അബുദാബി•ഭാര്യക്ക് വാട്സ്ആപ്പില്‍ അശ്ലീല ചിത്രങ്ങളയച്ച യുവാവിന് അബുദാബി കോടതി 250,000 ദിര്‍ഹം (47 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു.
ദമ്പതികള്‍ തമ്മിലുള്ള കേസ് പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അബുദാബി പ്രാഥമിക കോടതി ഇയാള്‍ക്ക് കനത്ത പിഴ ചുമത്തിയത്.
ഈ വിധിയെ അപ്പീല്‍ കോടതിയില്‍ വെല്ലുവിളിച്ച ഭര്‍ത്താവ്, താഴ്ന്ന വരുമാനവും നിലവിലുള്ള സാമ്പത്തിക ബാധ്യതകളും മോശം ആരോഗ്യവും മൂലം പിഴ അടയ്ക്കാന്‍ സാധിക്കില്ല്ലെന്നും വാദിച്ചു.
താന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ച ശേഷമാണ് ജിസിസി പൌരയായ ഭാര്യ തനിക്കെതിരെ കേസ് ഫയല്‍ ചെയ്തതെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി. താന്‍ ഉറങ്ങുമ്പോള്‍ ഭാര്യ തന്നെ തന്റെ ഫോണില്‍ നിന്ന് അവരുടെ ഫോണിലേക്ക് ചിത്രങ്ങള്‍ അയച്ച ശേഷം തന്റെ ഫോണില്‍ നിന്ന് അവ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും അതെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇയാള്‍ വാദിച്ചു.
കോടതിയോട് കനിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ട ഭര്‍ത്താവ് തന്റെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് പിഴ റദ്ദാക്കണമെന്നും അഭ്യര്‍ഥിച്ചു.
അബുദാബി അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഏപ്രില്‍ 24 ലേക്ക് മാറ്റി.
Post Your Comments