Latest NewsIndia

ന്യായ് പദ്ധതിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ശ്വേത സിങ്ങിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വാഗ്ദാനം രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ശ്വേത സിങ്ങിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി.

ആജ് തക്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആയ ശ്വേത സിങ്ങ് നോട്ടുനിരോധന സമയത്ത് പുറത്തിറക്കിയ വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ തെലങ്കാന ഘടകം തിരിച്ചടിച്ചത്.’നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ വെറുതെ കിട്ടും, എന്നാല്‍ സ്വാഭിമാനം വെറുതെ കിട്ടില്ല. നിങ്ങള്‍ക്ക് രാജ്യത്ത് തൊഴിലുകള്‍ സൃഷ്ടിക്കണോ, അതോ വെറുതെ പണം ദാനം നല്‍കണോ’ എന്നായിരുന്നു ശ്വേതയുടെ ട്വീറ്റ്.

2016ലെ നോട്ടുനിരോധന സമയത്ത് പുതിയ 2000 രൂപ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിനാല്‍ ടാക്സ് വെട്ടിക്കാനോ കള്ളപ്പണം പ്രചരിപ്പിക്കാനോ കഴിയില്ലെന്നും, ഇത്തരം നോട്ടുകള്‍ നൂറടി താഴ്ചയില്‍ പൂഴ്ത്തി വെച്ചാലും കണ്ടു പിടിക്കാന്‍ കഴിയുമെന്നും ശ്വേത സിങ്ങ് പറഞ്ഞിരുന്നു.

‘നോട്ടുനിരോധനം എന്ന അഴിമതി നടന്നപ്പോള്‍ സ്വയം അധ്വാനിച്ചുണ്ടാക്കിയ പണത്തിന് വേണ്ടി ജനങ്ങള്‍ എടിഎമ്മുകള്‍ക്ക് നിന്ന, ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ട ഒരു സമയമുണ്ടായിരുന്നു. ശ്വേതാ സിങ്ങ് ജി, അന്ന് നിങ്ങളല്ലായിരുന്നോ പുതിയ നോട്ടുകളില്‍ നാനോ ചിപ്പ് അന്വേഷിച്ച് നടന്നത്. അത് നിങ്ങള്‍ക്ക് ലഭിച്ചു എന്ന് വിശ്വസിക്കുന്നു. അതുണ്ടായിരുന്നെങ്കില്‍ നമ്മുടെ നാല്‍പ്പതു ജാവന്മാര്‍ കൊല്ലപ്പെടില്ലായിരുന്നു’- എന്നാണ് യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്

പുറത്ത് വന്ന വീഡിയോ വ്യാജമാണെന്ന് ശ്വേത സിങ്ങ് പറഞ്ഞു.ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button