ്യാം. ഒരു കോടിയോളം രൂപയാണിയാള് ആഡംബരവാഹനങ്ങള്ക്കായും കൂട്ടുകാരോടൊപ്പമുള്ള ആര്ഭാടജീവിതത്തിനുമായി ചെലവഴിച്ചത്. ‘ഒരു സ്കാനിയ ടൂറിസ്റ്റ് ബസ്സ് വാങ്ങുക എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമെന്ന് ഇയാള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ബാങ്കിലെ ക്ലര്‍ക്ക് പരീക്ഷ പാസായ ശ്യാം പ്രമോഷന്റെ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ പോലീസ് ചെക്കിംഗിങ്ങില് പിടിയിലായത്. തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സഹപ്രവര്‍ത്തകരോടും, ഇടപാടുകാരോടുമുള്ള പെരുമാറ്റത്തിലൂടെയും, പ്രളയാനന്തരം ബാങ്കിനെ പ്രവര്‍ത്തനക്ഷമമാക്കുവാനുള്ള കര്‍മ്മങ്ങളിലൂടെയും മികച്ച സ്റ്റാഫിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ഇയാള്‍.
Post Your Comments