ദമ്മാം•സിവിൽ എഞ്ചിനീറിങ് ബിരുദധാരിയായ മലയാളി വനിത, കുടുംബപ്രാരാബ്ധം മൂലം സൗദി അറേബ്യയിൽ വീട്ടുജോലിയ്ക്ക് എത്തി, മോശം ജോലി സാഹചര്യങ്ങളിൽ വലഞ്ഞു നിയമക്കുരുക്കുകളിൽ പെട്ട് ദുരിതത്തിലായി. വനിതാ അഭയകേന്ദ്രത്തിലെ ഏറെ കാത്തിരിപ്പിന് ഒടുവിൽ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി സൗമ്യയെന്ന 26കാരിയാണ് , ചെറിയ പ്രായത്തിൽ തന്നെ, കുടുംബത്തെ പോറ്റാനായി പ്രവാസലോകത്തെത്തി, ദുരിതത്തിലായത്. 35 വയസ്സിൽ താഴെ ഉള്ളവർ സൗദിയിൽ വീട്ടുജോലിയ്ക്ക് എത്താൻ നിയമതടസ്സം ഉണ്ടായിട്ടും, മനുഷ്യക്കടത്ത് ലോബിയാണ് ഒരു റിക്രൂട്ട്മെന്റ് ഏജൻസിയുടെ മറവിൽ അവരെ സൗദിയിൽ എത്തിച്ചത്.
സിവിൽ എഞ്ചിനീയർ ആയ സൗമ്യ നാട്ടിൽ തുശ്ചവരുമാനത്തിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയ സൗമ്യ, അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമായിരുന്നു താമസം. അപ്പോഴാണ് ഒരു റിക്രൂട്ട്മെന്റ് ഏജൻസി സൗദിയിൽ 1500 റിയാൽ ശമ്പളം കിട്ടുന്ന വീട്ടുജോലിയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സൗമ്യയെ സമീപിച്ചത്. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിയ്ക്കുകയും, ജീവിതത്തിൽ സ്വയംപര്യാപ്തത കൈവരിയ്ക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്ത്, സൗമ്യ ആ ജോലിവാഗ്ദാനം സ്വീകരിച്ചു.
സൗദിയിൽ ഓഫീസ് ജോലിയ്ക്കാണ് പോകുന്നതെന്ന് അമ്മയെയും വീട്ടുകാരെയും വിശ്വസിപ്പിച്ച്, സൗമ്യ റിയാദിൽ ഒരു സൗദി ഭവനത്തിൽ രണ്ടു വർഷം മുൻപ് ജോലിയ്ക്ക് എത്തി. ആ വീട്ടിൽ വളരെ മോശമായ ജോലി സാഹചര്യങ്ങളാണ് സൗമ്യയ്ക്ക് നേരിടേണ്ടി വന്നത്. ഒരു വർഷം അവിടെ ജോലി ചെയ്ത സൗമ്യ, അവിടത്തെ മാനസിക പീഢനം സഹിയ്ക്കാൻ വയ്യാതെ, ഏജൻസിയുടെ സഹായത്തോടെ അവിടത്തെ ജോലി മതിയാക്കി, ദമ്മാമിലെ മറ്റൊരു വീട്ടിൽ ജോലിയ്ക്ക് എത്തി. പുതിയ സ്പോൺസർ നല്ല മനുഷ്യനായിരുന്നു. ശമ്പളം കൃത്യമായി കൊടുക്കുമായിരുന്നു.എന്നാൽ ആ വീട്ടിലെ സ്ത്രീകളിൽ നിന്നും മോശമായ പെരുമാറ്റമാണ് ഏൽക്കേണ്ടി വന്നത് എന്ന് സൗമ്യ പറയുന്നു. അവരുടെ ദേഹോപദ്രവം സഹിയ്ക്കാൻ വയ്യാതെ സൗമ്യ നാട്ടിലെ കുടുംബത്തെ വിവരമറിയിച്ചു.
ഇതിനിടെ സൗമ്യ ആ വീട്ടിൽ നിന്നും പുറത്തു കടന്ന് പോലീസ് സ്റ്റേഷനിൽ പോയി സഹായം അഭ്യർത്ഥിച്ചു. പോലീസുകാർ സൗമ്യയെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു.
സൗമ്യയെപ്പറ്റി ഒരു വിവരവും കിട്ടാത്ത വീട്ടുകാർ സാമൂഹ്യപ്രവർത്തകൻ ഷാജി വയനാടിനെ ബന്ധപ്പെട്ട് സൗമ്യയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. ഷാജി ഈ കേസ് നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടന് കൈമാറുകയായിയിരുന്നു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും നടത്തിയ അന്വേഷണത്തിന് ഒടുവിൽ ദമാം വനിതാ അഭയകേന്ദ്രത്തിൽ സൗമ്യയെ കണ്ടെത്തി, വിവരം വീട്ടുകാരെ അറിയിച്ചു. മഞ്ജു സൗമ്യയുടെ സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും, നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാനുള്ള നിയമനടപടികൾ തുടങ്ങുകയും ചെയ്തു.
മഞ്ജു സൗമ്യയുടെ സ്‌പോൺസറെ വിളിച്ചു സംസാരിച്ചെങ്കിലും, ആദ്യമൊന്നും സഹകരിയ്ക്കാൻ അയാൾ തയ്യാറായില്ല. നിരന്തരമായ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിൽ സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകാമെന്ന് സമ്മതിച്ചു. മഞ്ജു നേരിട്ട് സ്‌പോൺസറുടെ വീട്ടിൽ ചെന്ന്, സൗമ്യയുടെ സാധന സാമഗ്രികൾ ഒക്കെ എടുത്തു കൊണ്ടുവന്ന് കൊടുത്തു.
എങ്കിലും അഭയകേന്ദ്രത്തിൽ വരാതെ സ്പോൺസർ സമയം നീട്ടികൊണ്ടു പോയി. ഒടുവിൽ മഞ്ജു ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ സൗമ്യയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുത്തു. സൗമ്യയുടെ വീട്ടുകാരുടെ നിർദ്ദേശപ്രകാരം നാട്ടുകാരായ പ്രസാദ്, വേണു എന്നീ പ്രവാസികൾ വിമാനടിക്കറ്റ് സൗജന്യമായി നൽകി.
മഞ്ജു പെട്ടെന്ന് തന്നെ വനിത അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി. എല്ലാവർക്കും നന്ദി പറഞ്ഞു സൗമ്യ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments