Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsHealth & Fitness

മനസ് തുറന്ന് പറയാവുന്ന ആരും ഇല്ലെന്ന് തോന്നിയാല്‍ ഗൈനക്കോളജിസ്റ്റിനോട് പറയുക- കുറിപ്പ് വായിക്കുക

പ്രസവകാലത്തുള്ള മാനസിക പ്രയാസങ്ങള്‍ ചെറുതല്ലെന്നാണ് സ്ത്രീപക്ഷം. ചിലര്‍ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു, ചിലര്‍ വെറുപ്പ് കാട്ടുന്നു. നിസാരമെന്ന് കരുതുന്ന ചെറിയ ചില പ്രശ്‌നങ്ങളാണ് ഇതിലൊക്കെ കൊണ്ട് ചെന്നെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു വെളിവാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കുറിപ്പ് വായിക്കാം.

കുഞ്ഞുവാവയുടെ കരച്ചില്‍ കേട്ട് ദേഷ്യം വന്ന അമ്മ ചവറ്റുകൂനയില്‍ ഇട്ടിട്ടുപോയി എന്ന്. ഡല്‍ഹിയിലാണ് സംഭവം..അത്തരമൊരു വാര്‍ത്ത പണ്ടായിരുന്നു കണ്ടിരുന്നതെങ്കില്‍ കുഞ്ഞിനെ ഉപദ്രവിച്ച കണ്ണില്‍ച്ചോരയില്ലാത്ത അമ്മയെ തെറിവിളിക്കുന്നവരുടെ കൂടെ ഞാനുമുണ്ടായേനെ…എന്നാല്‍ ഒന്നുരണ്ട് അനുഭവങ്ങള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ നിന്ന് പുറകോട്ട് വലിക്കുന്നു.

ഒന്നാമത്തെ സംഭവം നടക്കുന്നത് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്താണ്. കുട്ടികളുടെ വാക്‌സിനേഷന്‍ ക്ലിനിക്കില്‍ കുഞ്ഞിനെയുമായി എത്തിയതാണ് ആ അമ്മ. കുഞ്ഞിന് ചെറിയ ജലദോഷമോ മറ്റോ ഉണ്ട്. അതിനുകൂടി മരുന്ന് നല്‍കാമെന്ന് പറഞ്ഞ ഉടന്‍ ആ അമ്മ കരഞ്ഞുതുടങ്ങി..കൂടെവന്ന അവരുടെ അമ്മ പറഞ്ഞു…

‘ ഓ, എന്റെ ഡോക്ടറേ, ഇവളിപ്പ എപ്പഴും ഇങ്ങനാ..വേറാര്‍ക്കും പിള്ളേരില്ലാത്തപോലെ …’

കുഞ്ഞിനെ നോക്കാനുള്ള മടിയാണവള്‍ക്ക് എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞ ഡയഗ്‌നോസിസ്..ആ അമ്മച്ചി പറഞ്ഞതുപോലെ കുഞ്ഞിനെ നോക്കാന്‍ കഴിയാത്ത അമ്മയുടെ മടികൊണ്ടുള്ള പ്രശ്‌നമായിരുന്നില്ല അത്..അതായിരുന്നു പോസ്റ്റ് പാര്‍ട്ടം ബ്ലൂവുമായുള്ള ആദ്യ ഏറ്റുമുട്ടല്‍..

ഏകദേശം കുറച്ച് മാസങ്ങള്‍ക്ക് മുന്നേ വൈകുന്നേരത്തെ ഒപി യില് വെച്ചാണ് ആ പെണ്‍കുട്ടിയെ കണ്ടത്. ആദ്യ കുട്ടിയെ പ്രസവിച്ചിട്ട് ഒരു ആഴ്ച കഷ്ടി ആയതെ ഉള്ളൂ. ആശുപത്രിയില്‍ നിന്ന് നേരിട്ട് ഇങ്ങോട്ട് വന്നിരിക്കുകയാണ്. അവരുടെ മാതാപിതാക്കളുടെ കയ്യില്‍ ആ വാവ ഇരിക്കുന്നത് കണ്ടു, ഒപ്പം അവരുടെ മുഖത്തെ പേടിയും. പ്രസവം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് പെട്ടന്ന് പെണ്‍കുട്ടി സ്വഭാവത്തില്‍ മാറ്റങ്ങള്‍ കാണിച്ചത്. ആരോ കുട്ടിയെ കൊല്ലാന്‍ വരുന്നുണ്ട് എന്നും, അവര്‍ കുട്ടിയെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം എന്നും , അവര്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. ഒപ്പം കുട്ടിയെ എടുത്തുകൊണ്ട് ആശുപത്രിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ഈ ബുദ്ധിമുട്ട് കൂടി, ഉറക്കം കുറയുകയും , ഭക്ഷണം കഴിക്കാനോ , കുട്ടിയെ നോക്കാനോ ഒന്നും താല്പര്യം കാണിക്കാതെ യുമായി. തലയൊക്കെ ഭിത്തിയില്‍ അടയ്ക്കുകയും നെഞ്ചത്ത് അടിക്കുകയും ഞാന്‍ മരിക്കും എന്ന് പറയാന്‍ തുടങ്ങുകയും ചെയ്തപ്പഴാണ് അവിടെ നിന്ന് ഞങ്ങളുടെ ആശുപത്രിയിലേക്ക് വിട്ടത്. വളരെ പാവപെട്ട കുടുംബത്തില്‍ നിന്ന് 18 വയസു ആയപ്പോ തന്നെ മാതാപിതാക്കള്‍ ചുമതല തീര്‍ത്തു കെട്ടിച്ചു വിട്ട കുട്ടിയാണ്. വിവാഹം എന്താണ് എന്നോ, ഒരു കുടുംബ ജീവിതം എങ്ങനെ നയിക്കണം എന്നോ, കുട്ടിയെ എങ്ങനെ നോക്കണം എന്നോ ഒന്നും ഒരു ഐഡിയ പോലും ഇല്ലാത്ത പാവം. ഒരു ദുരന്തം പോലെ ഗര്‍ഭിണിയായ ഏഴാംമാസം ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു അതോടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വന്തം വീട്ടില്‍ കൊണ്ട് വിടുകയും ചെയ്തു. കടുത്ത മാനസിക വിഭ്രാന്തിയും ഒപ്പം ആത്മഹത്യ പ്രവണതയും ഉള്ളതുകൊണ്ട് അവരെ കിടത്തി ചികിത്സ നല്‍കി. മരുന്നുകളും talk തെറാപ്പിയും ഒക്കെ കൊണ്ട് അവള് മെച്ചപ്പെട്ടു. രണ്ടാമത്തെ ആഴ്ച വീട്ടിലേക്ക് വിട്ടു. ഇപ്പൊ കുട്ടിയെ ഒക്കെ നോക്കി സമാധാനമായി ഇരിക്കുന്നു.

ഗര്‍ഭാവ്ഥയുമായി ബന്ധപ്പെട്ട് പലതരത്തില്‍ ഉള്ള മാനസിക പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവാം. ജനിതകമായ പ്രത്യേകതകളും, ഗര്‍ഭ കാലത്ത് ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനവും ,അതോടൊപ്പം ഈ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ആണ് ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക. ഇത്തരം മാനസിക പ്രശങ്ങളെ പൊതുവെ മൂന്നായി തിരിക്കാം.

Postpartum blues/ baby blues

വളരെ സാധാരണമായി പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ കാണുന്ന അവസ്ഥയാണിത്. ഏകദേശം 80% വരെ സ്ത്രീകളില്‍ ഈ അവസ്ഥ കാണാം. പ്രസവ ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തുടങ്ങുന്ന ബുദ്ധിമുട്ടുകള്‍ രണ്ടു മൂന്നു ആഴ്ച്ചകൊണ്ട് തനിയെ കുറയും. കുട്ടി ഉണ്ടായ സന്തോഷം ഉള്ളപ്പോ തന്നെ ചില സമയത്ത് ഒരു കാരണവും ഇല്ലാതെ കരച്ചില്‍ വരുക, വെപ്രാളവും പേടിയും തോന്നുക, എല്ലാരോടും ദേഷ്യം തോന്നുക, ഇവയൊക്കെയാണ് ലക്ഷണങ്ങള്‍. കുടുംബത്തിന്റെ കരുതലും പിന്തുണയും ഒക്കെ കൊണ്ട് മാത്രം ഈ ബുദ്ധിമുട്ടുകള്‍ അങ്ങ് കുറയും. സ്വന്തം ജീവിതത്തെയോ , കടമകളെയോ ഈ അവസ്ഥ ബാധിക്കാന്‍ സാധ്യത കുറവാണ്.

Postpartum depression

ഏകദേശം രണ്ടു മൂന്നു ആഴ്ചകള്‍ കഴിഞ്ഞാണ് ഈ ബുദ്ധിമുട്ടുകള്‍ സാധാരണ തുടങ്ങുക. സാധാരണ വിഷാദ അവസ്ഥപോലെ , സ്ഥായിയായ വിഷമം, കുട്ടിയെ നോക്കാനോ ,ഒന്നും ചെയ്യാനോ തോന്നാതെ ഇരിക്കുക, കുട്ടിയോടോത്ത് സമയം ചിലവിടുംപൊഴും സന്തോഷം തോന്നാതെ ഇരിക്കുക, വിശപ്പും ഉറക്കവും കുറയുക, വൃത്തിയായി നടക്കാന്‍ ഒന്നും തോന്നാതെ ഇരിക്കുക, കുറച്ചൂടെ ഗുരുതരം ആയ അവസ്ഥയില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഉള്ള ചിന്തകള് വരിക ഇവയൊക്കെയാണ് ലക്ഷണം. ഏകദേശം 10 മുതല്‍ 15 ശതമാനം വരെ ആളുകളില്‍ ഈ അവസ്ഥ ഉണ്ടാകാം. അമ്മ ഇത്തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ കാണിച്ച് തുടങ്ങുമ്പോള്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കുന്നത് വഴി ഈ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ സാധിക്കും. കൗണ്‍സിലിംഗ് , മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ ഇവയൊക്കെ ഈ അവസ്ഥയില്‍ ഉപയോഗിക്കാം.

Postpartum psychosis

പ്രസവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കടുത്ത മാനസിക രോഗാസ്ഥയാണ് ഇത്. 1000 അമ്മമാരില്‍ ഒരാള്‍ക്ക് എന്ന കണക്കിന് ഈ അവസ്ഥ ഉണ്ടാകാം. ഉറക്ക കുറവ്, വെപ്രാളം, അകാരണമായ പേടി, കുട്ടിയെ ആരോ ഉപദ്രവിക്കാന്‍ പോകുന്നു എന്ന ചിന്ത, തന്റെ കുട്ടി അല്ല എന്ന തോന്നല്‍, അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുക, പെട്ടന്ന് ദേഷ്യത്തില്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുക, ആത്മഹത്യ ശ്രമം നടത്തുക ഇവയൊക്കെയാണ് ലക്ഷണം. ഈ ബുദ്ധിമുട്ടുകള്‍ പ്രസവം കഴിഞ്ഞു ആദ്യ രണ്ടു ആഴ്ചകളില്‍ തുടങ്ങാനാണ് സാധ്യത. പലപ്പോഴും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ അപകടത്തില്‍ ആകുന്ന സാഹചര്യം ഉണ്ടാകാം. ഈ ബുദ്ധിമുട്ടുകള്‍ ബന്ധുക്കള്‍ അടക്കം ഉളളവര്‍ ശ്രദ്ധിക്കാതെ പോകാന്‍ സാധ്യത കുറവാണ്. കിടത്തിയുള്ള ചികിത്സ ആവശ്യമായി വരും. മരുന്നുകള്‍ ആണ് പ്രധാന ചികിത്സ മാര്‍ഗ്ഗം. കടുത്ത ആത്മഹത്യ പ്രവണത , മാനസിക വിഭ്രാന്തി എന്നിവ ഉള്ളവര്‍ക്ക്, മരുന്നുകള്‍ പ്രയോജനം ചെയ്യുന്നില്ല എങ്കില്‍ ഷോക് ചികിത്സയും വളരെ ഫലപ്രദമാണ്.

ആര്‍ക്കാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ ?.

1. കുടുംബത്തില്‍ വിഷാദം, മാനസിക രോഗങ്ങള്‍ ഇവ ഉളളവര്‍.

2. ഗര്‍ഭണി ആവുന്നതിന് മുന്‍പോ, ഗര്‍ഭ കാലഘട്ടത്തിലോ മാനസിക രോഗം ഉണ്ടാകുക.

3. കടുത്ത ജീവിത സംഘര്‍ഷങ്ങള്‍ ഉണ്ടാകുക, വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍.

4. ഭര്‍ത്താവ്/പങ്കാളി മരണപ്പെടുക , അകന്നു ജീവിക്കുക

5. സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഇല്ലാത്തത്

6. കുട്ടിയുടെ സംരക്ഷണത്തില്‍ സഹായിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ

7. മുന്‍പത്തെ പ്രസവ സമയത്ത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവുക .

8. പ്രസവവും ആയി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗുരുതരാവസ്ഥ അനുഭവിച്ചവര്‍.

എങ്ങനെ ഈ അവസ്ഥ തടയും ?

കുഞ്ഞുണ്ടാവുന്നതിനു മുന്‍പ് അമ്മമാര്‍ അറിയേണ്ട, അമ്മമാര്‍ മാത്രമല്ല അമ്മമാരുടെ ചുറ്റുമുള്ളവരും ഇതെക്കുറിച്ച് അറിയേണ്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്.

1. ഏറ്റവുമാദ്യം തോന്നുക ഇത് എനിക്ക് മാത്രമുണ്ടാവുന്ന എന്തോ കുഴപ്പമാണെന്നാണ്. ഈ തീയിലേക്ക് എണ്ണ കോരിയൊഴിച്ചുകൊടുക്കാന്‍ അമ്മ, അമ്മായിയമ്മ, കുഞ്ഞമ്മ, ചിറ്റമ്മ, വല്യമ്മ, വലിക്കാത്ത അമ്മ തുടങ്ങി അയലോക്കത്തെ ചേച്ചിയും കുഞ്ഞിനെയും അമ്മയെയും പീഢിപ്പിക്കാന്‍…സോറി കുളിപ്പിക്കാന്‍ വന്ന ചേച്ചിയും വരെ ഉള്‍പ്പെടും. പതിനാല് പെറ്റ കഥയും മൂന്നെണ്ണത്തെ ഒറ്റയ്ക്ക് നോക്കിയ കഥയും ഇപ്പൊഴത്തെ പെണ്ണുങ്ങള്‍ക്ക് ഒന്നിനും വയ്യ എന്നുളള തിയറിയുമൊക്കെ ഇറങ്ങും..

അപ്പൊ ആദ്യം മനസിലാക്കേണ്ടത് ഇത് നിങ്ങള്‍ക്ക് മാത്രം ഉണ്ടാവുന്ന ഒരു പ്രശ്‌നമല്ല എന്നതാണ്. 10-15% വരെ അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുണ്ടാവാനിടയുണ്ട്. 50-80% അഥവാ പകുതിയില്‍ അധികം അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടം ബ്ലൂ എന്ന അവസ്ഥയുമുണ്ടാവാം. എന്ന് വച്ചാല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. ഇതുണ്ടായത് നിങ്ങളുടെ തെറ്റുകൊണ്ടുമല്ല.

2. ഗര്‍ഭാവസ്ഥയുടെ അവസാനം തൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസങ്ങള്‍ കഴിയുന്നത് വരെയുള്ള സന്ദര്‍ഭങ്ങളില്‍ ഏത് സമയത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. തിരിച്ചറിയുക എന്നതാണ് പ്രധാനം. രക്ഷിക്കാന്‍ പറ്റുന്നത് ഒന്നല്ല, രണ്ട് ജീവനുകളാണ്, ജീവിതങ്ങളാണ്.

കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒഴിവാക്കുക. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട്, അമ്മയ്ക്ക് മാനസികവും ശാരീരികവുമായ പിന്തുണ നല്‍കേണ്ടത് പ്രധാനമാണ്.

3.അമ്മക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പ് വരുത്തണം. പ്രസവം കഴിഞ്ഞ് അമ്മ ഒന്ന് പകല്‍ കിടന്ന് ഉറങ്ങിപ്പോയെന്ന് വച്ച് ഒന്നും സംഭവിക്കില്ല. അമ്മയ്ക്ക് മാത്രം നോക്കാനുള്ളതല്ല കുഞ്ഞ്. വീട്ടില്‍ കൂടെയുള്ളത് ആരാണോ അവര്‍ അമ്മയ്ക്ക് ഒരു കൈത്താങ്ങ് നല്‍കണം. അത് നിര്‍ബന്ധമാണ്.

4. തുറന്ന് സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. . പങ്കാളിയോട് തുറന്ന് സംസാരിക്കുക. എന്താണു പ്രശ്‌നമെന്ന് പറയാന്‍ ശ്രമിക്കുക. അകാരണമായ സങ്കടങ്ങളോ ദേഷ്യമോ മൂഡ് സ്വിങ്ങോ ഒക്കെ ആവാം. സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരോട് പറയാം.ഇനി, മനസ് തുറന്ന് പറയാവുന്ന ആരും ഇല്ലെന്ന് തോന്നിയാല്‍ ഗൈനക്കോളജിസ്റ്റിനോടും പറയാവുന്നതാണ്. അവര്‍ക്ക് മനസിലാകാതിരിക്കില്ല.

5. ബുദ്ധിമുട്ടുകള്‍ കുറയാതെ വരികയോ, ജീവിതത്തെ ബാധിക്കുകയൊ ചെയ്തു തുടങ്ങിയാല്‍, കുട്ടിയെ ഉപദ്രവിക്കാന്‍ തോന്നുക , മരിക്കാന്‍ തോന്നുക ഇവ ഉണ്ടായാല്‍ മാനസികാരോഗ്യ വിദഗ്ധരെ കാണാന്‍ മടിക്കരുത്. കൃത്യമായ ചികിത്സയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാന്‍ അവര്‍ക്ക് കഴിയും.

6. മറ്റ് കാര്യങ്ങള്‍ – പൊതുവായ നിര്‍ദേശങ്ങള്‍ എല്ലാം മുന്‍പ് പലയിടത്തായി പറഞ്ഞിട്ടുണ്ട് എങ്കിലും ചുരുക്കിപ്പറയാം…

– കുഞ്ഞിന് മുലപ്പാല്‍ നല്‍കുക. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മുലയൂട്ടല്‍ തുടരാം. എല്ലാ അമ്മമാര്‍ക്കും സ്വന്തം കുഞ്ഞിനു നല്‍കാനുള്ള പാലുണ്ടാവും. വിദഗ്ധ ഡോക്ടറുടെ ഒഴികെ ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക.

– കുഞ്ഞിന്റെ നിറം, മുഖം, രൂപം തുടങ്ങിയവയെല്ലാം ജനിതകമായി – അച്ഛന്റെയും അമ്മയുടെയും കയ്യില്‍ നിന്ന് – നിര്‍ണയിക്കപ്പെടുന്നതാണ്. ഏതെങ്കിലും നിറമോ ലിംഗമോ മറ്റൊന്നിനു മേല്‍ അധീശത്വമുള്ളതല്ല. അങ്ങനെ കരുതുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും തെറ്റാണ്.

– പ്രസവം ഒരു ദുരന്തമല്ല രക്ഷിച്ചോണ്ട് വരാന്‍. അല്പം അധികം ഊര്‍ജവും പ്രോട്ടീനും ലഭിക്കുന്ന സമീകൃതാഹാരം കഴിക്കണമെന്നേയുള്ളൂ. ഗര്‍ഭാവസ്ഥയിലും പ്രസവശേഷം മുലയൂട്ടുമ്പൊഴും അനാവശ്യ ഭക്ഷണനിയന്ത്രണങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കണം.

– അമ്മ എണീറ്റ് നിന്ന് ചാടിയാല്‍ കൂടെ ചാടുമെന്നല്ലാതെ വെള്ളം കുടിക്കുന്നതുകൊണ്ട് വയര്‍ ചാടുമെന്നുള്ള തോന്നല്‍ തെറ്റാണ്. വയറിനു ചുറ്റും തുണി മുറുക്കിക്കെട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതിനുള്ള എക്‌സര്‍സൈസും ഡയറ്റിങ്ങുമൊക്കെ പിന്നീടാവാം. ഇപ്പോള്‍ പില്‍ക്കാലത്ത് യൂട്രസ് പ്രൊലാപ്‌സ് എന്ന് വിളിക്കുന്ന ഗര്‍ഭപാത്രത്തിന്റെ താഴേക്കിറങ്ങല്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന pelvic floor exercises മതിയാവും..സിസേറിയന്‍ കഴിഞ്ഞാല്‍ അതേ കിടപ്പില്‍ ഒരുപാട് നാള്‍ കിടക്കുന്നതും ദോഷമേ ചെയ്യൂ . കൃത്യമായ വ്യായാമം മനസ്സിന് ആരോഗ്യം നല്‍കും.

പച്ചമരുന്നുകളും നാട്ടുചികില്‍സയും ഈ അവസ്ഥയ്ക്ക് ഫലപ്രദമാണെന്ന് തെളിവൊന്നുമില്ലെന്ന് മാത്രമല്ല കുഞ്ഞിനും അമ്മയ്ക്കും ദോഷവും ചെയ്‌തേക്കാം.

അപ്പോ നമുക്ക് വേണ്ടത് കുറ്റപ്പെടുത്തല്‍ അല്ല. മറിച്ച് പിന്തുണയാണ്. വളരെ ഭാരിച്ച, കഠിനാധ്വാനം വേണ്ട ഒരു ജോലിയാണ് അവര്‍ ചെയ്യുന്നത്. ഒപ്പം നിന്ന് നമുക്ക് അവരെ സഹായിക്കാം. വിഷമങ്ങള്‍ പറയുമ്പോള്‍ സമാധാനത്തോടെ കേള്‍ക്കാം. അവസ്ഥയെ കണ്ടെത്താനും ചികിത്സ നേടാനും പ്രേരിപ്പിക്കാം.

എഴുതിയത് : ഡോ: ജിതിന്‍ ടി ജോസഫ് & Dr Nelson Joseph
#PostpartumDepression
#പ്രസവാനന്തരവിഷാദം
#വിഷാദം
#249

 

https://www.facebook.com/infoclinicindia/photos/a.1071896289594881/2110412492409917/?type=3&__xts__%5B0%5D=68.ARDf6zSQ-r3jSUyQLQD5zWGFi8gdwUSc9qeh-oJ-tM2FkMtaYxj1WaV3xaRq_zq6pG_fKcbfUd_CJc2JqTfOR0qwtQhMkYruIzlUjtN6qNtF5B8mrwZQ8RHbPHmPIP-S1LhrjszaSkJlxYK_6JpNgDdcFRU2jZs6GK53fbst3WLoQ4iFMQ7UpOHA4Tn7EgEl3wz658WZEYpE4z6w6WNb2NZX9ShId-K0ovdBfBTcniX1LLJABvDgHOKamUGATcyjW_koyWPA4KODdjUFQn0x_20Ytv4agVmh-8gcHCVBXGwxa4-y2sMlWwZRQl34IhnWK_LqfzhCKFDImvR4TQIew3WkoRbS&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button