KeralaLatest News

അഹങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും പോക്കുകേസെന്നുമൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന പെണ്ണുങ്ങളില്ലേ, ഒരു ദിവസമെങ്കിലും അവരുടെ ജീവിതം ഒന്ന് ജീവിച്ചു നോക്കണമെന്ന് യുവതി

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടും ഇപ്പോഴും ഇതിനൊരറുതി വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തുഷാര എന്ന പെണ്‍കുട്ടിയുടെ മരണം. ഭര്‍ത വീട്ടുകാരുടെ പീഡനത്തിരയായ തുഷാരയുടെ കഥ കണ്ണുനീരിന്റെ നനവോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. സംഭവത്തിനെതിരെ നിരവധിപേര്‍ പ്രതികരിച്ചു. ഇപ്പോഴിതാ ഗാഥാ മാധവ് എന്ന യുവതിയുടെ വൈകാരി കുറിപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

കുറിപ്പ് ഇങ്ങനെ

പട്ടിണി കിടന്നു മരിച്ച ആ പെണ്‍കുട്ടി എന്നെ ഞെട്ടിക്കുന്നില്ല.
വളരെ മോശപ്പെട്ട ഒരു വൈവാഹിക ജീവിതത്തിലൂടെയും വിവാഹമോചനത്തിലൂടെയും കടന്നു പോയതിന്റെ വെളിച്ചത്തില്‍ കൂടി ആണ് ഇതെഴുതുന്നത്.
രണ്ടു കൊല്ലം മുമ്പ് അയാളെന്നെ വീട്ടില്‍ കൊണ്ടാക്കുമ്പോള്‍ ഞങ്ങള്‍ പിരിയുകയാണെന്നു ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. അതിനു എനിക്ക് കഴിയുമായിരുന്നില്ല. അയാളെ പിരിഞ്ഞൊരു ജീവിതം അസാധ്യമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എനിക്കയാളോടുള്ള വികാരം സ്‌നേഹമല്ലെന്നും അടിമക്ക് ഉടമയോടു തോന്നുന്ന വിധേയത്വം ആണെന്നും വീട്ടില്‍ പോയി സ്റ്റോള്‍ക്‌ഹോം സിന്‍ഡ്രോം നെ കുറിച്ച് നന്നായി വായിക്കണമെന്നും, എല്ലാ ഡിബേറ്റിലും ഒന്നാം സ്ഥാനം വാങ്ങിയിരുന്ന എന്നെ തര്‍ക്കിച്ചു തോല്‍പ്പിച്ചു പറഞ്ഞു തന്നത് ഒരു സുഹൃത്താണ്.

പറഞ്ഞു വന്നത്, ‘ഇവളെ പോലെ ഒരു ഭാര്യയെ എനിക്ക് വേണ്ടാ’ എന്നയാള്‍ മേശപ്പുറത്തടിച്ചു ആക്രോശിക്കുമ്പോഴും എന്റെ അച്ഛനും അമ്മയ്ക്കും എന്താണ് പ്രശ്‌നം എന്ന് പോലും അറിയില്ലായിരുന്നു. തിരിച്ചു പോകും വഴി ‘ഇനിയെങ്കിലും നീ പറയണം’ എന്ന് കെഞ്ചിയ അവരോടു, മൂന്നാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട കഥയുള്‍പ്പെടെ പറഞ്ഞു കഴിഞ്ഞിട്ടും ‘ഒക്കെ ശെരിയാകും എനിക്ക് തിരിച്ചു പോകണം’ എന്നാണു ഞാന്‍ പറഞ്ഞത്. അന്ന് എന്റെ അച്ഛനും അമ്മയും എടുത്ത നിലപാടാണ് ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കുന്നതിന് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
എനിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു. എന്റെ മുന്‍ ഭര്‍ത്താവും വീട്ടുകാരും വ്യത്യസ്തരായിരുന്നില്ല. തന്‍ കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളായി തന്നെയാണ് എന്റെ അച്ഛനമ്മമാര്‍ എന്നെ വളര്‍ത്തിയത്. എന്നിട്ടും 25 കാരിയായ എനിക്ക് ചിന്തിക്കാനും അടിമച്ചങ്ങല പൊട്ടിക്കാനും കഴിഞ്ഞില്ലെങ്കില്‍ 22 വയസ്സുള്ള ആ പെണ്‍കുട്ടിക്കു സംഭവിച്ചതില്‍ ഞാന്‍ എങ്ങനെ അത്ഭുതം കൂറും?

നമ്മുടെ പെണ്‍കുട്ടികളോട് അവരുടെ ജീവിത സാക്ഷാത്ക്കാരം വിവാഹവും അമ്മയാകലും ആണെന്നും വിവാഹമോചനം എന്നത് ഏഴാം നരകത്തിലും കീഴെയാണെന്നും ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഭര്‍ത്താവും അച്ഛനും ചേട്ടനും അനിയനും സുഹൃത്തും ഒന്നും അവരുടെ ഉടമകള്‍ അല്ലെന്നു പറയണം. നന്നായി പഠിക്കാനും വായിക്കാനും പറയണം. അവരുറക്കെ ചിരിച്ചാല്‍, ചൂളമടിച്ചാല്‍ ഭൂലോകം കീഴ്‌മേല്‍ മറിയില്ലെന്നു പറയണം. നന്നായി പാടാനും നൃത്തം ചെയ്യാനും യാത്ര ചെയ്യാനും പ്രണയിക്കാനും പറയണം. സ്വന്തത്ര്യം ആണ് അഖിലസാരമൂഴിയില്‍ എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞു തലയില്‍ കയറ്റണം. അവരെ മനുഷ്യരെല്ലാം സമന്മാരാണെന്നും പഠിപ്പിക്കണം.
വിവാഹമോചനത്തിലൂടെ കടന്നു പോകുമ്പോള്‍ എഴുതിയ ഒരു പോസ്റ്റിന്റെ ഭാഗങ്ങള്‍ കൂടിയുണ്ട് ചുവടെ ; അന്ന് ‘എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ’ എന്ന് ചോദിച്ചു വന്ന ഒരു ടീമിനെ കാരണം പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.

. . . ‘എന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഞാന്‍ അനുഭവിച്ച പീഡനം മുഴുവന്‍ അറിയാമായിരുന്നു. ഒരു ദിവസം അവര്‍ക്കൊന്നു വന്നു കൂട്ടാമായിരുന്നു എന്നെ വീട്ടിലേക്ക്’ ഒരു ചേച്ചി തന്റെ 20 വര്ഷം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ചേച്ചിക്ക് വേണ്ടി, ചേച്ചിയെ പോലെ അനുഭവ കഥകളായിപ്പോയ ഒരുപാട് പേര്‍ക്ക് വേണ്ടി, ഇനിയും കഥകളാകാന്‍ വിധിക്കപ്പെട്ടവര്‍ക്കു വേണ്ടി, അങ്ങനെയാകില്ല എന്ന് വാശിയുള്ള മിടുക്കികള്‍ക്ക് വേണ്ടി, കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്.

അച്ഛനമ്മമാരോട്, മക്കളുടെ ഏറ്റവും വലിയ ആശ്രയവും ധൈര്യവും നിങ്ങളാണ്. സമൂഹത്തിന്റെ നാവിനെ പേടിച്ചു അവരെ ഗ്യാസ് സ്റ്റോവിന്റെ തീയിനും പ്രഷര്‍ കുക്കറിന്റെ പൊട്ടിത്തെറികള്‍ക്കും വിട്ടു കൊടുക്കാതിരിക്കുക.

കല്യാണം കഴിഞ്ഞതില്‍ പിന്നെ അവനു അമ്മയെ വേണ്ടെന്നു പറയുന്ന, അവനു മൂന്നരക്കോടി വരെ സ്ത്രീധനം തരാമെന്നു പലരും പറഞ്ഞതാണ് എന്ന് പറയുന്ന അമ്മായിയമ്മമാരോട്, മൂന്നു നേരം അവനാഹാരം ഉണ്ടാക്കി കൊടുക്കാനാണ് അവനെ കൊണ്ടൊരു കല്യാണം കഴിപ്പിച്ചതെന്നും, ഭര്‍ത്താവിനെ ‘ചേട്ടാ’ എന്നല്ലാതെ വിളിച്ചാല്‍ നാവു ചവിട്ടിപിഴുതു കളയും എന്നും പറയുന്ന അമ്മായിയപ്പന്മാരോട്, ഫെമിനിസം ഒക്കെ പടിക്കു പുറത്തു വച്ച് അവന്റെ മുന്നില്‍ പട്ടിയെ പോലെ നില്‍ക്കണം എന്ന് പറയുന്ന നാത്തൂന്മാരോട്, അവനെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കും എന്ന് അഭിമാനത്തോടെ വിളംബരം ചെയ്യുന്ന ബന്ധു മിത്രാദികളോട്… ഓ… നിങ്ങളോടൊക്കെ എന്ത് പറയാനാണ്.. എന്ത് പറഞ്ഞിട്ടെന്താണ്… (എത്രപേര്‍ ഇങ്ങനെ പറയുന്നുണ്ട് എന്നറിയില്ല. എന്നോട് പറഞ്ഞിട്ടുണ്ട്.)

അവരോടൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും തോന്ന്യാസം മാത്രം കൈമുതലായ കണവനോട് എന്തെങ്കിലും ചോദിച്ചു പോയാല്‍, ‘ഞാനെനിക്ക് തോന്നിയ പോലെ ജീവിക്കും. അതൊക്കെ ചോദ്യം ചെയ്താല്‍ മോള് മോളുടെ വീട്ടിലിരിക്കും. എടുക്കെടി പട്ടി നിന്റെ പെട്ടി’ എന്ന് പറഞ്ഞാല്‍ ‘ ചേട്ടനല്ലാതെ എനിക്കാരും ഇല്ലായെ’ എന്ന് പറഞ്ഞു അവന്മാരുടെ കാലില്‍ വീണു കേഴാതിരിക്കാനുള്ള മിനിമം ധൈര്യം എങ്കിലും നമ്മള്‍ പെണ്ണുങ്ങള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ സ്വന്തം അസ്തിത്വം പണയം വച്ച്, ആത്മാഭിഭാനത്തെ പൊന്തകക്കാട്ടിലെറിഞ്ഞു ചിരി മറന്നു ജീവിക്കാം. ആദ്യം വേണ്ടത് നല്ല വിദ്യാഭാസം ആണ്. പിന്നെ തൊഴിലും. നന്നായി പഠിക്കുക. സ്വയം പര്യാപ്തരാകുക. സഹനവും ക്ഷമയും സ്‌നേഹവും ഒക്കെ വേണം. അര്‍ഹിക്കുന്നവരോട്.

ഇനി ഇന്നല്ലെങ്കില്‍ നാളെ ഭര്‍ത്താക്കന്മാര്‍ ആകാന്‍ പോകുന്ന എല്ലാ പൂംക്രിതികാമന്മാരോടും.. നരസിംഹത്തില്‍ മോഹന്‍ലാല്‍ പറയുന്ന പോലെ വെള്ളമടിച്ചു വന്നു തൊഴിക്കാനും കര്‍ക്കിടക മഴയില്‍ കെട്ടിപ്പിടിച്ചു കിടക്കാനും നിന്നെയൊക്കെ കുഴിയിലോട്ടെടുക്കുകമ്പോ കരയാനും ഉള്ളതല്ല പെണ്ണ്. അവള്‍ക്കു നിങ്ങളുടെ ഭാര്യ എന്നതിലുപരി ഒരസ്തിത്വമുണ്ട്. വ്യക്തിത്വമുണ്ട്. സര്‍വ്വോപരി സ്വപ്നങ്ങളുണ്ട്. അത് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പങ്കുവയ്ക്കാനും കഴിയില്ലെങ്കില്‍ ഈ പണിക്കു ഇറങ്ങരുത്. പെണ്‍കുട്ടികളെ അവരുടെ പാട്ടിനു വിട്ടേക്കുക.
സമൂഹത്തോട്, നിങ്ങള്‍ അഹങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും പോക്കുകേസെന്നും ഒക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന പെണ്ണുങ്ങളില്ലേ, നിങ്ങളുടെയൊക്കെ പിഴച്ച നാക്കിനു മുന്നില്‍ തോല്‍ക്കാതെ തലയുയര്‍ത്തിപ്പിടിച്ചു ജീവിക്കുന്ന തന്റേടികള്‍. .. ഒരു ദിവസമെങ്കിലും അവരുടെ ജീവിതം ഒന്ന് ജീവിച്ചു നോക്കണം, അപ്പോഴറിയാം വെയിലൊന്നേറ്റാല്‍ വാടുന്ന നിങ്ങളുടെ മുന്നിലൂടെ അവള്‍ ആടിത്തീര്‍ത്ത അഗ്‌നിക്കാവടികളുടെ പൊള്ളലുകള്‍.
എന്ന്,
ആണും പെണ്ണും തുല്യരാവുന്ന സമത്വ സുന്ദര ലോകം സ്വപ്നം കാണുന്ന ഒരു ഫെമിനിച്ചി .

https://www.facebook.com/gaadha.madhav/posts/10212672194102260

shortlink

Related Articles

Post Your Comments

Related Articles


Back to top button