കോഴിക്കോട്: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ ഒരക്ഷരം സംസാരിക്കില്ലെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് എം.സ്വരാജ് എം.എല്‍.എ. കേരളത്തില്‍ വന്ന് സി.പി.എമ്മിനെതിരെ മത്സരിച്ചിട്ട് രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസില്‍ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നാണോ രാഹുല്‍ പറയാന്‍ പോകുന്നതെന്ന് സ്വരാജ് പരിഹസിച്ചു. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയാണ് സ്വരാജ്.
തെരഞ്ഞെടുപ്പെന്നാല്‍ വൈകാരികസമസ്യയല്ലെന്നും കോണ്‍ഗ്രസിനെ നിശിതമായിത്തന്നെ വിമര്‍ശിക്കുമെന്നും സ്വരാജ് വ്യക്തമാക്കി. താന്‍ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? മാന്യനായ ഞാനൊന്നും സി.പി.എമ്മിനെതിരെ പറയില്ല, മാന്യരല്ലാത്ത ഇവിടത്തെ നേതാക്കള്‍ പറഞ്ഞോളും എന്നാണോ രാഹുല്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറയട്ടെ. സിപിഎമ്മിനെതിരെ ഒന്നും മിണ്ടാനില്ലാത്തതു കൊണ്ടായിരിക്കണം രാഹുല്‍ ഒന്നും പറയാത്തത്. എന്നാല്‍ ഞങ്ങളുടെ നിലപാട് അതല്ലെന്നും സ്വരാജ് വ്യക്തമാക്കി. ‘രാഹുല്‍ വരുമോ എന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ത്തന്നെ ഇടത് പക്ഷത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. രാഹുല്‍ വയനാട്ടില്‍ വന്ന് മത്സരിച്ചാല്‍, ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന തെറ്റായ സന്ദേശം നല്‍കുമെന്നും ഇത് ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസിന് വിനയായി വരും എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു’ എം.സ്വരാജ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക് പോലും താന്‍ പറയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടില്‍ പറഞ്ഞത്. കേരളത്തില്‍ മത്സരം സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മിലായിരിക്കാമെന്നും പക്ഷേ തന്റെ പോരാട്ടം ബി.ജെ.പിക്കെതിരെയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
Post Your Comments