തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം മുടങ്ങി. ഓഫീസര്‍മാര്‍ക്കും എം പാനല്‍ ജീവനക്കാര്‍ക്കും തീര്‍ത്തും ശമ്പളം ലഭിച്ചില്ല. എന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രം 13000 രൂപ നല്‍കി. ശമ്പളം എന്നു വിതരണം ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.സര്‍ക്കാരിന്റെ സാമ്പത്തികസഹായം മാര്‍ച്ചില്‍ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ ഈ വര്‍ഷത്തേയ്ക്ക് അനുവദിച്ച 1000 കോടി രൂപ ഇതിനകം തീര്‍ന്നു. സ്വന്തമായി നീക്കിവച്ച വരുമാനത്തിലെ 16 കോടിയോളം രൂപ ഉപയോഗിച്ചാണ് 13000 രൂപ വീതം നല്‍കിയത്. അതിനിടെ കുടിശിക നല്‍കാത്തതിനാല്‍ ടയര്‍ നല്‍കാനാകില്ലെന്ന് സ്വകാര്യ കമ്പനി കെഎസ്ആര്‍ടിസിയെ അറിയിച്ചു. ഇതോടെ കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണവും നഷ്ടവും കൂടും. കഴിഞ്ഞ രണ്ടുമാസത്തിനിടെ ദിവസവരുമാനത്തില്‍ ശരാശരി 50 ലക്ഷം രൂപയുടെ കുറവാണുണ്ടായത്. നഷ്ടം കുറയ്ക്കാന്‍ ഇടയ്ക്ക് ഷെഡ്യൂളുകള്‍ റദ്ദാക്കുകയും ചെയ്തു.
Post Your Comments