ചപ്പാത്തിക്കൊപ്പം നന്നായി മൊരിയിച്ചെടുത്ത മുട്ട റോസ്റ്റ് വളരെ രുചികരമായിരിക്കും. അത് എങ്ങനെയുണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മുട്ട – 4 പുഴുങ്ങിയത്
പച്ചമുളക് – 8
സവാള – 4 അരിഞ്ഞത്
തക്കാളി – 2 അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 5 അല്ലികള്‍
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
ഗരം മസാലപ്പൊടി – 1 ടീ സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ പാനില്‍ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായിക്കഴിഞ്ഞാല്‍ നേരത്തേ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. ചേരുവകള്‍ വഴന്നു വരുമ്പോഴേക്കും ഉപ്പ് ചേര്‍ക്കാം.
ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് തക്കാളിയും കൂടി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. അടുത്തതായി പൊടികള്‍ എല്ലാം ചേര്‍ക്കുക. പൊടികള്‍ നന്നായി മൂത്തുവരുമ്പോഴേക്കും പുഴുങ്ങിയ മുട്ട ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റ് അടച്ചുവച്ച് വേവിക്കുക.
അഞ്ചു മിനിറ്റിനു ശേഷം അടപ്പു തുറന്നു മുട്ട അരപ്പുമായി നന്നായി ഇളക്കിച്ചേര്‍ക്കുക. എരിവുള്ള നല്ല നാടന്‍ മുട്ട റോസ്റ്റ് തയ്യാര്‍. ചൂടോടെ വിളമ്പാം. അപ്പത്തിന്റെയും ചോറിന്റെയും ചപ്പാത്തിയുടെയുമൊക്കെ കൂടെ കഴിക്കാന്‍ കിടിലനാണ് നമ്മുടെ മുട്ട റോസ്റ്റ്.
Post Your Comments