ഗുരുവായൂര്‍: അറുപതോളം കുടുംബങ്ങളും 200-ഓളം വോട്ടര്‍മാരും വരുന്ന പ്രദേശമാണ് ഗുരുവായൂരിനടുത്തുള്ള കുരഞ്ഞിയൂര്‍. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി പ്രദേശത്ത് പാപ്‌ജോ അച്ചാര്‍ എന്ന കമ്പനി പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നു വര്‍ഷമാകുന്നു. കമ്പനിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം മൂലം ഇന്ന് കുടിക്കാന്‍ വരെ വെള്ളമില്ലാത്ത അവസ്ഥയിലാണ് ഇന്ന് കുരഞ്ഞിയൂരിലെ പ്രദേശവാസികള്‍. ഇവിടെയെത്തിയാല്‍ ‘രാഷ്ട്രീയ വിമുക്ത മേഖല’ എന്നൊരു ബോര്‍ഡ് കാണാം.
അച്ചാര്‍ കമ്പനി മൂലമുണ്ടാകുന്ന പരിസര മലിനീകരണം ചൂണ്ടിക്കാട്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പലതവണ ജനപ്രതിനിധികളോടും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതി നല്‍കി. അവര്‍ വിഷയം മുഖവിലയ്‌ക്കെടുക്കാതയതോടെ കമ്പനിക്കെതിരെ നാട്ടുകാര്‍ തന്നെ സമരത്തിനറങ്ങി. ഇന്ന് രാഷ്ട്രീയത്തോട് ‘നോ’ പറഞ്ഞ് വോട്ട് ബഹിഷ്‌ക്കരിക്കാനൊരുങ്ങുകയാണിവര്‍. ഇതോടെ രാഷ്ട്രീയ വിമുക്ത മേഖല എന്ന് ഇവിടെ ബോര്‍ഡും തൂക്കി.
അച്ചാര്‍ കമ്പനിയില്‍ നിന്നുള്ള മലിനീകരണം പ്രദേശത്തെ ആളുകളെ മാറാ രോഗികളാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. നേരത്തേ ജലത്തിന് ഒട്ടും ക്ഷാമമില്ലാതിരുന്ന പ്രദേശത്ത് അച്ചാര്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയതോടെ സമീപത്തെ വീടുകളിലെ കിണര്‍ വെള്ളം മലിനമായി. ഇത് കാണിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിരവധി പരാതി നല്‍കിയിരുന്നെങ്കിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നുകൂടി അവഗണ നേരിട്ടതോടെ ഇവര്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മലിനീകരണം മൂലം കൈകുഞ്ഞിനെയും കൊണ്ട് ഒരു കുടുംബം വരെ ഇവിടെ നിന്നും ഒഴിഞ്ഞു പോയി. ഇന്നിപ്പോള്‍ കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായുള്ള വെള്ളത്തിന് വേണ്ടി കിലോമീറ്ററുകള്‍ ദൂരെ നിന്നും വാഹനത്തിലാണ് പ്രദേശത്തേയ്ക്ക് വെള്ളമെത്തിക്കുന്നത്. അച്ചാര്‍ കമ്പനിയില്‍ നിന്നും വമിക്കുന്ന രൂക്ഷ ഗന്ധം മൂലം കുട്ടികളും സ്ത്രീകളും ശ്വാസകോശ സംബന്ധവും ത്വക്ക് രോഗങ്ങളും മൂലം ബുദ്ധിമുട്ടുകയാണ്.
പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് അച്ചാര്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇതിനടുത്തു തന്നെയാണ് ശുദ്ധജലവിതരണത്തിന് നിര്‍മ്മിച്ച വാട്ടര്‍ ടാങ്കും പൊതു കിണറും സ്ഥാപിച്ചിരിക്കുന്നത്. ഈ കിണറും വലിയ രീതിയില്‍ മലിനപ്പെട്ടിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ ഗുരുതരമായതോടെ പുന്നയൂര്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നിന്നും താല്‍ക്കാലിക സ്റ്റേ വാങ്ങി കമ്പനി പ്രവര്‍ത്തനം തുടരുകയാണ്. കമ്പനി പ്രവര്‍ത്തിക്കുന്നതിന് നാട്ടുകാര്‍ എതിരല്ല. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെ മലിനീകരണ നിയന്ത്രണം ഇല്ലാതെയുള്ള പ്രവര്‍ത്തനം അനുവധിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അച്ചാര്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച മലിനീകരണ വിരുദ്ധ ജനകീയ സമരസമിതിയുടെ ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളുമാണ് മേഖലയാകെയുള്ളത്. നാട്ടുകാരുടെ പരാതി രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കാതെ വന്നതോടെ പ്രതിഷേധം വോട്ട് ബഹിഷ്‌കരണമാക്കി മാറ്റാന്‍ ഇവിടെത്തുകാര്‍ തീരുമാനിക്കുകയായിരുന്നു. അച്ചാര്‍ കമ്പനിയുടെ പരിസരത്ത് രാഷ്ട്രീയ വിമുക്ത മേഖലയെന്ന ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ പ്രാധാന്യമുള്ള മേഖലയാണിത്. എന്നാല്‍ ആരും ഇവിടേയ്ക്ക് വോട്ട് ചോദിച്ച് വരേണ്ടതില്ലെന്ന് നാട്ടുകാരുടെ പ്രതികരണം.
Post Your Comments