![](/wp-content/uploads/2018/12/childabuse.jpg)
കൊച്ചി: അയൽക്കാർ തമ്മിൽ തുണിവിരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കലാശിച്ചത് ഒൻപത് വയസുകാരന്റെ കാൽ തല്ലിയൊടിക്കുന്നതിൽ. സംഭവത്തിൽ ഇടതുകാലിന് പൊട്ടലും തുടയ്ക്കും നട്ടെല്ലിനും പരിക്കുമേറ്റ കുട്ടി കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുട്ടിയെ ഞായറാഴ്ച രാവിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും വേദന കൂടിയതോടെ കരുവേലിപ്പടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന കുട്ടിയെ ഴിയിൽവെച്ച് അയൽപക്കത്തെ രഞ്ജിത്ത് (25) എന്ന യുവാവും സുഹൃത്ത് ഷാരോണും (23) ചേർന്ന് വിളിച്ചു. ഇവർ മദ്യലഹരിയിലാണെന്ന് മനസ്സിലായതോടെ കുട്ടി വീട്ടിലേക്ക് നടക്കുകയും എന്നാൽ പിന്നാലെ എത്തിയ യുവാക്കൾ കുട്ടിയെ പിടികൂടുകയുമായിരുന്നു. കുട്ടിയെ പിന്നിൽനിന്ന് കീഴ്‌പ്പെടുത്തിയ അക്രമികൾ തല കാലുകൾക്കിടയിൽ വെച്ച് പൂട്ടിയ ശേഷം മർദിച്ച് അവശനാക്കി. ഒടുവിൽ നടന്ന് വീട്ടിലെത്തിയ കുട്ടിയെ വേദന കലശലായതിനെ തുടർന്ന് രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അതുകൊണ്ടും അക്രമികൾ അടങ്ങിയില്ല. കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് അക്രമികളുടെ സുഹൃത്തുക്കൾ കുട്ടിയുടെ വീട്ടിൽ കയറി ഭീഷണി മുഴക്കിയിരിക്കുന്നത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മാത്രമാണ് ഈ വീട്ടിലുള്ളത്. അച്ഛൻ ഉപേക്ഷിച്ചു പോയതോടെ അമ്മയാണ് കുട്ടികളെ നോക്കുന്നത്.
Post Your Comments