ബെംഗളൂരു : ബംഗളൂരുവിലെ അപ്പാര്‍ട്മെന്റുകളുടെ വാട്സാപ് ഗ്രൂപ്പില്‍ ജലസംരക്ഷണം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. കുളി, ശുചിമുറി ഉപയോഗം, ഷേവിങ്, വാഹനം കഴുകല്‍ എന്നിവയിലാണ് വെള്ളം നിയന്ത്രണമില്ലാതെ പാഴാകുന്നതെന്നാണ് പ്രധാന കണ്ടെത്തല്‍. ബക്കറ്റും കപ്പും ഉപയോഗിക്കുന്നത് വെള്ളം പാഴാകുന്നത് തടയാന്‍ ഉപകരിക്കുമെന്നാണ് കണ്ടെത്തല്‍. വിവിധ അപ്പാര്‍ട്മെന്റുകളുടെ വാട്സാപ് ഗ്രൂപ്പുകള്‍ പങ്കുവച്ച പ്രായോഗിക നിര്‍ദേശങ്ങള്‍
കുളി ഷവര്‍ ഉപയോഗിച്ചുള്ള കുളി ധാരാളിത്തമാണ്. കുറഞ്ഞത് 50 ലീറ്റര്‍ വെള്ളം ചെലവാകും. ഇതു ബക്കറ്റിലാക്കിയാല്‍ 18-20 ലീറ്ററില്‍ കുളി തീര്‍ക്കാം. ബാത്ടബ്ബുകളിലെ കുളിയും ചൂടുകാലം കഴിയും വരെ ഒഴിവാക്കാം.
ശുചിമുറി ഒറ്റത്തവണ ഫ്ലഷ് ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് 20 ലീറ്റര്‍. വെള്ളം ബക്കറ്റില്‍ പിടിച്ചുപയോഗിച്ചാല്‍ 6-8 ലീറ്റര്‍ മതിയാകും. 12 ലീറ്റര്‍ ലാഭിക്കാം. മൂത്രമൊഴിച്ച ശേഷവും ഫ്ലഷ് പ്രവര്‍ത്തിപ്പിക്കുന്നതു വലിയ ജലനഷ്ടമുണ്ടാക്കുന്നു. പകരം 4-5 കപ്പ് വെള്ളമൊഴിക്കാം.
ടാപ്പ് ഉപയോഗം ടാപ്പ് തുറന്നിട്ടു തുണികഴുകിയാല് 100 ലീറ്ററിലധികം ചെലവാകുമ്പോള്‍, ബക്കറ്റില്‍ പിടിച്ചുവച്ച ശേഷം കഴുകിയാല്‍ 40-45 ലീറ്റര്‍ വെള്ളം മതിയാകും. അമിതമായി സോപ്പുപൊടി വേണ്ട. പല്ലു തേക്കാനും ഷേവ് ചെയ്യാനും ടാപ്പ് തുറന്നിടുന്ന ശീലം ഒഴിവാക്കാം.
വാഹനം കഴുകല്‍ ഹോസ് (പൈപ്പ്) ഉപയോഗിച്ച് കഴുകാന്‍ കുറഞ്ഞത് 80-100 ലീറ്റര്‍ വെള്ളം വേണ്ടിവരും. ബക്കറ്റില്‍ പിടിച്ചാല്‍ പരമാവധി 15-20 ലീറ്റര്‍ വെള്ളം മതിയാകും. എല്ലാ ദിവസവും വാഹനം കഴുകുന്നതൊഴിവാക്കുക. വാഹനങ്ങള്‍ കവറിട്ടു മൂടിയാല്‍ അടിക്കടി കഴുകേണ്ടതില്ല.
ചെടി നനയ്ക്കാന്‍ പൈപ്പുപയോഗിച്ച് ചെടി നനയ്ക്കുന്നത് ഒട്ടേറെ വെള്ളം പാഴാക്കും. പകരം ബക്കറ്റും കപ്പും ഉപയോഗിക്കുക. അപ്പാര്‍ട്മെന്റുകളിലെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള വെള്ളം ചെടി നനയ്ക്കാന്‍ ഉപയോഗിക്കാം. വലിയ പൂന്തോട്ടമുള്ളവര് സ്പ്രിങ്ക്ളര്‍ ഉപയോഗിച്ചാല്‍ നാലിലൊന്നു വെള്ളം മതിയാകും.
പാത്രം കഴുകല്‍ ഭക്ഷണം കഴിക്കാനെടുക്കുന്ന പാത്രങ്ങളുടെ എണ്ണവും മനസ്സുവച്ചാല്‍ കുറയ്ക്കാം. ചോറിനും കറികള്‍ക്കുമെല്ലാം വെവ്വേറെ പാത്രം വേണ്ടെന്നു വയ്ക്കാം.
Post Your Comments