KeralaLatest News

വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: ലീഗിന്റെ ആശങ്ക സ്വാഭാവികമെന്ന് ചെന്നിത്തല

തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു

തിരുവനന്തപുരം: വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്ഖ്യാപനം ഇനിയും വൈകിയാല്‍ വിജയ സാധ്യതയെ ബാധിക്കുമെന്ന മുസ്ലീം ലീഗിന്റെ ആശങ്ക സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്നും അന്തിമ തീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 ല്‍ 20 സീറ്റും തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയാല്‍ വിജയ സാധ്യതയെ ബാധിക്കുമെന്നും രാഹുല്‍ മത്സരിക്കുമെങ്കിലും ഇല്ലെങ്കിലും വേഗം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ട് ലീഗ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പാണക്കാട് അടിയന്തിര നേതൃയോഗം യോഗം ചേര്‍ന്നിരുന്നു. കൂടാതെ വയനാട് സീറ്റില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് നേരിട്ട് സന്ദേശമയച്ചു.

തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന് ഉടനെ തീരുമാനിക്കണമെന്നും വരുന്നില്ലെങ്കില്‍ ഉടന്‍ മറ്റൊരാളെ കണ്ടെത്തണമെന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button