KeralaLatest News

ഞാന്‍ നിന്റെ ഭോഗവസ്തുവല്ല, അടിമയുമല്ല- പുരുഷന്മാരോടായി ഡോ ഷിനു ശ്യാമളന്‍

ചിയ്യാരത്ത് വിവാഹഭ്യര്‍ത്ഥന നിരസിച്ച നീതുവെന്ന പെണ്‍കുട്ടിയുടെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ നടുക്കിലാണ് സംസ്ഥാനം. മുന്‍പും ഇതേ നടുക്കം സംസ്ഥാനത്തുണ്ടായിട്ടുണ്ട്. സ്ത്രീകളെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന വസ്തുവല്ലെന്ന് പുരുഷന്മാര്‍ തിരിച്ചറിയുന്നില്ലെന്ന് ഡോ ഷിനു ശ്യാമളന്‍ അഭിപ്രായപ്പെടുന്നു. സ്ത്രീ ഒരു ഭോഗവസ്തുവല്ല. പുരുഷന്റെ അടിമയുമല്ല. പറയുന്നതെല്ലാം കേട്ട് തല കുലുക്കേണ്ടവളല്ല അവളെന്നു പുരുഷന്മാര്‍ മനസ്സിലാക്കണമെന്നു എഴുത്തുകാരിയും ഡോക്ടറുമായ ഷിനു ശ്യാമളന്‍ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിനു ഇക്കാര്യം തുറന്നെഴുതിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത സ്ത്രീകളോട് ‘അവളെ അങ്ങനെ വിടരുത്’ എന്ന് പറയുന്ന പുരുഷന്മാരെ നാം കണ്ടിട്ടുണ്ട്.

പ്രണയം ഉപേക്ഷിച്ചവളെ വെറുതെ വിടാതെ അവളുടെ അച്ഛനെയും, അമ്മയെയും അല്ലെങ്കില്‍ ആങ്ങളെയും വിളിച്ചു അവള്‍ പിഴയാണെന്ന് പറയുന്ന കാമുകന്മാരെയും നാം കണ്ടിട്ടുണ്ട്.

സ്ത്രീ ഒരു ഭോഗവസ്തുവല്ല. പുരുഷന്റെ അടിമയുമല്ല. പറയുന്നതെല്ലാം കേട്ട് തല കുലുക്കേണ്ടവളല്ല അവളെന്നു പുരുഷന്മാര്‍ മനസ്സിലാക്കണം. അവള്‍ക്കുമുണ്ട് പ്രണയം നിരസ്സിക്കുവാനും, ഇഷ്ടമുള്ളവനെ പ്രേമിക്കുവാനും വേണമെങ്കില്‍ അത് വേണ്ട എന്നു വെക്കുവാനുമുള്ള അവകാശം.

ഇതൊക്കെ ആണുങ്ങള്‍ മനസ്സിലാക്കിയാല്‍ വിവാഹ അഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്ണുങ്ങളെ തീ കൊളുത്തി കൊല്ലുന്നതും, ആസിഡ് ഒഴിച്ചു പൊള്ളിക്കുന്നതുമൊക്കെ ഒഴിവാക്കാം.

‘ഒറ്റപ്പെട്ട’ വാര്‍ത്തകള്‍ എന്നു പറയുവാന്‍ വരട്ടെ. ഒരു മാസത്തിന്റെ ഇടവേളയില്‍ ഇത് രണ്ടാമത്തെ പെണ്കുട്ടിയാണ് ഇന്ന് തൃശ്ശൂരില്‍ തീ കൊളുത്തി കൊല ചെയ്യപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ 2018 ലെ കണക്ക് പ്രകാരം ലോകത്ത് 50 000 സ്ത്രീകള്‍ ഒരു വര്‍ഷം അവരുടെ ഭര്‍ത്താവാലോ കുടുംബക്കാരാലോ കൊല്ലപ്പെടുന്നു. അതായത് ഒരു ദിവസം 137 സ്ത്രീകള്‍ കൊല ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ 7000 സ്ത്രീകള്‍ ഒരു വര്‍ഷം സ്ത്രീധന തര്‍ക്കത്തില്‍ കൊല ചെയ്യപ്പെടുന്നു.

ആണ്കുട്ടികളെ സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യമുണ്ടെന്ന് പറഞ്ഞും പ്രവര്‍ത്തിയിലൂടെയും രക്ഷകര്‍ത്താക്കള്‍ മനസ്സിലാക്കി കൊടുക്കണം. അമ്മയെ തല്ലുന്ന അച്ഛനുള്ള വീട്ടില്‍ അവനത് പഠിക്കില്ല. അമ്മയ്ക്ക് അച്ഛനോളം പ്രാധാന്യമില്ലാത്ത വീട്ടില്‍ അവനത് പഠിക്കില്ല. അമ്മയ്ക്ക് വീട്ടില്‍ അഭിപ്രായസ്വാതന്ത്രമില്ലെങ്കില്‍ അവനത് മനസ്സിലാകില്ല.

അച്ഛനും അമ്മയും അവന് മാതൃകയാകണം. മക്കളുടെ മുന്നില്‍ വഴക്ക് കൂടരുത്. പരസ്പരം സ്‌നേഹിക്കുന്ന ബഹുമാനിക്കുന്നതും അമ്മയ്ക്കും അച്ഛനും തുല്യ പ്രാധാന്യമുള്ള വീടുകള്‍ നമുക്ക് ഉണ്ടാകണം. അടുത്ത തലമുറ അത് കണ്ട് വളരണം. അല്ലെങ്കില്‍ ഇനിയും സ്ത്രീകള്‍ കൊല ചെയ്യപ്പെടും. പുരുഷ മേധാവിത്വം നിറഞ്ഞ സമൂഹത്തില്‍ അവന്‍ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

Kofi Annan, the seventh general secretary of UN once said , ‘ violence against women is perhaps the most shameful human rights violation and it is perhaps the most pervasive. It knows no boundaries of geography, culture or wealth. As long as it continues, we cannot claim to be making progress towards equality.’

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം ഏറ്റവും ലജ്ജാകരമായ മനുഷ്യാവകാശ ലംഘനമാണെന്ന് തന്നെ പറയാം. ഒരുപക്ഷേ വ്യാപകമായിട്ടുള്ളതും ഇതു തന്നെയാകാം. അതിന് സംസ്‌കാരികപരമോ, ഭൂമിശാസ്ത്രപരമോ, സാമ്പത്തികപരമായോ അതിര്‍വരമ്പുകളില്ല. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതോളം കാലം സമത്വത്തിലേയ്ക്ക് നാം എത്തുകയാണ് എന്നു പറയുവാന്‍ സാധിക്കില്ല എന്നാണ് ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ പറഞ്ഞത്.

ഹേ പുരുഷ.. ഞാന്‍ നിന്റെ അടിമയല്ല. എനിക്ക് എന്റേതായ ജീവിതമുണ്ട്. എന്റെ അഭിപ്രായങ്ങളുണ്ട്. എനിക്ക് ജോലിക്ക് പോകണം. ഞാന്‍ നിന്റെ ഭോഗവസ്തുവല്ല. നമുക്ക് ഒരുമിച്ചു മുന്നേറാം. നിന്റെ പിറകേയല്ല. നിന്റെയൊപ്പം നടക്കുവാനാണ് എനിക്ക് ഇഷ്ട്ടം. അതെന്റെ അവകാശമാണ്. നിന്റെ ഔദാര്യമല്ലത്. അതിന് സമ്മതമെങ്കില്‍ നിനക്ക് എന്റെയൊപ്പം നടക്കാം എന്ന് ഓരോ സ്ത്രീയും പറയേണ്ടിയിരിക്കുന്നു. അതാണ് എന്റെ അഭിപ്രായം.

ഡോ. ഷിനു ശ്യാമളന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button