ArticleLatest News

രാഹുൽ ഗാന്ധിയുടെ ആസ്തി ബാധ്യതകൾ വയനാട്ടിൽ ചർച്ച ചെയ്യപ്പെടും : പത്ത് വര്‍ഷം കൊണ്ട് രാഹുലിന്റെ ആസ്തി കൂടിയത് 1600 ഇരട്ടി: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

രാഹുൽ ഗാന്ധിയുടെ വരുമാനം, ചില സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ , വലിയതോതിൽ ആസ്തി വർധിച്ചത് എന്നിവയൊക്കെ നാളെകളിൽ കേരളവും ചർച്ച ചെയ്യാൻ പോവുകയാണ്. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്വാഭാവികമായും തന്റെ ആസ്തി ബാധ്യതകൾ അദ്ദേഹത്തിന് ബോധിപ്പിച്ചേ പറ്റൂ. കഴിഞ്ഞ തവണ, അതായത് 2014 -ൽ, തിരഞ്ഞെടുപ്പ് സമയത്ത് സമ്പർപ്പിച്ച കണക്കുകൾ സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് എന്നതാണ് പിന്നീട് പുറത്തുവന്ന വാർത്തകൾ. ടിവി ചാനലുകളും ചില ഓൺലൈൻ മാധ്യമങ്ങളും അത് ലോകത്തിന് മുന്നിലെത്തിച്ചു കഴിഞ്ഞു. അതൊക്കെ എങ്ങനെയാവും രാഹുൽ കണക്കിൽ പെടുത്തുക എന്നതാണവും ഇത്തവണ ശ്രദ്ധിക്കപ്പെടുക. രാഹുലിനെ കണക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വേണ്ടുന്ന ഇടപെടലുകൾ നടത്തുമെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പത്രിക പരിശോധന വേളയിൽ ഡൽഹിയിൽ നിന്നും ആരെങ്കിലുമൊക്കെ ബിജെപിയെ പ്രതിനിധീകരിച്ച് എത്തുമെന്ന് സൂചനകളുണ്ട്.

2004, 2009, 2014 എന്നീ തിരഞ്ഞെടുപ്പുകളിൽ രാഹുൽ സമർപ്പിച്ച ആസ്തി ബാധ്യതാ കണക്കുകൾ ഇപ്പോൾ പൊതു മണ്ഡലത്തിലുണ്ട്. അത് തന്നെ കള്ളക്കണക്കുകൾ ആണ് എന്നതാണ് ബിജെപി ആരോപിക്കുന്നത്. അതിനുള്ള കാരണങ്ങൾ അവർ നിരത്തുന്നുമുണ്ട്. 2004-ൽ വെറും 55 ലക്ഷമായിരുന്നു രാഹുലിന്റ്റെ ആസ്തിയെങ്കിൽ അത് 2014 -ൽ ഒൻപത് കോടിയായി വർധിച്ചു. 2009 -ലെ കണക്ക് പ്രകാരം അത് രണ്ട്‌ കോടിയോളമായിരുന്നു; അതായത് വെറും പത്ത് വര്ഷം കൊണ്ട് വരുമാനത്തിൽ ആസ്തിയിൽ കോടികളുടെ വർധനവുണ്ടായി; ഏതാണ്ട് 1600 ശതമാനം വർധന. എംപി എന്ന നിലക്കുള്ള വരുമാനം മാത്രമായുള്ള രാഹുലിന് അത് എങ്ങിനെ സാധ്യമായി?. രാജ്യം അറിയേണ്ടുന്ന കാര്യമാണ്. എന്നാൽ അത് 2019 ൽ എത്തുമ്പോൾ ഇതിനേക്കാൾ എത്രയോ കൂടുതലാവും.

ഇവിടെ ഓർക്കേണ്ടത്, നാഷണൽ ഹെറാൾഡ് കേസിലെ കണ്ടെത്തലുകളും കോടതിവിധികളുമാണ്. നാഷണൽ ഹെറാൾഡിൽ 2011-12 ൽ രാഹുലും അമ്മയും ഏതാണ്ട് 155 കോടി വരുമാനം മറച്ചുവെച്ചു എന്നതാണ് കേസ്, അത് ആദായ നികുതി അധികൃതർ കണ്ടെത്തി; നൂറ്‌ കോടി പിഴയുമിട്ടു. ആ കേസിൽ ദൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പോലും രാഹുലിന് എതിരായ വിധിയാണ് ഉണ്ടായത്. അതിന്മേൽ അപ്പീൽ സമർപ്പിച്ചുവെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. അതായത് ഇന്നത്തെ നിലക്ക് ആ 155 കോടിയുടെ വരുമാനവും കണക്കിൽ പെടുത്താതെ പറ്റില്ല; മാത്രമല്ല ഇതുവരെ അടക്കാത്ത ആദായ നികുതി, നൂറ് കോടി, മറച്ചുവെക്കാനും കഴിയില്ല. അതായത്, സർക്കാരിലേക്കുള്ള ബാധ്യതയായി നൂറ് കോടി കാണിക്കേണ്ടിവരും. ‘പാവപ്പെട്ടവരുടെ പടത്തലവൻ’ എന്ന് കുറച്ചുമുമ്പ് ഡൽഹിയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പ്രസംഗിച്ച രാഹുലിന്റെ യഥാർഥ സ്വത്തുവിവരങ്ങൾ പുറത്തറിയുമെന്നർത്ഥം.

വേറെ ചിലതും പുറത്തുവരുന്നുണ്ട്. ടു ജി സ്പെക്ട്രം തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ യൂണിടെക്ക് -മായി രാഹുലിനുള്ള ബന്ധമാണ്. അവരിൽ നിന്ന് രണ്ട് കെട്ടിടങ്ങൾ ( ബില്ഡിങ്സ്) രാഹുൽ വാങ്ങിയിട്ടുണ്ട്. എന്നാൽ ഏറെ രസകരം, ഈ തട്ടിപ്പ് സംബന്ധിച്ച അന്വേഷണങ്ങൾ നടക്കുമ്പോഴാണ് രാഹുൽ ആ സ്ഥാപനവുമായി ഇടപാടുകൾ നടത്തിയത് എന്നതാണ്. സിബിഐയും പാർലമെന്ററി സമിതിയും അന്വേഷിക്കുമ്പോൾ പിൻവാതിലിലൂടെ രാഹുൽ ഇടപാട് നടത്തി എന്നതല്ലേ അത് കാണിക്കുന്നത്. പിന്നെ, അതിനുള്ള പണം എവിടെനിന്ന് കിട്ടി, അത് എത്രയായിരുന്നു …… അത് മാത്രമല്ല, അതിനിടെ അതെ സ്ഥാപനം രാഹുലിന് കൃത്യമായി പണം തിരിച്ചും കൊടുക്കുന്നുമുണ്ട്. രാഹുൽ വാങ്ങിക്കുന്ന ആ പണത്തിന്റെ തോത് ഓരോ വർഷവും വൻ തോതിൽ വർധിച്ചിരിക്കുന്നു എന്നതും അധികൃതർ കണ്ടെത്തിയിട്ടുണ്ട് . എന്തിന്റെ പേരിലാണ് യൂണിടെക്ക് രാഹുലിന് പ്രതിമാസമെന്നോണം പണം നൽകിയത്; എന്തെങ്കിലും നിക്ഷേപത്തിന്മേലുള്ള പലിശയാണോ; എങ്കിൽ നിക്ഷേപം എത്ര, അതിനുള്ള പണം എവിടെനിന്ന് കിട്ടി, അതിന്റെ ശ്രോതസ്സ് ….. ഇതൊക്കെ രാഹുലിനെ വേട്ടയാടുന്നുണ്ട്. തീർച്ചയായും അതും ഇവിടെ നാമനിർദ്ദേശ പത്രിക സൂക്ഷമ പരിശോധനാവേളയിൽ ഉയർന്നുവന്നില്ലെങ്കിലേ അതിശയമുള്ളൂ.

2004- ലെ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച കണക്കിൽ ബാക്ഡ്രോപ് എന്ന കമ്പനിയെക്കുറിച്ചും അതിലെ രാഹുലിനെ താല്പര്യത്തെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. കമ്പനിയിൽ രാഹുലിന് 83 % ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. 2009 ആയപ്പോൾ ആ കമ്പനി കണക്കിലില്ല; എന്നാൽ ആ 83 % ഓഹരി എന്തായി, അതിന്റെ കണക്ക് എവിടെ എന്നതും രാഹുലിനെ തുറിച്ചുനോക്കുന്നു. മറ്റൊന്ന് 2004- ലെ കണക്കുകൾ പ്രകാരം രാഹുലിന് 55. 38 ലക്ഷത്തിന്റെ ആസ്തിയുണ്ട്; ബാധ്യതകൾ ഒന്നുമില്ലായിരുന്നു. 2009- ൽ ഡൽഹിയിലെ ഒരു മാളിൽ അദ്ദേഹം രണ്ടു കടകൾ വാങ്ങിയിട്ടുണ്ട്. അതിന്റെ വില കാണിക്കുന്നത് 1,63,95,111 എന്നാണ്. എംപി എന്നതൊഴിച്ചാൽ വേറെ വരുമാനമില്ലാത്ത രാഹുലിന് എവിടെനിന്ന് ഈ പണം ലഭിച്ചു?. ആ രണ്ട്‌ മുറികൾ വാടകക്ക് നൽകിയാൽ കിട്ടുന്ന പണത്തിന് ഒരു കണക്കുണ്ടല്ലോ; അതിനപ്പുറം എന്ത് വരുമാനമാണ് അദ്ദേഹത്തിനുള്ളത്?. എച്ച് എൽ പാഹ്വാ എന്ന വിവാദനായകനിൽ നിന്ന് വസ്തുവാങ്ങിയതും മറ്റും കോൺഗ്രസ് ഇതിനകം സമ്മതിച്ചിട്ടുണ്ട്. അതിന്റെ രേഖകൾ പുറത്തുവന്നുകഴിഞ്ഞു. സഞ്ജയ് ഭണ്ഡാരി എന്ന ദല്ലാളുമായുള്ള അടുപ്പവും ബന്ധവുമൊക്കെയും ചർച്ചചെയ്യപ്പെടുന്നുണ്ട്.

ഇതിനൊക്കെ പുറമെയാണ് അനവധി കേസുകൾ …… ആഗസ്റ്റ വെസ്റ്റ്ലാൻഡ് തട്ടിപ്പിൽ ഇതിനകം പലതും പുറത്തുവന്നിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് മുന്നിലും മാപ്പ് സാക്ഷി എന്ന നിലക്ക് ചിലർ കോടതി മുന്പാകെയുംനൽകിയ മൊഴികളുണ്ട്. അതിൽ സോണിയ പരിവാറിനെ പരാമർശിച്ചത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. മാപ്പ് സാക്ഷിയായവർ നൽകിയ രഹസ്യ മൊഴി എന്താണ് എന്നത് വ്യക്തമല്ല. ബോയിങ് തട്ടിപ്പ് സംബന്ധിച്ച് അമേരിക്കയിൽ അന്വേഷണം നടക്കുന്നുണ്ട്; അതിലും ചില ഇറ്റാലിയൻ ബന്ധങ്ങൾ കാണുന്നു എന്നാണ് കേൾക്കുന്നത്. അതിൽ ആർക്കെങ്കിലും പണം കൊടുത്തതായി വന്നിട്ടുണ്ടെങ്കിൽ ഇത്തവണ തിരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം രസകരവും സംഭവ ബഹുലവുമാവും എന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button