ഇടുക്കി : ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ മൂത്രസഞ്ചിയില്‍ സുഷിരം വീണു , പരാതിയുമായി പ്രവാസിയായ വീട്ടമ്മ രംഗത്ത്. യൂറിന്‍ ബ്ളാഡറിന്റെ താഴ്ഭാഗത്ത് മൂന്നു സെന്റീമീറ്ററിലധികം വ്യാസമുള്ള ദ്വാരമാണ് ഉണ്ടായിരിക്കുന്നത്. രാജാക്കാട് മമ്മട്ടിക്കാനം കാപ്പില്‍ ജോസിന്റെ ഭാര്യ മോന്‍സി (44)യാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവാസിയായിരുന്ന ഇവര്‍ വയര്‍ വേദനയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അടിമാലി ഗവ. താലൂക്ക് ആശുപത്രിലായിരുന്നു ശസ്ത്രക്രിയ. കുരുക്കള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യണമെന്ന ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പതിനാല് ദിവസം ആശുപത്രിയില്‍ കിടന്ന് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം മൂത്രം സ്വയം പുറത്തേക്കൊഴുകുവാന്‍ തുടങ്ങി. ആശുപത്രിയില്‍ മടങ്ങിയെത്തി അതേ ഡോക്ടറെ കണ്ടപ്പോള്‍ സര്‍ജറിക്കിടെ യൂറിന്‍ ബ്ളാഡറിന് തുള വീണതാണെന്നും, മാറണമെങ്കില്‍ മൂന്ന് മാസം അഡ്മിറ്റ് ആകണമെന്നും പറഞ്ഞു. തുടര്‍ന്ന് രണ്ടുമാസം ആശുപത്രിയില്‍ കിടന്നുവെങ്കിലും കുറവൊന്നും ഉണ്ടായില്ല.
മൂത്രം പോകുന്നതിനായി ട്യൂബുകള്‍ ഘടിപ്പിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് നാപ്കിനുകള്‍ ഉപയോഗിക്കേണ്ടിവന്നു. മറ്റൊരാശുപത്രിയില്‍ എത്തി സ്‌കാന്‍ ചെയ്തപ്പോള്‍ യൂറിന്‍ ബ്ളാഡറിന്റെ താഴ്ഭാഗത്ത് മൂന്നു സെന്റീമീറ്ററിലധികം വ്യാസമുള്ള ദ്വാരം ഉണ്ടായിരിക്കുന്നതായും വൃക്കകളോട് ചേര്‍ന്നുള്ള മൂന്ന് ഞരമ്പുകള്‍ മുറിഞ്ഞിട്ടുള്ളതായും വ്യക്തമായി. ഇനി ഒരു മേജര്‍ ശസ്ത്രക്രിയ കൂടി ചെയ്യാനുണ്ടെന്നും പക്ഷേ അതുകൊണ്ടും പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് ഉറപ്പില്ലെന്നുമാണ് മെഡിക്കല്‍ സംഘം പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയയിലെ പാളിച്ചക്കെതിരേ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കി കാത്തിരിക്കുകയാണ് ഇവര്‍
Post Your Comments